- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ബി ശ്രീകുമാർ വീണ്ടും എസ്എൻഡിപിയുടെ തലപ്പത്തേക്ക്; പത്തനംതിട്ട യൂണിയനിൽ ശാഖകൾ പിടിച്ചു തുടങ്ങി; ശ്രീകുമാറിന് തടയിടാൻ ശാഖ പിരിച്ചു വിട്ട് സിപിഎമ്മുകാരെ ഭരണാധികാരികളാക്കിയ യൂണിയൻ നേതാക്കൾ വെട്ടിൽ
പത്തനംതിട്ട: എസ്എൻഡിപി യോഗം മുൻ വൈസ് പ്രസിഡന്റും ദേവസ്വം സെക്രട്ടറിയും തിരുവിതാംകൂർ-ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമൊക്കെയായിരുന്ന എം ബി ശ്രീകുമാർ പഴയ പ്രതാപത്തോടെ തിരിച്ചെത്താനുള്ള ശ്രമത്തിൽ. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി രമ്യതയിലെത്തിയ ശ്രീകുമാർ പിന്തുണ ഉറപ്പിക്കാൻ വേണ്ടി പത്തനംതിട്ട യൂണിയനിലെ വിവിധ ശാഖകൾ ത
പത്തനംതിട്ട: എസ്എൻഡിപി യോഗം മുൻ വൈസ് പ്രസിഡന്റും ദേവസ്വം സെക്രട്ടറിയും തിരുവിതാംകൂർ-ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമൊക്കെയായിരുന്ന എം ബി ശ്രീകുമാർ പഴയ പ്രതാപത്തോടെ തിരിച്ചെത്താനുള്ള ശ്രമത്തിൽ. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി രമ്യതയിലെത്തിയ ശ്രീകുമാർ പിന്തുണ ഉറപ്പിക്കാൻ വേണ്ടി പത്തനംതിട്ട യൂണിയനിലെ വിവിധ ശാഖകൾ തനിക്കൊപ്പമാക്കിത്തുടങ്ങി.
അപകടം മണത്ത യൂണിയൻ നേതൃത്വം അതിലൊരു ശാഖാ ഭരണസമിതി പിരിച്ചു വിട്ട് പകരം നിയമിച്ച 15 അംഗ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയിൽ ഉള്ളത് മുഴുവൻ സിപിഎമ്മുകാർ. യൂണിയൻ പ്രസിഡന്റും കെപ്‌കോ ചെയർമാനുമായ കെ. പത്മകുമാർ ബിജെപിയോട് അടുക്കുന്ന വെള്ളാപ്പള്ളിയെ വെല്ലുവിളിച്ച് സംഘടനെയ സിപിഎമ്മിന്റെ തൊഴുത്തിൽ കെട്ടിയതോടെ പോര് മുറുകി.
വെള്ളാപ്പള്ളി കുടുംബവാഴ്ചയ്ക്ക് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് എം ബി ശ്രീകുമാർ എസ്.എൻ.ഡി.പിയിൽ നിന്നു കൊണ്ടുതന്നെ ഗോകുലം ഗോപാലനുമായി ചേർന്ന് ശ്രീനാരായണ ധർമവേദി രൂപീകരിച്ചത്. മുൻ പ്രസിഡന്റ് സി.കെ. വിദ്യാസാഗറും ഇവർക്കൊപ്പമുണ്ടായിരുന്നു. തുടക്കത്തിൽ ശക്തമായിരുന്ന ധർമവേദിയിൽനിന്ന് പിന്നീട് ശ്രീകുമാറും വിദ്യാസാഗറും പിന്നാക്കം പോയി.
