കാസർകോട്: ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിനെ തുടർന്ന് എംഎ‍ൽഎ എംസി ഖമറുദ്ദീനെ യുഡി്ഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റി മുസ്ലിം ലീഗ്. നിക്ഷേപകർക്ക് ആറുമാസത്തിനകം പണം തിരികെ നൽകണമെന്ന് ലീഗ് ആവശ്യപ്പെട്ടു.പ്രശ്‌നങ്ങൾ ഖമറുദ്ദീൻ തന്നെ ഏറ്റെടുക്കണമെന്നും ബാധ്യത പാർട്ടി ഏറ്റെടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. അതേ സമയം ഇത് ഒരു വഞ്ചനയോ തട്ടിപ്പോ അല്ലെന്നും ഒരാൾ തുടങ്ങി ബിസിനസ് പൊളിഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കാസർകോട് എംഎ‍ൽഎ എൻ.എ നെല്ലിക്കുന്ന്, കാസർകോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള എന്നിവരുമായി പാണക്കാട് തങ്ങൾ ചർച്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം.ഖമറുദ്ദീനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുടെയും സമ്മർദ്ദത്തെത്തുടർന്ന് ഖമറുദ്ദീനുമായുള്ള കൂടിക്കാഴ്ച പാണക്കാട് തങ്ങൾ ഒഴിവാക്കിയിരുന്നു.ഇന്ന് രാവിലെ പാണക്കാടെത്തി വിശദീകരണം നൽകാനായിരുന്നു ലീഗ് നേതൃത്വം എം.സി ഖമറുദ്ദീന് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ അച്ചടക്ക നടപടി ഒഴിവാക്കാൻ കാസർകോട് എംഎ‍ൽഎ എൻ.എ നെല്ലിക്കുന്ന്, കാസർകോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള എന്നിവരെയും കൂട്ടിയാണ് ഖമറുദ്ദീൻ മലപ്പുറത്തെത്തിയത്. ഈ നീക്കം നേരത്തെ അറിഞ്ഞ ഖമറുദ്ദീൻ വിരുദ്ധ വിഭാഗവും മലപ്പുറത്തെത്തി.

ഇരു വിഭാഗവും മലപ്പുറത്തെത്തിയത് അനിഷ്ട സംഭവങ്ങൾക്കിടയാക്കുമെന്നു മുന്നിൽ കണ്ടാണ് കമറുദ്ദീനോട് തൽക്കാലം പാണക്കാടേക്ക് വരേണ്ടതില്ലെന്ന് നേതൃത്വം അറിയിച്ചത്. തുടർന്ന് വഴി മധ്യേ ഖമറുദീൻ തിരിച്ചു പോവുകയായിരുന്നു.തട്ടിപ്പിനരയായ നിക്ഷേപകർക്ക് നാലു മാസത്തിനകം പണം തിരിച്ചു നൽകാമെന്ന് ഖമറുദ്ദീൻ നേരത്തെ ലീഗിന് ഉറപ്പു നൽകിയിരുന്നു