- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഘടനയെ ദുർബലമാക്കുന്ന നീതിന്യായ ഒത്തുകളി അപകടം: എം എ ബേബി
കോഴിക്കോട്: രാജ്യം ഭരിക്കുന്നവരും നീതിന്യായ സംവിധാനങ്ങളും ഒത്തുകളിച്ച് ഭരണഘടനയെ അസ്ഥിരമാക്കുന്ന പ്രവണതയാണിപ്പോഴുള്ളതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന ഭീതിദമായ അവസ്ഥയാണിത്. ഇതിനെതിരായി ശക്തമായ ചെറുത്തുനിൽപ്പ് ഉയരണം. മീഡിയാവൺ ചാനൽ സംപ്രേഷണം തടഞ്ഞുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഭരണഘടനാ സംരക്ഷണസമിതി സംഘടിപ്പിച്ച 'മാധ്യമ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടനയും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഴുവൻ ജനങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുംവിധമാണ് ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തിയത്. അഭിപ്രായം പറയലാണ് മാധ്യമ പ്രവർത്തനം. എന്ത് സാഹചര്യത്തിലാണ് മീഡിയാവണ്ണിന്റെ പ്രവർത്തനാനുമതി നിരോധിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. ചോദ്യം ചെയ്യാനോ എതിര് പറയാനോ പാടില്ലാത്ത ദൈവമാണ് കേന്ദ്രസർക്കാരെന്നാണ് പല കോടതികളുടെയും ധാരണ. ഇത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അപകടകരമാണ്. എതിർശബ്ദങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള ആർഎസ്എസ് ശ്രമങ്ങളുടെ ഭാഗമാണ് മീഡിയാവൺ പ്രവർത്താനനുമതി തടയൽ. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയരണം. തങ്ങൾക്ക് നേരെ എതിർപ്പ് വരുമ്പോൾ മാത്രം പ്രതികരിച്ചാൽ മതിയെന്ന രീതി മറണം.
1938ൽ ജയപ്രകാശ് നാരായണന്റെ അധ്യക്ഷതയിൽ കോഴിക്കോട്ട് ചേർന്ന കെപിസിസി സമ്മേളനമാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനത്തെ എതിർത്ത് പ്രമേയം അവതരിപ്പിച്ചത്. ഇടതുപക്ഷത്തോട് വലിയ താൽപ്പര്യമൊന്നുമില്ലാഞ്ഞിട്ടും കോഴിപ്പുറത്ത് മാധവമേനോൻ ശക്തമായ ഭാഷയിലാണ് നിരോധനത്തിനെതിരെ ആഞ്ഞടിച്ചത്. ഈ ചരിത്ര സാഹചര്യം ഉൾക്കൊണ്ട്, അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്നും ബേബി പറഞ്ഞു. കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി അധ്യക്ഷനായി.
മറുനാടന് മലയാളി ബ്യൂറോ