- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥയുടെ രാജശില്പി
മലയാളത്തിലെ ഏറ്റവും 'വലിയ' എഴുത്തുകാരൻ എം ടി. വാസുദേവൻനായരാണ്. ജനപ്രീതിയിൽ, സാംസ്‌കാരികപദവിയിൽ, വ്യക്തിപ്രഭാവലയത്തിൽ, ഭിന്നസാമൂഹികമണ്ഡലങ്ങളിലെ ഇടപെടലിൽ, സ്ഥാപനവൽക്കരണത്തിൽ, വിഗ്രഹവൽക്കരണത്തിൽ, ബിംബഛായയിൽ... ഒക്കെ എം ടി. കൈവരിച്ച വിജയം മറ്റൊരെഴുത്തുകാരനും മലയാളത്തിൽ കൈവന്നിട്ടില്ല. സിനിമയിലെയും രാഷ്ട്രീയത്തിലെയും സൂപ്പർതാരങ്ങൾക്കുപോലും മുകളിലാണ് അദ്ദേഹത്തിന്റെ 'ആഢ്യത്വം'. സാഹിത്യരംഗത്തെ പദവിമൂല്യം പറയാനുമില്ല. സാഹിത്യവും സിനിമയും സാഹിത്യമാധ്യമപ്രവർത്തനവും ഉൾപ്പെടെയുള്ള മേഖലകളിൽ ഇത്രമേൽ പ്രതാപത്തോടെ അരങ്ങുവാണ മറ്റൊരാളില്ല. അതേസമയം 'ഈ വലിപ്പം' എം ടി.യുടെ ഭാവനയ്ക്കുള്ള 'മികവി'ന്റെ മാനദണ്ഡമാകുന്നുമില്ല. നിശ്ചയമായും മലയാളത്തിലെ ഏറ്റവും മികച്ച അഞ്ചു നോവലിസ്റ്റുകളിൽ ഒരാളല്ല എം ടി. മികച്ച പത്തു നോവലിസ്റ്റുകളിലൊരാളായിപ്പോലും അദ്ദേഹം വരുമോ എന്നതും സംശയമാണ്. സാഹിതീയ പത്രപ്രവർത്തനത്തിൽ എം ടി.യെക്കാൾ സംഭാവന ചെയ്തവർ പലരുണ്ട്. തിരക്കഥാരംഗത്താകട്ടെ, നവതരംഗ സിനിമയുടെ കലാമണ്ഡലത്തിൽ എം ടി.ക്കു സ്ഥാനമേതുമില്
മലയാളത്തിലെ ഏറ്റവും 'വലിയ' എഴുത്തുകാരൻ എം ടി. വാസുദേവൻനായരാണ്. ജനപ്രീതിയിൽ, സാംസ്‌കാരികപദവിയിൽ, വ്യക്തിപ്രഭാവലയത്തിൽ, ഭിന്നസാമൂഹികമണ്ഡലങ്ങളിലെ ഇടപെടലിൽ, സ്ഥാപനവൽക്കരണത്തിൽ, വിഗ്രഹവൽക്കരണത്തിൽ, ബിംബഛായയിൽ... ഒക്കെ എം ടി. കൈവരിച്ച വിജയം മറ്റൊരെഴുത്തുകാരനും മലയാളത്തിൽ കൈവന്നിട്ടില്ല. സിനിമയിലെയും രാഷ്ട്രീയത്തിലെയും സൂപ്പർതാരങ്ങൾക്കുപോലും മുകളിലാണ് അദ്ദേഹത്തിന്റെ 'ആഢ്യത്വം'. സാഹിത്യരംഗത്തെ പദവിമൂല്യം പറയാനുമില്ല. സാഹിത്യവും സിനിമയും സാഹിത്യമാധ്യമപ്രവർത്തനവും ഉൾപ്പെടെയുള്ള മേഖലകളിൽ ഇത്രമേൽ പ്രതാപത്തോടെ അരങ്ങുവാണ മറ്റൊരാളില്ല.
