ജോദ്പുർ: രാജസ്ഥാനിൽ ജോദ്പുരിലെ തിരക്കേറിയ എയിംസ് റോഡിൽ അമിത വേഗത്തിലെത്തിയ ആഡംബര കാർ ഇരുചക്ര യാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം ചേരിയിലേക്ക് പാഞ്ഞു കയറി. സംഭവത്തിൽ ഒരാൾ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ജോദ്പുരിലെ തിരക്കേറിയ എയിംസ് റോഡിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

 

ഓഡി കാർ മുന്നിൽ പോയിരുന്ന ഇരുചക്രവാഹനങ്ങളെ ഒന്നിനുപിന്നാലെ ഒന്നായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ യാത്രക്കാരെ ഇടിക്കുന്നതും ചേരിയിലേക്ക് പാഞ്ഞു കയറുന്നതും സംഭവം നടന്നതിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നാണ് വിവരം.

സംഭവത്തേത്തുടർന്ന് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത് എയിംസ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.