- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയോട് രണ്ട് മണിക്കൂർ സംസാരിച്ചപ്പോൾ കാഴ്‌ച്ചപ്പാടുകൾ മാറി; അനുകരണീയനായ നേതാവെന്ന് എംബി രാജേഷ് പറഞ്ഞത് വിവാദത്തിൽ; രാഷ്ട്രീയത്തെയല്ല,വ്യക്തിയെ കുറിച്ചാണ് നല്ലവാക്കുകളെന്ന് സിപിഐ(എം)എംപി
തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിലെ യുവത്വത്തിന്റെ പ്രതീകമായാണ് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അറിയപ്പെടുന്നത്. എന്നാൽ കോൺഗ്രസിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിൽ പാർട്ടിയെ നയിക്കേണ്ട ദുർഗതിയിലാണ് രാഹുൽ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കോൺഗ്രസിനെ പു
തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിലെ യുവത്വത്തിന്റെ പ്രതീകമായാണ് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അറിയപ്പെടുന്നത്. എന്നാൽ കോൺഗ്രസിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിൽ പാർട്ടിയെ നയിക്കേണ്ട ദുർഗതിയിലാണ് രാഹുൽ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ട ചുമതല രാഹുലിൽ നിക്ഷിപ്തമാണ് താനും. എന്നാൽ മോദിക്കെതിരെ രാഹുൽ ഗാന്ധിയെ കോൺഗ്രസ് രംഗത്തിറക്കിയതു മുതൽ മാദ്ധ്യമങ്ങൾ രാഹുലിനെ പപ്പുവെന്ന വിധത്തിലാണ് പരിഹസിച്ചത്. അധികം ജനസമക്ഷം പ്രത്യക്ഷപ്പെടാതെ ഒഴിഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ശീലവും മോശം ഇമേജാണ് സമ്മാനിച്ചത്. പാർട്ടിയുടെ പിറന്നാൾ ദിനത്തിൽ വിദേശത്തായത് കോൺഗ്രസ് നേതാക്കൾക്കിടയിൽ പോലും ചർച്ചയായിരുന്നു. ഇതിനിടയിൽ അപ്രതീക്ഷിതമായ കോണിൽ നിന്നാണ് രാഹുൽ ഗാന്ധിക്ക് പിന്തുണ ലഭിച്ചത്. രാഹുലിനെ വ്യക്തിപരമായി പുകഴ്‌ത്തി രംഗത്തെത്തിയത് ഡിവൈഎഫ്‌ഐയുടെ ദേശീയ നേതാവും പാലക്കാട് എംപിയുമായ എം ബി രാജേഷാണ്.
രാഹുൽ ഗാന്ധിയെ കുറിച്ചുള്ള തന്റെ നിലപാടുകൾ രണ്ട് മണിക്കൂർ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചപ്പോൾ തന്റെ കാഴ്‌ച്ചപ്പാടുകൾ മാറിയെന്ന് ഡെക്കാൺ ക്രോണിക്കിൽ പത്രത്തിൽ നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വഴിച്ചത്. യുവ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയെ കുറിച്ചുള്ള മുൻധാരണകൾ മാറിയെന്നാണ് എം ബി രാജേഷ് പറഞ്ഞത്. എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്‌ച്ചപ്പാടും ആത്മാർത്ഥതയുമുള്ള നേതാവാണ് രാഹുൽ ഗാന്ധി.
രണ്ട് മണിക്കൂർ രാഹുലുമായി സംസാരിച്ചപ്പോൾ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു. അവിടെയാണ് രാഹുൽ ഗാന്ധിയുടെ വ്യത്യസ്തമായ മുഖം തിരിച്ചറിഞ്ഞതെന്ന് എം ബി രാജേഷ് അഭിമുഖത്തിൽ പറയുന്നു. രാഹുലിന്റെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടായിരുന്നു രാജേഷിന്റെ വാക്കുകൾ. രാഹുലിന്റെ ആത്മർത്ഥത ആർജ്ജവം എളിമ എന്നിവ നേരിട്ട് മനസിലാക്കി. വാക്കുകളിൽ തെല്ലും കൃത്രിമത്വമോ അമാനുഷികത്വമോ ഇല്ലെന്നും രാജേഷ് ഡെക്കാൻ ക്രോണിക്കിളിനോട് അഭിപ്രായപ്പെട്ടു.