അതേസമയം 'ഈ വലിപ്പം' എം ടി.യുടെ ഭാവനയ്ക്കുള്ള 'മികവി'ന്റെ മാനദണ്ഡമാകുന്നുമില്ല. നിശ്ചയമായും മലയാളത്തിലെ ഏറ്റവും മികച്ച അഞ്ചു നോവലിസ്റ്റുകളിൽ ഒരാളല്ല എം ടി. മികച്ച പത്തു നോവലിസ്റ്റുകളിലൊരാളായിപ്പോലും അദ്ദേഹം വരുമോ എന്നതും സംശയമാണ്. സാഹിതീയ പത്രപ്രവർത്തനത്തിൽ എം ടി.യെക്കാൾ സംഭാവന ചെയ്തവർ പലരുണ്ട്. തിരക്കഥാരംഗത്താകട്ടെ, നവതരംഗ സിനിമയുടെ കലാമണ്ഡലത്തിൽ എം ടി.ക്കു സ്ഥാനമേതുമില്ല. സാഹിതീയ തിരക്കഥാരംഗത്താകട്ടെ അദ്ദേഹമാണ് ചക്രവർത്തി. പത്മരാജൻ മാത്രമായിരിക്കും ഈ രംഗത്ത് എം ടി.ക്കുള്ള ഏക എതിരാളി. ഈ മൂന്നുരംഗങ്ങളെക്കാൾ എം ടി.യുടെ പ്രതിഭ മൗലികമായി ഇടപെട്ടതും വിജയിച്ചതും മറ്റൊരു മണ്ഡലത്തിലാണ്. ചെറുകഥയിൽ. നിസംശയം പറയാം, മലയാളത്തിലെ ഏറ്റവും മികച്ച രണ്ടു കഥാകൃത്തുക്കളിലൊരാളാണ് എം ടി.
1948 മുതൽ 1998 വരെ അരനൂറ്റാണ്ടുകാലത്തെഴുതിയ നൂറുകണക്കിനു കഥകളിലൂടെയും അവയിൽ ചിലതിന്റെ ചലച്ചിത്രരൂപാന്തരത്തിലൂടെയും എം ടി. മലയാളകഥയിലെ കൾട്ട് ഫിഗറായി മാറി. മാധവിക്കുട്ടിക്കു മാത്രമായിരിക്കും തത്തുല്യമായ ഒരു പദവി മലയാളകഥയിൽ കൈവന്നത്. പക്ഷെ അവർ ഒരിക്കലും എം ടി.യോളം ജനപ്രീതി നേടിയില്ല.
മൂന്നു കാരണങ്ങളാണ് എം ടി.യെ മലയാളകഥയിലെ രാജശില്പിയാക്കി മാറ്റുന്നതിനു പിന്നിൽ കണ്ടെത്താവുന്നത്.
ഒന്ന്, ചെറുകഥ എന്ന സാഹിത്യരൂപ/ഗണത്തിന്റെ ജനിതകഘടന.
രണ്ട്, മലയാളത്തിൽ ചെറുകഥക്കു കൈവന്ന ജനപ്രിയത്വത്തിന്റെ ഭാവുകത്വഘടന.
മൂന്ന്, ചെറുകഥയുടെ സാംസ്‌കാരിക രാഷ്ട്രീയങ്ങളെ നിർണയിച്ച സാമൂഹ്യഘടന.
ആത്മനിഷ്ഠവും വൈകാരികവും കാല്പനികവുമായി ഗദ്യത്തിന്റെ സൗന്ദര്യാത്മകസാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി രൂപംകൊള്ളുന്ന കഥനകലയെന്ന നിലയ്ക്ക് മലയാളത്തിൽ ചെറുകഥയുടെ ജനിതകസ്വരൂപം ഏറ്റവും മൂർത്തമായി സഞ്ചരിച്ചെത്തിയത് 1950-കളിൽ എം ടി.യിലാണ്. ദൃശ്യബിംബങ്ങളുടെ സമൃദ്ധിയിൽ, ഭാവാത്മകതയുടെ സമ്പന്നതയിൽ, ആഖ്യാനത്തിന്റെ മാന്ത്രികലാവണ്യത്തിൽ, എം ടി.യുടെ കഥാഭാവന കൈവരിച്ച ഉയരങ്ങൾ മലയാളത്തിൽ മറ്റൊരാൾക്കും പ്രാപ്യമായില്ല. 'ഏകാകിയുടെ ശബ്ദം' (Lonely Voice എന്ന് ഫ്രാങ്ക് ഒ. കോണർ) എന്ന നിലയിൽ ചെറുകഥക്കു കല്പിക്കു കല്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും പ്രസിദ്ധമായ നിർവചനം മലയാളത്തിൽ എം ടി. യോളം സാർഥകവും സൗന്ദര്യാത്മകവുമായി സാക്ഷാൽക്കരിച്ചവരില്ല. ഇതാണ് ഒന്നാമത്തെ കാരണം.
