പാലക്കാട്: വ്യക്തികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ എൽ.ഡി.എഫ് വീഴ്ച വരുത്തിയില്ലെന്നും എം.എ ബേബി പറഞ്ഞു. ശബരിമല വിഷയത്തിൽ എൻ.എസ്.എസുമായി തർക്കത്തിനില്ല. എൻ.എസ്.എസ് പൊതുവേ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സമദൂരം ഉപേക്ഷിച്ച് ഏതെങ്കിലും മുന്നണിയെ പിന്തുണക്കുമെന്ന് എൻ.എസ്.എസ് പറഞ്ഞിട്ടില്ല. എൻ.എസ്.എസിന്റെ അഭിപ്രായങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാകട്ടെയെന്നും എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയത്തിൽ എൻ.എസ്.എസിന് രാഷ്ട്രീയമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലപാട് തങ്ങൾക്ക് അനുകൂലമാക്കാൻ പലരും ശ്രമിക്കുകയാണെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാട് തൃപ്തികരമെന്നാണ് സുകുമാരൻ നായർ നേരത്തെ പ്രതികരിച്ചിരുന്നത്. അതേസമയം, വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന് എതിരായ നിലാപാടാണ് എൻ.എസ്.എസ് സ്വീകരിച്ചു വരുന്നത്.

അതസമയം ശബരിമല യുവതീപ്രവേശനത്തിൽ എൽഡിഎഫ് നിലപാട് മയപ്പെടുത്തിയിരിക്കവേ എൻഎസ്എസിനെതിരെ കടന്നാക്രമിച്ച് വൈദ്യതി മന്ത്രി എം എം മണി നേരത്തെ രംഗത്തുവന്നിരുന്നു. നാമജപ ഘോഷയാത്രയ്ക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരൻ നായരാണ്. എൻ എസ് എസിന്റെ നിലപാട് യു ഡി എഫിനെ സഹായിക്കാനാണ്. സുകുമാരൻനായർ കോൺഗ്രസിൽ ചേർന്ന് മുണ്ടുമുറുക്കി ഉടുത്തു ഇറങ്ങണമെന്നും എം എം മണി പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ് വിഷയം ഇപ്പോൾ. കോടതിയുടെ വിധി വന്നതിന് ശേഷം സർക്കാർ തുടർ നടപടി സ്വീകരിക്കും. സർവ്വകക്ഷി യോഗം ചേർന്ന് കൂട്ടായ ആലോചനയ്ക്ക് ശേഷമായിരിക്കും സർക്കാർ തീരുമാനമെടുക്കുക. അതുവരെ വിഷയത്തിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും എം എം മണി പറഞ്ഞു.ഇടുക്കിയിൽ യു ഡി എഫിന് മുൻതൂക്കം ഉണ്ടാകുമെന്ന അഭിപ്രായ സർവേകളെ മണി തള്ളി. ഇടുക്കിയിൽ അഞ്ച് മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർത്ഥികൾ ജയിക്കും. തൊടുപുഴയിൽ പി ജെ ജോസഫ് തോൽക്കുമെന്നും മണി പറഞ്ഞു.

എൻ ഡി എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിനു പിന്നിൽ രമേശ് ചെന്നിത്തലയാണ്. ബിജെപിയുമായി അടുത്ത ബന്ധമാണ് രമേശ് ചെന്നിത്തലക്ക് ഉള്ളതെന്നും എം എം മണി കുറ്റപ്പെടുത്തി. പോളിങ് ബൂത്തിലേക്ക് പോകാൻ നേരത്ത് വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിക്കുന്ന ചെന്നിത്തലയുടെ നിലപാട് വിഡ്ഢിത്തരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.