പത്തനംതിട്ട: മൈക്രോഫിനാൻസ് തട്ടിപ്പിന് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിനു പിന്നിൽ യോഗം മുൻ വൈസ് പ്രസിഡന്റ് എം.ബി. ശ്രീകുമാർ തന്നെ. തട്ടിപ്പ് സംബന്ധിച്ച് രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ കേസാണിതെന്ന വാദവും തെറ്റ്. തന്നെ എസ്.എൻ.ഡി.പിയിലേക്ക് തിരിച്ചെടുക്കാമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയ്ത വാഗ്ദാനം പാലിക്കാത്തതിന്റെ കലിപ്പാണ് ബിനാമിയെ ഉപയോഗിച്ച് കേസ് നൽകിയതിലൂടെ ശ്രീകുമാർ തീർത്തത്. മൂന്നുവർഷം മുമ്പാണ് ശ്രീകുമാറിനെ തിരികെ എടുക്കാമെന്ന് വെള്ളാപ്പള്ളിയുമായി ധാരണയുണ്ടാക്കിയത്.

പത്തനംതിട്ട യൂണിയൻ മുൻ സെക്രട്ടറി സുനിൽകുമാർ, മോഹൻ ശങ്കർ എന്നിവർ അടക്കമുള്ളവർ മുഖേനയായിരുന്നു ഒത്തുതീർപ്പ് ചർച്ച. ശ്രീകുമാറിനെ തിരിച്ചെടുക്കാൻ ചില നിബന്ധനകൾ അന്ന് വെള്ളാപ്പള്ളി മുന്നോട്ടു വച്ചിരുന്നു. പത്തനംതിട്ട കോടതിയിൽ യൂണിയനെതിരേ ശ്രീകുമാർ നൽകിയിരിക്കുന്ന കേസ് പിൻവലിക്കണം എന്നതായിരുന്നു അതിൽ പ്രധാനം. ശ്രീകുമാറിന്റെ മടങ്ങിവരവ് താഴേത്തട്ടിലൂടെ തന്നെയായിരിക്കണം. അതിനായി സ്വന്തം ശാഖയിലൂടെ യൂണിയനിൽ എത്തുകയും യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും വേണം.

സ്വന്തം ശാഖയായ തെങ്ങുക്കാവ് ശ്രീകുമാറിന്റെ കൈവശം തന്നെയായിരുന്നു. അതിലൂടെ യൂണിയനിൽ വന്നാൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തനിക്കൊപ്പം നിൽക്കുമെന്നും ശ്രീകുമാറിന് അറിയാമായിരുന്നു. എസ്.എൻ.ഡി.പിയുടെ മൈക്രോഫിനാൻസ് തട്ടിപ്പിനെതിരേ സംസ്ഥാനത്ത് ആദ്യമായി കേസ് കൊടുത്തത് ശ്രീകുമാറായിരുന്നു. പത്തനംതിട്ട കോടതിയിൽ നിലവിലിരുന്ന ആ കേസ് വെള്ളാപ്പള്ളിയുമായുണ്ടാക്കിയ ധാരണ പ്രകാരം ശ്രീകുമാർ പിൻവലിച്ചു. ഈ കേസ് തന്നെയാണ് വീണ്ടും രാണേഷ് എന്നയാളിലൂടെ ശ്രീകുമാർ കുത്തിപ്പൊക്കിയിരിക്കുന്നത്.

2006 മുതൽ 2011 വരെയുള്ള മൈക്രോഫിനാൻസ് തട്ടിപ്പ് സംബന്ധിച്ചായിരുന്നു ശ്രീകുമാർ കോടതിയിൽ കേസ് ഫയൽ ചെയ്തത്. യൂണിയനിൽ അന്ന് നിലവിലിരുന്ന അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ ചെയർമാൻ കെ. പത്മകുമാർ, കൺവീനർ സി.എൻ. വിക്രമൻ എന്നിവരായിരുന്നു പ്രതികൾ. ഈ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റി കാണിച്ചാണ് ശ്രീകുമാറിനെ വെള്ളാപ്പള്ളി പറ്റിച്ചത്. കമ്മറ്റി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുമ്പോൾ മത്സരിച്ച് യൂണിയൻ പ്രസിഡന്റാകാനായിരുന്നു വെള്ളാപ്പള്ളി നിർദേശിച്ചിരുന്നത്.