1950-കളിലാണ് നോവലെന്നപോലെ ചെറുകഥയും മലയാളത്തിൽ ജനപ്രിയമായ ഒരു സാഹിത്യസംസ്‌കാരത്തിനു രൂപം കൊടുക്കുന്നത്. കവിതയെക്കാൾ ചലച്ചിത്രഗാനങ്ങളും നാടകങ്ങളെക്കാൾ സിനിമയും ജനപ്രിയമായിത്തുടങ്ങുന്ന കാലം കൂടിയാണിത്. അങ്ങനെ വായനയുടെയും കേൾവിയുടെയും കാഴ്ചയുടെയും സമാന്തരമായ അനുഭവസമൃദ്ധിയിൽ മലയാളി സാക്ഷരതാവളർച്ചക്കും പത്രമാസികകളുടെ പെരുപ്പത്തിനും വായനശാലകളുടെ പടർച്ചക്കും പ്രസാധന വ്യവസായത്തിന്റെ കുതിപ്പിനും സാക്ഷ്യം നിന്നു. ചെറുകഥ ഈ കാലത്തിന്റെ ഭാവഗീതവും ഗദ്യകലയും കഥനരൂപവുമായി മാറി. എം ടി. ഈ കലയുടെ ഭാവുകത്വവ്യതിയാനങ്ങളുടെ തമ്പുരാനുമായി. ഇതാണ് രണ്ടാമത്തെ കാരണം.
പുരോഗമനസാഹിത്യത്തിന്റെയും സംഘടനയുടെയും സാംസ്‌കാരികവും രാഷ്ട്രീയവുമായ മരണം, റിയലിസ്റ്റിക് ഭാവന ചലച്ചിത്രകലയിലേക്കു കുടിയേറിയത്, സർവകലാശാല-കോളേജ് പാഠ്യപദ്ധതികൾ മുതൽ സാഹിത്യസ്ഥാപനങ്ങളും മാസികകളും പുരസ്‌കാരങ്ങളും നിരൂപണവും മറ്റും ചെറുകഥയ്ക്കു നൽകിയ പ്രാതിനിധ്യം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഈ സാഹിത്യരൂപത്തിന്റെ ജനിതകപരവും ഭാവുകത്വപരവുമായ ഘടനകളെ സാമൂഹികതലത്തിൽ പുനർവിന്യസിച്ചു തുടങ്ങുന്നതും 1950കളിലാണ്. റേഡിയോയുടെ സുവർണകാലത്ത് യേശുദാസുണ്ടായി എന്നു പറയുംപോലെ, കഥയുടെ വസന്തകാലത്ത് എം ടി.യുണ്ടായി എന്നും പറയാം.
എം ടി. മലയാളത്തിൽ ചെറുകഥയുടെ രാജശില്പിയായി മാറി എന്നതിന്റെ സൗന്ദര്യാത്മകവും ഭാവാത്മകവുമായ വിശകലനം നടത്തുകയാണ് കെ.എസ്. രവികുമാർ. എം ടി.യുടെ കഥാലോകത്തെക്കുറിച്ചുള്ള ഒരു പൊതുവിമർശനം എന്ന നിലയിൽ ഈ പുസ്തകം 1948ൽ എം ടി. എഴുതിയ 'കാഴ്ച' വരെയുള്ള രചനകളിലൂടെ പ്രമേയനിഷ്ഠവും ആഖ്യാനനിഷ്ഠവുമായ ഒരവലോകനം നടത്തുന്നു. മലയാളത്തിൽ ചെറുകഥാ നിരൂപണരംഗത്ത് എംപി. പോളും കേസരിയും കുറിച്ച തുടക്കത്തെ അക്കാദമിക മണ്ഡലത്തിൽ വികസിപ്പിച്ചത് എം. അച്യുതനും എം.എം. ബഷീറുമാണ്. കെ.പി. അപ്പനും സച്ചിദാനന്ദനും ഉൾപ്പെടെ ചിലർ ഈ പഠനമണ്ഡലത്തെ വിമർശനരംഗത്തു സുദൃഢമാക്കി. രവികുമാർ ഈ നിരയിലേക്ക് തന്റെ നിരവധിയായ നിരൂപണരചനകളുമായി കടന്നുവരികയും 'നൂറുവർഷം നൂറുകഥ' പോലുള്ള സംരംഭങ്ങളിലൂടെ 1990കളുടെ തുടക്കത്തിൽ മലയാളചെറുകഥക്ക് അതിന്റെ ചരിത്രജീവിതവും സമകാലജീവിതവും പുതുക്കിയെഴുതി നൽകുകയും ചെയ്തു. 'എം ടി. എന്ന അക്ഷരശില്പി' എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗ്രന്ഥവും ഈയൊരു സാഹിത്യവിമർശനപാരമ്പര്യത്തെയാണ് പിൻപറ്റുന്നത്.