വെള്ളാപ്പള്ളിയും ശ്രീകുമാറും തമ്മിൽ അകന്നപ്പോൾ ഏറ്റവും ഗുണമുണ്ടായത് പത്തനംതിട്ട യൂണിയൻ പ്രസിഡന്റായ കെ. പത്മകുമാറിനാണ്. എസ്.എൻ.ഡി.പിയുടെ ലേബലിൽ പൊതുമേഖലാ സ്ഥാപനമായ കെപ്‌കോയുടെ ചെയർമാൻ സ്ഥാനത്ത് പത്മകുമാർ എത്തുകയും ചെയ്തു. പത്തനംതിട്ട യൂണിയനിലേക്ക് ശ്രീകുമാർ എത്തിയാൽ പണി പാളുമെന്ന് ഉറപ്പായ പത്മകുമാർ അതിനുള്ള ശ്രമങ്ങൾ നേരത്തേ തന്നെ നടത്തിവരികയാണ്. അതിനിടെ തന്നെയും ശ്രീകുമാറിനെയും തമ്മിൽ ചിലർ മനഃപൂർവം തെറ്റിക്കുകയായിരുന്നുവെന്ന് മനസിലാക്കിയ വെള്ളാപ്പള്ളി വൈരം വെടിഞ്ഞ് ശ്രീകുമാറുമായി അടുത്തു. താഴേത്തട്ടിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടുവരാനാണ് വെള്ളാപ്പള്ളി ശ്രീകുമാറിനോട് പറഞ്ഞത്. ഇതനുസരിച്ചാണ് അദ്ദേഹം യൂണിയനിലെ ശാഖകളിൽ തന്റെ പിടിമുറുക്കി വരുന്നത്.
ശ്രീകുമാറിനൊപ്പം നിന്ന ശാഖയുടെ ഭരണാധികാരം പിടിച്ചെടുത്ത് യൂണിയൻ ഔദ്യോഗികപക്ഷം നിയമിച്ച അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയിൽ ഏറെയും സിപിഐ(എം) പ്രവർത്തകരാണ്. തങ്ങളെ തെരഞ്ഞെടുത്ത വിവരം ഇവരിൽ ചിലർ അറിഞ്ഞില്ലെന്നും പലർക്കും ഔദ്യോഗികപദവി വഹിക്കാൻ ആവശ്യമായ സ്ഥിരാംഗത്വം ഇല്ലെന്നും എതിർവിഭാഗം ആരോപിക്കുന്നു.
എസ്.എൻ.ഡി.പി പത്തനംതിട്ട ടൗൺ ബി 4541 നമ്പർ ശാഖയുടെ ഭരണമാണ് കഴിഞ്ഞ മാസം 28 ന് യൂണിയൻ കമ്മറ്റി പിടിച്ചെടുത്തത്. മുൻഭരണസമിതിയംഗങ്ങൾ രാജിവച്ച ഒഴിവിലേക്ക് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ നിയമിക്കുകയാണെന്ന് യൂണിയൻ സെക്രട്ടറി സി.എൻ. വിക്രമൻ കഴിഞ്ഞ രണ്ടിനു ചേർന്ന പൊതുയോഗത്തെ അറിയിച്ചു. കെ.ആർ. സലിലനാഥ് ചെയർമാനും എം.കെ. രവീന്ദ്രനാഥ് കൺവീനറും 15 കമ്മറ്റി അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി. ഈ 15 കമ്മറ്റിയംഗങ്ങളിലാണ് ചിലർ സ്ഥിരാംഗം പോലുമല്ലാത്തത്. സിപിഐ(എം) നേതാക്കളെ കുത്തിനിറച്ചാണ് കമ്മറ്റി ഉണ്ടാക്കിയത്. ശാഖാ കമ്മറ്റിയിൽ 148 അംഗങ്ങളുണ്ട്. ഇതിൽ 140 പേരും തങ്ങൾക്കൊപ്പമാണ് എന്നും മുൻഭാരവാഹികൾ അവകാശപ്പെട്ടു.