അതേസമയം രാജേഷ് രാഹുലിനെ പുകഴ്‌ത്തിയത് കോൺഗ്രസ് മുഖപത്രമായ വീക്ഷണം റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം വിവാദത്തിലായത്. ഇടതു എംപി രാഹുലിനെ പുകഴ്‌ത്തിയത് തെറ്റായിപ്പോയെന്ന വിധത്തിൽ സോഷ്യൽ മീഡിയയിലും ചിലർ പ്രചരണം തുടങ്ങി. സോഷ്യൽ മീഡിയയിലെ വിമർശനം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ എം ബി രാജേഷ് സംഭവത്തെ കുറിച്ച് മറുനാടൻ മലയാളിയോടെ വിശദമായി വിശദീകരിക്കുകയും ചെയ്തു.
രാഷ്ട്രീയപരമായ വ്യത്യാസങ്ങൾ പറഞ്ഞു കൊണ്ട് തന്നെയാണ് രാഹുൽ ഗാന്ധിയെ കുറിച്ച് താൻ പറഞ്ഞതെന്ന് രാജേഷ് വ്യക്തമാക്കി. രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയല്ല പുകഴ്‌ത്തിയത്. രാഹുലെന്ന വ്യക്തിയെകുറിച്ചാണ്. പാർലമെന്റിന് അകത്തുവച്ചാണ് രാഹുലുമായി രണ്ട് മണിക്കൂർ സംസാരിച്ചത്. യുവനേതാവെന്ന നിലയിൽ പറയാനുള്ളത് കേൾക്കാനും വിയോജിപ്പുകളെ കുറിച്ച് പറയാനും രാഹുൽ സഹഷ്ണുത കാണിച്ചു. മറ്റ് നേതാക്കളേക്കാൾ പറയുന്നത് കേൾക്കാൻ തയ്യാറാകുന്ന നേതാവാണ് രാഹുൽ എന്നാണ് തനിക്ക് മനസിലായത്. അതുകൊണ്ടാണ് ഇക്കാര്യം ഡെക്കാൺ ക്രോണിക്കിളിനോട് പറഞ്ഞത്.
കോൺഗ്രസിലെ തന്നെ കപിൽ സിബർ, പി ചിദംബരം തുടങ്ങിയ നേതാക്കൾ സംസാരിക്കാൻ പോലും തയ്യാറാകാതെ തലക്കനം കാണിക്കുന്നവരാണ്. മറിച്ച് കോൺഗ്രസിലുള്ള ജയറാം രമേശ് ബിജെപി നേതാവ് അരുൺ ജെയ്റ്റ്‌ലി എന്നിവരെ കുറിച്ചും തനിക്ക് നല്ല അഭിപ്രായമാണ്. ചിദംബരമെന്ന ധനമന്ത്രിയേക്കാൾ എന്തുകൊണ്ടും വ്യക്തിപരമായി മികച്ചത് അരുൺ ജെയ്റ്റ്‌ലിയാണ്. ഇങ്ങനെ രാഷ്ട്രീയ നിലപാടുകൾ മാറ്റിവച്ച് രാഹുൽ ഗാന്ധി നല്ലൊരു വ്യക്തിയാണെന്നാണ് താൻ പറഞ്ഞത്. അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും എം ബി രാജേഷ് മറുനാടനോട് പറഞ്ഞു.
രാഹുൽ ഗാന്ധിയുമായി സംസാരിച്ച ഒരു രാഷ്ട്രീയ കാര്യത്തെ കുറിച്ചും എം ബി രാജേഷ് മറുനാടനോട് പങ്കുവച്ചു. കോൺഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ കാരണമായി മനീഷ് തിവാരി നടത്തിയ പരാമർശം അബദ്ധമാണെന്ന് താൻ രാഹുലിനോട് പറഞ്ഞു. കോർപ്പറേറ്റുകൾ കൈവിട്ടതുകൊണ്ടാണ് കോൺഗ്രസ് തോറ്റതെന്നായിരുന്നു തിവാരിയുടെ പരാമർശം. എന്നാൽ ജനങ്ങളിൽ നിന്നും അകന്നതുകൊണ്ടാണ് കോൺഗ്രസ് തോറ്റതെന്നാണ് താൻ പറഞ്ഞത്. ഇക്കാര്യം രാഹുൽ ക്ഷമയോടെ കേട്ടെന്നും രാജേഷ് വ്യക്തമാക്കി.
രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിൽക്കുന്ന തൃണമൂൽ എംപിമാരുമായി പോലും വ്യക്തിപരമായി സൗഹൃദം പുലർത്താറുണ്ട്. ഇത് താഴെക്കിടയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർ പോലും തുടരുന്ന ശീലമാണ്. അതുകൊണ്ട് രാഹുൽ ഗാന്ധിയെന്ന വ്യക്തിയെ കുറിച്ച് പറഞ്ഞത് വിവാദമാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.