കോഴിക്കോട്: സ്ത്രീകൾ അശ്ലീലം എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്ന പ്രസ്താവന നടത്തിയ സാഹിത്യകാരൻ ടി.പത്മനാഭന്റെ പരാമർശത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര രംഗത്ത്. പരാമർശം അങ്ങേയറ്റം വേദനയുണ്ടാക്കിയെന്ന് സിസ്റ്റർ ലൂസി വ്യക്തമാക്കി. രാജ്യം ആദരിക്കുന്ന സാഹിത്യകാരനിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ല. വിവാദ പരാമർശം നടത്തിയ പത്മനാഭൻ പരസ്യമായി മാപ്പു പറയണമെന്നും സിസ്റ്റർ ആവശ്യപ്പെട്ടു. അശ്ലീലം സ്ത്രീകൾ എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്നായിരുന്നു പത്മനാഭന്റെ പ്രസ്താവന.

ഈ സ്ത്രീ സഭാവസ്ത്രം ഊരിവച്ച് മഠത്തിൽനിന്നുണ്ടായ ദുരനുഭവം എഴുതുന്ന ഒരു സന്യാസിനിയാണെങ്കിൽ വിൽപന കൂടുമെന്നും പത്മനാഭൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സിസ്റ്റർ ലൂസി രംഗത്തെത്തിയത്. മുൻകാല ജഡ്ജിയും സാഹിത്യകാരനുമായിരുന്ന എ.വി.ഗോവിന്ദന്റെ സമ്പൂർണകൃതികൾ പ്രകാശനം ചെയ്ത് സംസാരിക്കുമ്പോഴാണ് ടി.പത്മനാഭൻ വിവാദ പരാമർശം നടത്തിയത്.

പത്മനാഭന്റെ വാക്കുകൾ ഇങ്ങനെ:

''ഉത്തമ സാഹിത്യ കൃതികൾ വാങ്ങാൻ ഇന്നു കേരളത്തിൽ ആളെ കിട്ടുന്നില്ല. മലയാളത്തിലും അന്യഭാഷകളിലും അസഭ്യവും അശ്ലീലവും ഒരു സ്ത്രീ എഴുതിയാൽ ചൂടപ്പം പോലെ പലപല പതിപ്പുകളായി വിറ്റഴിയും. എല്ലാവർക്കും പണവും കിട്ടും. ഈ സ്ത്രീ സഭാവസ്ത്രം ഊരി വച്ച് മഠത്തിൽനിന്നുണ്ടായ ദുരനുഭവം എഴുതുന്ന ഒരു സന്യാസിനിയാണെങ്കിൽ വിൽപന കൂടും. ഒബ്‌സീനും വൾഗറുമായ പുസ്തകമല്ലെങ്കിൽ കോളിളക്കമുണ്ടാക്കുന്ന (സെൻസേഷനൽ) പുസ്തകമായിരിക്കണം. അല്ലാതെ ഉത്തമസാഹിത്യ കൃതികൾ ആരും വാങ്ങില്ല. തന്റെ ഇത്രയും വർഷത്തെ എഴുത്തുജീവിതത്തിൽ ഒരു വരിപോലും അസഭ്യമോ അശ്ലീലമോ എഴുതിയിട്ടില്ല'' പത്മനാഭൻ പറഞ്ഞു.

കോഴിക്കോട് പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ടി പത്മനാഭന്റെ വിവാദ പ്രസ്താവന. ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തിൽ വിൽപന ഉള്ളത് എന്നായിരുന്നു കഥാകൃത്ത് പറഞ്ഞത്. മന്ത്രി എം.വി ഗോവിന്ദൻ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിയിലായിരുന്നു കഥാകൃത്തിന്റെ പരാമർശങ്ങൾ. കർത്താവിന്റെ നാമത്തിൽ എന്ന ലൂസി കളപ്പുരയുടെ ആത്മകഥ ഏറെ വിവാദമായിരുന്നു. പുസ്തകം നിരോധിക്കണം എന്ന ആവശ്യം വരെ ഉയർന്നിരുന്നു.

സിസ്റ്റർ ലൂസി എഴുതിയ 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകത്തിൽ വൈദികർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത്. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റർ ലൂസി കളപ്പുര തുറന്നുപറഞ്ഞത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നും സിസ്റ്റർ ലൂസി പുസ്തകത്തിലൂടെ വെളിപ്പെടുത്തി. നാല് തവണ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സിസ്റ്റർ ആരോപിക്കുന്നത്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.

മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റർ ആരോപിച്ചിട്ടുണ്ട്. ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകൾ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റർ ലൂസി ആരോപിക്കുകയുണ്ടായി.