എം ടി.യുടെ ഭാവനാലോകം മൊത്തത്തിൽ നോക്കിക്കാണുന്ന ആമുഖത്തിനു പുറമെ കഥയുടെ കഥനകലയിലൂടെയുള്ള എം ടി.യുടെ അരനൂറ്റാണ്ടുനീണ്ട യാത്രയെ ചരിത്രാത്മകവും ഭാവുകത്വപരവുമായി നോക്കിക്കാണുന്ന പതിനാലോളം ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. അനുബന്ധമായി 'എം ടി. എന്ന പത്രാധിപർ' എന്നൊരു രചനയും.
മുൻപുതന്നെ, 'രക്തം പുരണ്ട മൺതരികൾ' എന്നൊരു കഥാസമാഹാരം പുറത്തു വന്നിരുന്നുവെങ്കിലും 1954ൽ എഴുതി പ്രസിദ്ധീകരിച്ച 'വളർത്തുമൃഗങ്ങൾ' എന്ന കഥ തൊട്ടാണ് എം ടി.യുടെ ജൈത്രയാത്രയാരംഭിക്കുന്നത്. തുടർന്നങ്ങോട്ട് പതിനൊന്നു പ്രമേയങ്ങൾ കേന്ദ്രീകരിച്ച് എം ടി. കഥകളിലെ ഭാവലോകങ്ങളുടെ ലാവണ്യവിചാര മാതൃകകളവതരിപ്പിക്കുകയാണ് രവികുമാർ.
'തിരസ്‌കൃതജീവിതങ്ങൾ' എന്ന പ്രമേയം മുൻനിർത്തി 'വളർത്തുമൃഗങ്ങൾ', 'കുട്ട്യേടത്തി', 'ഇരുട്ടിന്റെ ആത്മാവ്' തുടങ്ങിയ കഥകളെ വിശദീകരിക്കുകയാണ് ആദ്യലേഖനം. പറ്റസമൂഹത്തിന്റെ കണ്ണിൽ പെടാതെയും ഹൃദയത്തിൽ ചേക്കേറാതെയും പോകുന്ന ഒറ്റമനുഷ്യരുടെ കഥകൾ. കാരൂരിലും ഉറൂബിലും മുൻപു മലയാളി കണ്ടറിഞ്ഞ ശിഥിലമായ ജീവിതബന്ധങ്ങളുടെ കുറെക്കൂടി ആത്മനിഷ്ഠവും വൈകാരികവുമായ സൂക്ഷ്മകഥനങ്ങൾ. പൊറ്റക്കാടിൽ നിന്നുള്ള കാവ്യാത്മകവും കാല്പനികവുമായ കുതിപ്പുകൾ.
കൂടല്ലൂരിന്റെ പരിചിതഗന്ധങ്ങളെ കഥയിലാവിഷ്‌ക്കരിക്കുന്ന എം ടി.യുടെ ഭാവനയിലാണ് രണ്ടാം ലേഖനത്തിന്റെ ഊന്നൽ. അദ്ദേഹം എഴുതുന്നു:
'എന്റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനോടുള്ളതിലുമധികം ഞാൻ കടപ്പെട്ടിരിക്കുന്നത് എന്റെ ഗ്രാമമായ കൂടല്ലൂരിനോടാണ്; വേലായുധേട്ടന്റെയും ഗോവിന്ദൻ കുട്ടിയുടെയും പകിടകളിക്കാരൻ കോന്തുണ്ണി അമ്മാമയുടെയും കാതുമുറിച്ച മീനാക്ഷി ഏട്ടത്തിയുടെയും നാടായ കുടല്ലൂരിനോട്. അച്ഛൻ, അമ്മ, ജ്യേഷ്ഠന്മാർ, ബന്ധുക്കൾ, പരിചയക്കാർ, അയൽക്കാർ ഇവരെല്ലാം എനിക്കു പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്റെ ചെറിയ അനുഭവമണ്ഡലത്തിൽപ്പെട്ട സ്ത്രീപുരുഷന്മാരുടെ കഥകളാണ് എന്റെ സാഹിത്യത്തിൽ ഭൂരിഭാഗവും. മറ്റൊരു നിലയ്ക്കു പറഞ്ഞാൽ എന്റെ തന്നെ കഥകൾ' (തിരഞ്ഞെടുത്ത കഥകൾ- ആമുഖം).