ഈ വിവരം മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ വാർത്തയാക്കിയതോടെ പത്മകുമാറും സംഘവും ഉണർന്നു. എന്തു വില കൊടുത്തും ശ്രീകുമാറിനെ ഒഴിവാക്കാനായി ശ്രമം. വെള്ളാപ്പള്ളിയുടെ കാലു പിടിച്ച് കരഞ്ഞ് തങ്ങളുടെ വഴിക്ക് കൊണ്ടുവരാൻ ഇവർക്കായി. പിറ്റേന്ന് തന്നെ മാദ്ധ്യമങ്ങളിലൂടെ വെള്ളാപ്പള്ളി, ശ്രീകുമാറിനെ തള്ളിപ്പറഞ്ഞിരുന്നു. എന്നിരുന്നാലും ലയനത്തിനുള്ള അണിയറ നീക്കങ്ങൾ തുടർന്നു വരികയായിരുന്നു.

ഇതിനിടെ കോടതിയിൽ ഉണ്ടായിരുന്ന കേസുകൾ ശ്രീകുമാർ നിരുപാധികം പിൻവലിച്ചു. പിന്നാലെ യൂണിയനിൽ തെരഞ്ഞെടുപ്പ് നടന്നു. പക്ഷേ, ശ്രീകുമാറിനെ ഏഴയലത്ത് അടുപ്പിച്ചില്ല. പത്മകുമാർ പ്രസിഡന്റും സി.എൻ. വിക്രമൻ സെക്രട്ടറിയുമായി നേതൃത്വത്തിൽ തുടർന്നു. ശ്രീകുമാറിനെ തിരിച്ചെടുക്കാമെന്ന പച്ചില കാട്ടി വെള്ളാപ്പള്ളി അയാളെ മോഹിപ്പിച്ചു കൊണ്ടിരുന്നു.

താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവിലാണ് പഴയ കേസുകൾ വീണ്ടും കുത്തിപ്പൊക്കാൻ ശ്രീകുമാർ തയാറായത്. ഒരിക്കൽ പിൻവലിച്ച കേസുമായി തനിക്ക് വീണ്ടും കോടതി കയറാൻ കഴിയില്ലെന്ന് വന്നതോടെയാണ് ശ്രീകുമാർ ബിനാമിയായ രണേഷിനെക്കൊണ്ട് കേസ് നൽകിയത്. ഇതിനൊപ്പം ഹാജരാക്കിയ രേഖകൾ മുൻപ് ശ്രീകുമാർ സ്വന്തം കേസിൽ കോടതിയിൽ നൽകിയിരുന്നതാണ്. പുതുതായി ഒന്നുമില്ല താനും.

താൻ കൊടുത്തിരിക്കുന്ന കേസ് എന്താണെന്ന് പോയും രണേഷിന് അറിയില്ലെന്നുള്ളതാണ് രസകരമായ വസ്തുത. ചാനൽ ചർച്ചയിൽ രണേഷ് തപ്പിത്തടഞ്ഞതോടെ മല പോലെ വന്ന സംഭവം എലി പോലെ വന്ന് അപ്രത്യക്ഷമായി. സമത്വ മുന്നേറ്റ യാത്ര തുടങ്ങിയ ദിവസം തന്നെ ഇതു സംബന്ധിച്ച വാർത്ത പുറത്തു വിട്ടതും ആസൂത്രിതമായിട്ടായിരുന്നു. പക്ഷേ, ആസൂത്രണത്തിലെ പിഴവ് കാരണം ബോംബ് പ്രതീക്ഷിച്ച പോലെ പൊട്ടിയില്ല. വെള്ളാപ്പള്ളിയെ ഒന്നു വിരട്ടുക കൂടിയായിരുന്നു ലക്ഷ്യം. അതേറ്റില്ലെന്നു മാത്രമല്ല, തിരിച്ചടിയാവുകയും ചെയ്യും.