വൈദ്യശാസ്ത്രത്തിന് മുന്നിൽ ഒരു അത്ഭുതമായി മാറിയിരിക്കുകയാണ് ബ്രിട്ടനിലെ ഇന്ത്യൻ വംശജയായ ലിറ്റിന കൗർ എന്ന 32കാരി. 17 തവണ ഗർഭം അലസിയ ഇവർ ഒമ്പത് മാസത്തിനിടെ പ്രസവിച്ചത് രണ്ട് തവണ. ഇതോടെ നാലു മക്കളുടെ അമ്മയായിത്തീർന്ന ഇവർക്ക് ഇസന്തോഷം അടക്കാനാവുന്നില്ല.തനിക്ക് പതിനെട്ട് വയസുള്ളപ്പോഴാണ് ലിറ്റിന ശ്വേത രക്താണുക്കളെ ബാധിക്കുന്ന അക്യൂട്ട് മെലോയ്ഡ് ലുക്കീമയ്ക്ക് അടിമയായത്. തുടർന്ന് തനിക്ക് ഒരിക്കലും അമ്മയാകാനാവില്ലെന്ന ദുഃഖസത്യവും ഈ യുവതി അറിയുകയായിരുന്നു. മാറാത്ത രോഗം മൂലം മജ്ജ മാറ്റി വയ്ക്കേണ്ടി വന്നതിനാൽ യുവതിക്ക് ഗർഭധാരണത്തിനുള്ള കഴിവ് നഷ്ടപ്പെടുമെന്നായിരുന്നു ഡോക്ടർമാർ മുന്നറിയിപ്പേകിയത്.

2007ൽ തന്റെ 23ാം വയസിലായിരുന്നു ലിറ്റിനയുടെ വിവാഹം കഴിഞ്ഞത്. തുടർന്ന് 2010ൽ അവർ ഗർഭിണിയായിരുന്നു. ഇരട്ടക്കുട്ടികളാണ് വയറ്റിലെന്നറിഞ്ഞ് ഇവർ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് തല്ലിക്കെടുത്തിക്കൊണ്ട് ലിറ്റിനയ്ക്ക് അബോർഷൻ സംഭവിച്ചു. പിന്നീട് 16 പ്രാവശ്യം ഗർഭമലസൽ സ്ഥിരം സംഭവമായി. തുടർന്ന് ഇന്ത്യയിലേക്ക് വന്ന ലിറ്റിന ഇവിടെ വച്ച് ആറ് വാടക ഗർഭധാരണ പരീക്ഷണങ്ങൾക്കായി ശ്രമം നടത്തിയെങ്കിലും ആറും പരാജയപ്പെടുകയായിരുന്നു. 2013നും 2015നും ഇടയിലായിരുന്നു ഈ പരീക്ഷണങ്ങൾ.

എന്നാൽ 2015 സെപ്റ്റംബറിൽ ലിറ്റിനയുടെ ജീവിതത്തിന് വഴിത്തിരിവുണ്ടാക്കിക്കൊണ്ട് ഒരു ഇന്ത്യൻ യുവതിയുടെ ഗർഭപാത്രത്തിലേക്ക് ലിറ്റിനയുടെ ഭ്രൂണം മാറ്റി വയ്ക്കുന്നതിൽ ഡോക്ടർമാർ വിജയിച്ചതോടെയായിരുന്നു ഇത്. ഇതിലൂടെയാണ് ലിറ്റിനയുടെ ആദ്യ സന്തതിയായ കിരൺ ജനിച്ചത്. തുടർന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ ഇരട്ടക്കുട്ടികളായ കാജലും കവിതയും പിറന്നു. പിന്നീട് 2016 ജൂണിൽ നോട്ടിങ്ഹാമിലെ ക്യൂൻസ് മെഡിക്കൽ സെന്ററിൽ വച്ച് ലിറ്റിനയുടെ നാലാമത് സന്തതി കിയാറ പിറന്നു. എല്ലാ കുട്ടികളും വാടകഗർഭപാത്രങ്ങളിലൂടെയാണ് പിറന്നിരിക്കുന്നത്.

തനിക്ക് കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടർമാർ അറിയിക്കുമ്പോൾ താൻ വളരെ ചെറുപ്പമായിരുന്നുവെന്നും അത് കേട്ട് തകർന്ന് പോയിരുന്നുവെന്നുമാണ് ലിറ്റിന പറയുന്നത്. നാലാമത്തെ കുട്ടിയായ കിയാറ പിറന്നതിന് ശേഷം ഒമ്പത്ആഴ്ചകൾ ക്യൂൻസ് മെഡിക്കൽ സെന്ററിലെ നിയോനാറ്റർ വാർഡിലായിരുന്നു കിടന്നിരുന്നത്. അൽപം നേരത്തെ പിറന്നെങ്കിലും കിയാറയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ലിറ്റിന പറയുന്നത്. തനിക്ക് നിനച്ചിരിക്കാതെ നാല് കുട്ടികൾ പിറന്നതോടെ തന്റെ ജീവിതം ധന്യമായെന്നും ഈ യുവതി പറയുന്നു. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതിൽ നിന്ന് ഏറെ സന്തോഷം കൈവരിക്കാനാവുന്നുവെന്നും ലിറ്റിന പറയുന്നു.