കർക്കിടകം, ചെറിയ ചെറിയ ഭൂകമ്പങ്ങൾ, ഒരു പിറന്നാളിന്റെ ഓർമ, കുട്ട്യേടത്തി, പുരാവൃത്തം, സുകൃതം, ഇരുട്ടിന്റെ ആത്മാവ്, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച തുടങ്ങിയ കഥകളുദാഹരിച്ച് രവികുമാർ ഈ നിരീക്ഷണം സമർഥിക്കുന്നു. 'നാലുകെട്ടാണ്' എം ടി.യുടെ ഭാവനാഭൂപടത്തിന്റെ മധ്യരേഖയെന്ന് രവികുമാർ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
കുട്ടികളുടെ മനോലോകങ്ങൾ കേന്ദ്രീകരിച്ചെഴുതിയ കഥകളെക്കുറിച്ചാണ് അടുത്ത ലേഖനം. ഓപ്പോൾ, കുട്ട്യേടത്തി, കുറുക്കന്റെ കല്യാണം, നീലക്കടലാസ്, നുറുങ്ങുന്ന ശൃംഖലകൾ, നിന്റെ ഓർമയ്ക്ക്, അജ്ഞാതന്റെ ഉയരാത്ത സ്മാരകം.... മരുമക്കത്തായത്തിന്റെ ഇരകളായി മാറിയ അവസാനതലമുറയുടെ നെടുവീർപ്പുകളാണ് ഈ കഥകൾ. മതവിശ്വാസങ്ങളിലും പാരമ്പര്യാചാരങ്ങളിലും തളഞ്ഞുകിടക്കുന്ന ബാലമനസ്സിന്റെ ഭയവിഹ്വലതകളുടെ കൂടി ലോകമാണിത്. പള്ളിവാളും കാൽച്ചിലമ്പും, ഒടിയൻ, ചെറിയ ചെറിയ ഭൂകമ്പങ്ങൾ, പുരാവൃത്തം തുടങ്ങിയ കഥകൾ മുൻനിർത്തി സാംസ്‌കാരിക നരവംശശാസ്ത്രത്തിന്റെ ഈ കലാപാഠങ്ങൾ രവികുമാർ വിശദീകരിക്കുന്നു.
വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും മാനഹാനികൾ സൃഷ്ടിക്കുന്ന അസ്തിത്വപ്രശ്‌നങ്ങളുടെ കഥകളാണ് അടുത്തലേഖനത്തിന്റെ വിഷയം. ബഷീറും കാരൂരും മറ്റുമവതരിപ്പിച്ച വിഖ്യാതങ്ങളായ കഥകളുടെ പിൻഗാമികൾ. 'കർക്കിടകം' എന്ന കഥയാണ് ഇവിടത്തെ ക്ലാസിക് മാതൃക. ഒരു പിറന്നാളിന്റെ ഓർമയും കുറുക്കന്റെ കല്യാണവും പള്ളിവാളും കാൽച്ചിലമ്പും അജ്ഞാതന്റെ ഉയരാത്ത സ്മാരകവുമൊക്കെ ഈ പ്രമേയം മുൻനിർത്തി കാലത്തെയും സമൂഹത്തെയും ജീവിതത്തെയും പുനഃസൃഷ്ടിക്കുന്ന രചനകളാണ്.
ഭിന്നപ്രണയങ്ങളും ശിഥിലബന്ധങ്ങളുമാണ് മറ്റൊരു പ്രമേയമണ്ഡലം. നീലക്കടലാസ്, ഓളവും തീരവും, സ്‌നേഹത്തിന്റെ മുഖങ്ങൾ, ദുഃഖത്തിന്റെ താഴ്‌വരകൾ, വാനപ്രസ്ഥം എന്നിങ്ങനെ സഫലവും വിഫലവുമായ പ്രണയങ്ങളുടെ കാമനാപാഠങ്ങളായി മാറുന്നു, എത്രയെങ്കിലും കഥകൾ.
