വിമാനത്തിലെ ഇക്കണോമി ക്ലാസ് യാത്രയെ മുൻ കേന്ദ്രമന്ത്രി ശശി തരൂർ കന്നുകാലി ക്ലാസെന്ന് വിശേഷിപ്പിച്ചത് ആരും മറന്നുകാണാൻ ഇടയില്ല. എന്നാൽ, യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടുപോകുന്ന ഇക്കോണമി ക്ലാസ്സുകൾ മാത്രമല്ല വിമാനങ്ങളിലുള്ളത്. ആഡംബരത്തിന്റെ അവസാന വാക്കുകളായ ഫസ്റ്റ് ക്ലാസ്സ് സീറ്റുകൾ അതിസമ്പന്നരെ കാത്ത് വിമാനങ്ങളിലൊരുക്കിയിട്ടുണ്ട്. ലോകം സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറിത്തുടങ്ങിയതോടെ, വിമാനങ്ങളിലെ ആഡംബരയാത്രയ്ക്ക് വീണ്ടും ആവശ്യക്കാർ കൂടിയെന്നാണ് കണക്കുകൾ. 2009-നെ അപേക്ഷിച്ച് ലോകത്തെ വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ എണ്ണത്തിൽ 34 ശതമാനം വർധനവുണ്ടായതായി ഏവിയേഷൻ ഡാറ്റ കമ്പനി ഒഎജിയുടെ റിപ്പോർട്ടിൽ പറയുന്നു.

ആകാശത്തെ അപ്പാർട്ടുമെന്റുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്യൂട്ടുകളും ഫസ്റ്റ് ക്ലാസ് സീറ്റുകളും വിമാനത്തിൽ കൂടുതലായി ഏർപ്പെടുത്താൻ വൻകിട വിമാനക്കമ്പനികൾ മത്സരിക്കുകയാണ്. യൂറോപ്പിൽ കഴിഞ്ഞ പതിറ്റാണ്ടിലുണ്ടായിരുന്നതിനെക്കാൾ ഇരട്ടി ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ ഇപ്പോൾ വിമാനങ്ങളിലുണ്ടെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2005 കാലത്ത് പത്തുലക്ഷം സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത് ഇരുപതു ലക്ഷമായി വർധിച്ചിട്ടുണ്ട്.

എന്നാൽ, ഏഷ്യയിൽ ഇതേസമയം വൻതോതിലുള്ള വർധനവാണ് ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. 2005-ൽ 85 ലക്ഷം ഫസ്റ്റ് ക്ലാസ് സീറ്റുകളുണ്ടായിരുന്നത് ഇക്കൊല്ലം 2.67 കോടി സീറ്റുകളായി വർധിച്ചുവെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ചൈനയും ഗൾഫ് രാജ്യങ്ങളുമാണ് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളുടെ എണ്ണത്തിൽ വൻതോതിലുള്ള വർധന വരുത്തിയത്. എമിറേറ്റ്‌സ് വിമാനക്കമ്പനി 32 ശതമാനത്തോളം ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വർധിപ്പിച്ചു. ലോകമെമ്പാടുമായി എല്ലാ യാത്രാ വിമാനങ്ങളിലുമായി 8.6 കോടി ഫസ്റ്റ് ക്ലാസ് സീറ്റുകളാണുള്ളത്. 2005-ൽ ഇത് 5.75 കോടി സീറ്റുകളായിരുന്നു.

എത്തിഹാദ് എയർവേയ്‌സിന്റെ എ380 വിമാനത്തിലെ മൂന്ന് മുറി അപ്പാർട്ട്‌മെന്റായ ദ റെസിഡൻസ് അതിസമ്പന്നരെ കാത്തിരിക്കുന്ന ആകാശത്തെ ആർഭാട യാത്രയാണ്. സ്വന്തം പരിചാരകനും ഷെഫുമുൾപ്പെടെ ഈ ആഡംബര അപ്പാർട്ട്‌മെന്റിൽ യാത്ര ചെയ്യുന്നതിന് 12,500 പൗണ്ടാണ് എത്തിഹാദ് ഈടാക്കുന്നത്. അബുദാബിയിൽനിന്ന് ലണ്ടനിലേക്കുള്ള ആദ്യ പത്ത് വിമാനങ്ങളിലെ റെസിഡൻസ് സ്യൂട്ടുകൾ വിറ്റുപോയതായി ഈ മാസമാദ്യം എത്തിഹാദ് അനൗൺസ് ചെയ്തിരുന്നു.

കൂടുതൽ സ്വകാര്യതയും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഫസ്റ്റ് ക്ലാസ് സീറ്റുകളാണ് സമ്പന്നർ തിരഞ്ഞെടുക്കുന്നത്. ഫസ്റ്റ് ക്ലാസ് സീറ്റുകൾക്ക് തിരക്കേറിയതോടെ, വിമാനകമ്പനികൾ കൂടുതൽ ആകർഷകമായ സൗകര്യങ്ങൾ പ്രഖ്യാപിക്കാൻ തുടങ്ങിയിട്ടുണ്ട്. എയർ ഫ്രാൻസ്, ഖത്തർ എയർവേസ്, ലുഫ്ത്താൻസ, ബ്രിട്ടീഷ് എയർവേസ് തുടങ്ങിയ പ്രമുഖ കമ്പനികളൊക്കെ സമ്പന്നരെ ആകർഷിക്കാനുള്ള വഴിയിലാണ്.