ഒന്നരവർഷം മുൻപ് ഈ ശാഖയിൽ നിന്നുള്ള രണ്ടു കുടുംബങ്ങൾ പെന്തക്കോസ്തിൽ ചേർന്നിരുന്നു. ഇവരെ മടക്കി കൊണ്ടുവരാനുള്ള ശ്രമം സംഘർഷത്തിൽ കലാശിക്കുകയും രണ്ടു പെന്തക്കോസ്ത് പാസ്റ്റർമാർക്ക് പരുക്കേൽക്കുകയുമുണ്ടായി. യൂണിയൻ നേതൃത്വത്തിന്റെ ഒത്താശയോടെ നടന്ന ഈ സംഭവം കോടതിയും കേസുമായതോടെ നേതാക്കൾ പിന്നാക്കം പോയി. ശാഖാ ഭാരവാഹികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ എല്ലാത്തിനും നേതൃത്വം കൊടുത്ത യൂണിയൻ നേതാക്കൾ പിന്മാറിയത് അവരെ അമ്പരപ്പിച്ചു. ഈ അവസരത്തിൽ എം.ബി. ശ്രീകുമാർ ശാഖാംഗങ്ങളുടെ രക്ഷകനായി അവതരിക്കുകയായിരുന്നു. പ്രശ്‌നം ശ്രീകുമാറിന്റെ മധ്യസ്ഥതയിൽ പാസ്റ്റർമാരുമായി ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കി.
ഇതോടെ ശാഖാ കമ്മറ്റിയംഗങ്ങളിൽ ഏതാനും പേരൊഴികെ എല്ലാവരും ശ്രീകുമാറിനൊപ്പമായി. യൂണിയൻ നയങ്ങളിൽ പ്രതിഷേധിച്ച് ശാഖാ സെക്രട്ടറി അന്നു തന്നെ രാജിവച്ചു. പിന്നീട് നിലവിലുള്ള കമ്മറ്റിയെ പുറത്താക്കാൻ യൂണിയൻ നേതൃത്വം പല നമ്പരുകളും ഇറക്കിയെന്ന് ശാഖാംഗങ്ങൾ ആരോപിക്കുന്നു. ഒന്നും നടക്കാതെ വന്നപ്പോഴാണ് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റി രൂപീകരിച്ച് ഭരണം പിടിച്ചത്. ജനാധിപത്യ വ്യവസ്ഥയിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിൽ പത്മകുമാറിനെ എതിർക്കുന്നവർ അധികാരത്തിൽ വരുമായിരുന്നു. ഇതിന് തടയിടാൻ വേണ്ടി സിപിഐ(എം) ജില്ലാ സെക്രട്ടറിയുമായി ആലോചിച്ചാണത്രേ യൂണിയൻ നേതൃത്വം പാനൽ തയാറാക്കിയത്. 15 അംഗ പുതിയ കമ്മറ്റിയിൽ എട്ടുപേർ സിപിഐ(എം) ബ്രാഞ്ച് കമ്മറ്റിയിലും എസ്.എഫ്.ഐയിലും സിഐടിയുവിലും പ്രവർത്തിക്കുന്നവരാണ്. ബാക്കി ഏഴുപേർ പാർട്ടി അനുഭാവികളുമാണ്.
വെള്ളാപ്പള്ളി നടേശൻ ബിജെപിയിലേക്ക് ചേക്കേറാൻ തുടങ്ങുന്നുവെന്ന് വന്നതോടെ എസ്.എൻ.ഡി.പി ശാഖകളുടെ നിയന്ത്രണം പിടിക്കാൻ സിപിഐ(എം) നേതൃത്വം അണികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഈ ശാഖ പിടിച്ചെടുത്തിരിക്കുന്നത്. കമ്മറ്റിയിലുള്ള 15 പേരുടെ ലിസ്റ്റ് ആവശ്യപ്പെടുകയും ഇതനുസരിച്ച് പട്ടിക തയാറാക്കി യോഗം കൗൺസിലിന് നൽകുകയുമായിരുന്നു. ഇതാരൊക്കെയാണെന്ന് അറിയാതെ കൗൺസിൽ അംഗീകാരവും നൽകി. കഴിഞ്ഞ രണ്ടിന് തന്നെ ഇവർ അധികാരമേൽക്കുകയും ചെയ്തു. ഇവിടെ നടന്ന യഥാർഥ സംഭവം എന്താണെന്ന് വെള്ളാപ്പള്ളിക്ക് അറിയില്ലെന്നാണ് ശാഖാംഗങ്ങൾ പറയുന്നത്. ഈ വിവരങ്ങളെല്ലാം വിശദമായി തന്നെ അദ്ദേഹത്തെ അറിയിക്കാനൊരുങ്ങുകയാണ് ശാഖാംഗങ്ങൾ.