തൃക്കരിപ്പൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും കാന്തപുരം വിഭാഗം സുന്നി നേതാവുമായ എം.എ അബ്ദുൾ ഖാദർ മുസ്‌ലിയാർ (94) അന്തരിച്ചു. ഇന്നലെ രാത്രി വാർധക്യ സഹജമായ അസുഖത്തെ തുടന്ന് രാത്രി എട്ടു മണിയോടെ തൃക്കരിപ്പൂർ കൈക്കോട്ടുകടവിലെ വസതിയിലായിരുന്നു അന്ത്യം. മയ്യിത്ത് നിസ്‌കാരം ഇന്ന് കാലത്ത് എട്ട് മണിക്ക് തൃക്കരിപ്പൂരിലും ഖബറടക്കം പന്ത്രണ്ട് മണിക്ക് ജാമിഅ സഅദിയ്യയിലും നടക്കും.

പ്രഗത്ഭ പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായ അദ്ദേഹം കഴിഞ്ഞ വർഷമാണു സമസ്തയുടെ പ്രസിഡണ്ടായി ചുമതലയേറ്റത്. കേരളത്തിലെ മദ്രസ പ്രസ്ഥാനത്തിന്റെ ശില്പി കൂടിയായ എം.എ. അബ്ദുൽ ഖാദർ മുസലിയാർ കാസർകോഡ് ജാമിഅ സഅദിയ മുഖ്യ കാര്യദർശിയുമാണ്. 1971ൽ സ്ഥാപിതമായ ഇരുപതോളം സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ദേളി ജാമിഅ സഅദിയയുടെ വിജയക്കുതിപ്പിനുപിന്നിൽ എം.എ. ഉസ്താദായിരുന്നു. ബിരുദ ബിരുദാനന്തര കോഴ്‌സുകളും കൊമേഴ്‌സ് വിഷയങ്ങളിൽ ഭൗതികപഠനവും വ്യാവസായിക പരിശീലനവും ഇവിടെ നൽകുന്നുണ്ട്. ഇവിടെയുള്ള അനാഥമന്ദിരം ഒട്ടേറെപേർക്ക് ആശ്രയമാണ്. ആശുപത്രി സൗകര്യങ്ങളടക്കമുള്ള ഈ സ്ഥാപനത്തിന്റെ ജനറൽ മാനേജറായിരുന്നു ഉസ്താദ്.

1989 മുതൽ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. മദ്‌റസ അദ്ധ്യാപകരുടെ സംഘടനയായ ജംഇയ്യത്തുൽ മുഅല്ലിമീൻ രൂപം കൊണ്ടത് എം എ ഉസ്താദിന്റെ നേതൃത്വത്തിലായിരുന്നു. 1954 സമസ്ത കേരള സുന്നി യുവജന സംഘം രൂപവത്കരണത്തിൽ പങ്കാളിയായ എം എ, 1982ൽ ഇ കെ ഹസൻ മുസ്‌ലിയാരുടെ പിൻഗാമിയായി പ്രസിഡന്റ് പദത്തിലെത്തി. 1995 വരെ പന്ത്രണ്ട് വർഷം ആ പദവിയിൽ സേവനം ചെയ്തു. 1989 മുതൽ 2013 വരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനായിരുന്നു. 2013ൽ സമസ്തയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. സമസ്തക്ക് ജില്ലാ കമ്മിറ്റി രൂപം കൊണ്ടപ്പോൾ 1973 മുതൽ അവിഭക്ത സമസ്തയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ദീർഘകാലം കണ്ണൂർ, കാസർകോട് ജില്ലകളുടെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.

എഴുത്തുകാരൻ, മികച്ച സംഘാടകൻ, ഉജ്ജ്വലവാഗ്മി, മാതൃകാധ്യാപകൻ, അറബി കവി എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു. ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതാറുള്ള അദ്ദേഹത്തിന്റേതായി മലയാളം, അറബി ഭാഷകളിലായി നാൽപ്പതിലേറെ പ്രൗഢ ഗ്രന്ഥങ്ങളുണ്ട്. അൽകി താബൂൽ അവ്വലു ഫീ താനീഖുറസുൽ മയ്യത്ത് പരിപാലനക്രമങ്ങൾ, ലോകാനുഗ്രഹി, മുസ്ലിം ശരിഅത്ത് നിയമം, റമളാനും ഈദുൽഫിത്തറും തുടങ്ങിയവ മുസ്ലിയാരുടെ പ്രധാന കൃതികളാണ്.

മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്ക് അംഗീകാരമായി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ച സാമൂഹിക സേവനത്തിനുള്ള മുസ്തഫ അവാർഡ്, ഇസ്‌ലാമിക് റിസർച്ച് സെന്ററിന്റെ എസ് വൈ എസ് ഗോൾഡൻ ജൂബിലി അവാർഡ്, മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാർഡ്, എസ് എസ് എഫിന്റെ മഖ്ദൂം അവാർഡ് തുടങ്ങിയവ എം എ ഉസ്താദിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ മക്കൾ: നഫീസ, കുഞ്ഞഹമ്മദ്, ബഫാത്വിമ, അബ്ദുൽ വഹാബ്, ജുവൈരിയ്യ.