ലഖ്‌നൗ: സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെ ഏറെ പ്രതിഷേധം ഉയർന്ന ലഖ്‌നൗവിലെ മർദനത്തിൽ നിലപാട് ആവർത്തിച്ച് യുവതി രംഗത്ത്. ലഖ്‌നൗ നഗരത്തിലെ നടുറോഡിൽവെച്ച് മർദനമേറ്റ ടാക്‌സി ഡ്രൈവർ ഷഹാദത്ത് അലിയും അദ്ദേഹത്തെ മർദിച്ച പ്രിയദർശിനിയുമാണ് വിവിധ മാധ്യമങ്ങളിലൂടെ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.

ടാക്‌സി ഡ്രൈവറെ മർദിച്ച സംഭവം താൻ ആത്മരക്ഷാർഥം ചെയ്തതാണെന്നാണ് യുവതിയുടെ വിശദീകരണം. 'സിഗ്‌നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞ സമയത്താണ് കാർ എന്റെ ദേഹത്ത് മുട്ടിയത്. അതിനുശേഷം ഞാൻ അയാളെ അടിക്കുകയും ഫോൺ തകർക്കുകയും ചെയ്തു.

പൊലീസും നാട്ടുകാരുമെല്ലാം കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നു. ബാക്കിയുള്ളവരെല്ലാം കാഴ്ചക്കാരായി നിൽക്കുമ്പോൾ ഒരു പെൺകുട്ടി സ്വയംരക്ഷക്കായി ഒന്നും ചെയ്യാൻ പാടില്ലേ?' പ്രിയദർശിനി ചോദിച്ചു. ഡ്രൈവറെ മർദിച്ചതിന് താൻ മാപ്പ് ചോദിച്ചിട്ടില്ലെന്നും അത് അയാൾക്ക് അർഹിച്ചതാണെന്നും യുവതി വ്യക്തമാക്കി.

'ഡ്രൈവർക്ക് എന്താണ് സംഭവിച്ചത്, അതെല്ലാം ഞാൻ ചെയ്തതാണ്. എനിക്ക് അതിൽ ഖേദമില്ല. അയാൾ ഒരു കുറ്റവാളിയാണ്. കഴിഞ്ഞ ഒരുവർഷമായി ഞാൻ ഇത്തരത്തിലുള്ള ഉപദ്രവങ്ങൾ നേരിടുന്നു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാൽ പോലും ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഈ സംഭവത്തിലും എനിക്കെതിരെയാണ് എഫ്.ഐ.ആർ. കവർച്ചാക്കുറ്റം ചുമത്തിയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഞാൻ കൊള്ളയടിക്കുമോ?' യുവതി ചോദിച്ചു.

 

ജൂലായ് 30-ന് ലഖ്‌നൗ കൃഷ്ണ നഗർ മേഖലയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. യുവതി ഡ്രൈവറെ കാറിൽനിന്ന് വലിച്ചിറക്കി പൊതിരെ തല്ലുന്ന ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ യുവതി റോഡ് മുറിച്ചുകടക്കുന്ന മറ്റൊരു സിസിടിവി ദൃശ്യവും പുറത്തുവന്നു. എന്നാൽ ഈ ദൃശ്യങ്ങളിലൊന്നും യുവതിയെ വാഹനമിടിച്ചതായി കണ്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അതിനിടെ, യുവതിയുടെ മർദനത്തിനിരയായ ഡ്രൈവർ ഷഹാദത്ത് അലിയും സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. 'ഞാൻ വീട്ടിലേക്ക് പോകുന്നവഴിയാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതി തിരികെ വന്ന് എന്നെ മർദിക്കുകയായിരുന്നു. അപകടകരമായാണ് വാഹനമോടിച്ചതെന്ന യുവതിയുടെ വാദം തെറ്റാണ്. എന്നാൽ സംഭവത്തിൽ പൊലീസ് ആദ്യം യുവതിയുടെ ഭാഗം മാത്രമാണ് കേട്ടത്. എന്റെ പേരിൽ കേസെടുക്കുകയും ചെയ്തു. എന്റെ മുതലാളിയുടെ മൊബൈൽഫോൺ യുവതി തകർത്തിരുന്നു. കാറിനും കേടുപാടുണ്ടായി. 60,000 രൂപയുടെ നഷ്ടമാണുണ്ടായത്. മാത്രമല്ല, കാറിലെ ഡാഷ്‌ബോർഡിലുണ്ടായിരുന്ന പണം കവർച്ചചെയ്യാനും ശ്രമിച്ചു'- ഷഹാദത്ത് അലി വിശദീകരിച്ചു.

 

'സ്ത്രീകളെ അടിക്കാൻ എന്റെ വീട്ടിൽ പഠിപ്പിച്ചിട്ടില്ല. ഞാൻ ഒരു നല്ല കുടുംബത്തിലുള്ളയാളാണ്. ഒരുസ്ത്രീയെയും അടിക്കരുതെന്നാണ് എന്റെ മാതാവ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. മാതാവിന്റെ കാലിനടിയിലാണ് സ്വർഗം. അത് നിങ്ങൾക്കും അറിയാം'-യുവാവ് പറഞ്ഞു.

സംഭവത്തിൽ യുവാവിനെതിരേ പൊലീസ് കേസെടുത്തെന്ന വിവരം പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. #ArrestLucknowGirl  എന്ന ഹാഷ്ടാഗും ട്രെൻഡിങ്ങായി. ഇതിനുപിന്നാലെയാണ് യുവതിക്കെതിരേയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.