കോഴിക്കോട്: കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ജീവൻ നൽകിയ അണികൾ അനവധിയുള്ള ഒരു കാലമുണ്ടായിരുന്നു. ഇതിനിടെ ചില പാർട്ടി വീഴ്‌ച്ചകൾ ചിലരെ വിസ്മൃതിയിലാക്കും. അത്തരമൊരു ദുരനുഭവം പേറുന്ന ആളായിരുന്നു എടക്കാട് സ്വദേശി എം സി കൃഷ്ണൻ എന്ന കോൺഗ്രസുകാരൻ. അര നൂറ്റാണ്ട് മുമ്പ് പാർട്ടിക്ക് പറ്റിയ തെറ്റ് തിരുത്താതെ നിലകൊണ്ടപ്പോഴും മറുചേരിയിലേക്ക് പോകാതെ കോൺഗ്രസുകാരനായി തുടർന്ന കൃഷ്ണന് ഇനി ത്രിവർണപതാക പാർട്ടി അംഗമെന്ന നിലയിൽ കൈയിലേന്താം. 51 വർഷം മുമ്പ് പറ്റിയ തെറ്റാകും പാർട്ടി ഇന്ന് തിരുത്തുക.

സസ്‌പെൻഷൻ പിൻവലിച്ചു പുതിയ അംഗത്വം അദ്ദേഹത്തിന് നൽകും. സഹകരണ സംഘത്തിൽ ധനാപഹരണം നടത്തിയെന്ന ആരോപണത്തിൽ 1970 ലാണു ഡിസിസി അംഗവും എടക്കാട് ഡിവിഷൻ കോൺഗ്രസ് സെക്രട്ടറിയുമായിരുന്ന എം.സി. കൃഷ്ണനെ പാർട്ടിയിൽ നിന്നു സസ്‌പെൻഡ് ചെയ്തത്. 'അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നു' എന്ന ഒറ്റവരി കുറിപ്പിൽ 15 വർഷത്തെ പാർട്ടി ബന്ധം മുറിഞ്ഞു. കൃഷ്ണൻ കുറ്റക്കാരനല്ലെന്നു പിന്നീടു കോടതി വിധിച്ചു. പക്ഷേ പാർട്ടിയുടെ അന്വേഷണം 51 വർഷമായിട്ടും കഴിഞ്ഞില്ല.

ഇതിനെല്ലാം പിന്നിൽ അന്നത്തെ ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നാണ് 94ാം നവയസിൽ കൃഷ്ണൻ പറയുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതുരംഗത്തെത്തിയ കൃഷ്ണൻ പാർട്ടിയുടെ കോഴിക്കോട് ടൗൺ സെക്രട്ടറിയായിരുന്നു. പാർട്ടി നിരോധിച്ച കാലത്ത് എട്ടു മാസത്തോളം ജയിൽവാസം അനുഭവിച്ചു. കോൺഗ്രസ് നേതാവായിരുന്ന കെ. കേളപ്പനെ വധിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി പദ്ധതിയിട്ടിരുന്നുവെന്ന എം.സി. കൃഷ്ണന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു.

1955 ലാണു കോൺഗ്രസിൽ ചേർന്നത്. 1970ൽ എടക്കാട് ക്ഷീരസഹകരണ സംഘം പ്രസിഡന്റായത്. പ്രസിഡന്റായ ശേഷം കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു മുൻഭരണസമിതിയുടെ കാലത്തെ കണക്കുകളിൽ എണ്ണായിരത്തോളം രൂപയുടെ കുറവു കണ്ടെത്തിയത്. എടക്കാട് ജ്യോതി എന്ന പേരിൽ ബേക്കറി നടത്തി. 48 വർഷമായി കാലിക്കറ്റ് ബേക്കറി ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയാണ്.

കൃഷ്ണന്റെ കഥയറിഞ്ഞ് എം.കെ.രാഘവൻ എംപി കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. അദ്ദേഹം വിവരം കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനെയും അറിയിച്ചു. ഇതറിഞ്ഞ് സുധാകരനും മുൻ പ്രസിഡന്റ് വി എം. സുധീരനും ഫോണിൽ വിളിച്ചു. സസ്‌പെൻഷൻ പിൻവലിച്ച് അംഗത്വം പുതുക്കി നൽകുമെന്നു സുധാകരൻ ഉറപ്പ് നൽകിയിരുന്നു. ഇന്നു രാവിലെ ഡിസിസി പ്രസിഡന്റ് യു. രാജീവൻ എടക്കാട്ടെ വീട്ടിലെത്തി കൃഷ്ണന് സസ്‌പെൻഷൻ പിൻവലിച്ച കത്തു കൈമാറും. താൻ അന്നും ഇന്നും കോൺഗ്രസുകാരൻ തന്നെയാണെന്നാണ് കൃഷ്ണൻ പറയുന്നത്.