പാലക്കാട് : എസ്ഡിപിഐ -ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പാലക്കാട് സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് സ്പീക്കർ എം ബി രാജേഷ്. യോഗത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും സമാധാന ശ്രമങ്ങൾക്ക് പിന്തുണയെന്ന് സ്പീക്കർ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

തിങ്കൾ പകൽ 3.30 ന് സർവകക്ഷിയോഗം ചേരും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനാകും. എംഎൽഎമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

സ്പീക്കറുടെ ഫേസ്‌ബുക്ക് കുറിപ്പ്:

പാലക്കാട്ട് ഇന്ന് നടക്കുന്ന സമാധാന യോഗത്തിൽ സ്പീക്കർ പങ്കെടുക്കുമോ എന്ന് ഇന്നലെ മുതൽ പലരും അന്വേഷിച്ചിരുന്നു. സ്പീക്കർമാർ സാധാരണ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്ന കീഴ്‌വഴക്കമില്ല. എങ്കിലും സമാധാന യോഗമായതിനാലും നഗരത്തിൽ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാൽ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതൊരു പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നു വരുമെന്നുമുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നതല്ല. യോഗ തീരുമാനങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും എല്ലാ പിന്തുണയും അറിയിക്കുന്നു