തിരുവനന്തപുരം: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാവരുതെന്ന് സ്പീക്കർ എംബി രാജേഷ്. അതിഥി തെഴിലാളികളിൽ എല്ലാവരും ആക്രമികളല്ല. സംഭവത്തെ ക്രിമിനൽ ആക്രമണമായി കണ്ടാൽ മതിയെന്നും സ്പീക്കർ പറഞ്ഞു.

കേരളത്തിൽ ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം അതിഥി തൊഴിലാളികളെ ആക്രമികളായി കാണരുതെന്നും സ്പീക്കർ ആവശ്യപ്പെട്ടു. കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ സംഘർഷമുണ്ടാക്കുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത കേസിൽ 150 പേർ പിടിയിലായിട്ടുണ്ടെന്നാണ്കൂ വിവരം. കൂടുതൽ പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ഏകദേശം മൂവായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് സംഘർഷമുണ്ടായത്. കിറ്റക്സ് കമ്പനി തെഴിലാളികൾക്കായി നിർമ്മിച്ച ക്യാമ്പിലാണ് ആക്രമണം നടന്നത്. ലേബർ ക്യാമ്പിലെ തൊഴിലാളികളിൽ ചിലർ സ്ഥിരം പ്രശ്നക്കാരാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നലെ അക്രമം നടക്കുന്നത് ചിത്രീകരിക്കാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെയും അക്രമം ഉണ്ടായി.

ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ട് കിറ്റെക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ തർക്കങ്ങൾ ഉടലെടുക്കുകയായിരുന്നു. ഇത് സംഘർഷത്തിലേക്ക് വഴിമാറി. ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ നടക്കുന്ന സാധാരണ സംഘർഷമാണെന്നാണ് പൊലീസ് കരുതിയത്. അതിനാൽ കുന്നത്ത് നാട് സിഐ ഷാജു അടക്കമുള്ള അഞ്ച് പൊലീസുകാർ മാത്രമാണ് സ്ഥലത്തെത്തിയത്. പക്ഷെ അവിടെ പൊലീസിന് കാണാൻ കഴിഞ്ഞത് ചേരി തിരിഞ്ഞ് നിന്ന് പരസ്പരം പോർവിളിക്കുന്ന നൂറിലേറെ ഇതരസംസ്ഥാന തൊഴിലാളി സംഘത്തെയാണ്. ഇവർ പെലീസിനെ വളഞ്ഞിട്ട് ആക്രമിച്ചു.