ദാമ്പത്യത്തെ ഒരു തടവറയായി കാണുന്ന കാല്പനികാധുനികതയുടെ പൊതുഭാവുകത്വം എം ടി. കഥകളിലാണ് ഏറ്റവും മൂർത്തമായി ഭാവരൂപം കൈക്കൊണ്ടിട്ടുള്ളത് (മാധവിക്കുട്ടിയാണ് ഈ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വ്യാപരിച്ച മറ്റൊരു കഥാകൃത്ത്). നുറുങ്ങുന്ന ശൃംഖലകൾ, കരിയില മൂടിയ വഴിത്താരകൾ, വിത്തുകൾ, മൂടുപടം, ഭീരു, ബന്ധനം, വാരിക്കുഴി, ചുവന്ന മണൽ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, കറുത്തചന്ദ്രൻ, കാഴ്ച.... അനേകം കഥകളിലെ സംഘർഷാത്മക ജീവിതചിത്രങ്ങൾ ദാമ്പത്യത്തിന്റെ തകർച്ചയിൽ നിന്നുടലെടുക്കുന്നവയാണ്.
മാതൃ-പിതൃബിംബങ്ങളുടെ ഭിന്നനിലകളിലുള്ള സാന്നിധ്യം എം ടി. കഥകളെ സന്ദിഗ്ദ്ധമാക്കുന്നതിനെക്കുറിച്ചാണ് അടുത്ത ലേഖനം. 'പടക്കം' മുതൽ 'വാനപ്രസ്ഥം' വരെ; കരിയില മൂടിയ വഴിത്താരകൾ മുതൽ പെരുമഴയുടെ പിറ്റേന്ന് വരെ; വിത്തുകൾ മുതൽ ഭീരു വരെ നിരവധി കഥകളിൽ ദൃശ്യമോ അദൃശ്യമോ ആയ മാതൃ-പിതൃ ബിംബങ്ങളുടെ, ജീവിതത്തിൽ കൊടുങ്കാറ്റിളക്കി വിടുന്ന കഥാപാത്രങ്ങളുടെ, സാന്നിധ്യം കാണാം.
ജീവിതത്തെക്കുറിച്ചല്ല, മരണത്തെക്കുറിച്ചാണ് ആധുനികകഥകൾ ഏറ്റവും കൂടുതൽ ആകുലപ്പെട്ടിട്ടുള്ളത്. എം ടി.യിലുമുണ്ട്, ഈയൊരു മരണാഭിരതിയുടെ കറുത്ത ഭാവന. അഭയംതേടി, ജോക്കർ, ഭീരു, മരണം, സ്വർഗം തുറക്കുന്ന സമയം, കല്പാന്തം.... എന്നിങ്ങനെ കുറെ കഥകളിൽ.
സാമൂഹ്യപ്രശ്‌നങ്ങളെ പ്രമേയമാക്കിയെടുത്തു ചർച്ചചെയ്യുന്ന പുരോഗമന, രാഷ്ട്രീയ, സാമൂഹിക കഥകളല്ല എം ടി.യുടേത്. പക്ഷെ ചുരുക്കം ചില രചനകളിൽ എം ടി.യും ഈയൊരു ഭാവുകത്വം പ്രകടിപ്പിക്കുന്നുവെന്നാണ് രവികുമാറിന്റെ കണ്ടെത്തൽ. സ്വർഗം തുറക്കുന്ന സമയം, വിത്തുകൾ, ജോക്കർ, ഹോര, ശിലാലിഖിതം, രേഖയില്ലാത്ത ചരിത്രം തുടങ്ങിയ കഥകളെ ഈ വീക്ഷണത്തിലവതരിപ്പിക്കുന്നു, അദ്ദേഹം.
ഓർമയെ സ്ഥലഭാവനയുടെയും കാലബോധത്തിന്റെയും ബോധധാരകളാക്കി പുനരാവിഷ്‌ക്കരിക്കുന്ന ഒരുപറ്റം കഥകളുണ്ട്, എം ടി.യുടേതായി. ഷെർലക്, പെരുമഴയുടെ പിറ്റേന്ന്, കഡുഗണ്ണാവ, ഒരു യാത്രാക്കുറിപ്പ്, കല്പാന്തം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം... എന്നിങ്ങനെയുള്ള കഥകളിൽ ഓർമ ആഖ്യാനത്തിന്റെ കലാതന്ത്രമായി മാറുന്നതെങ്ങളെയെന്ന് രവികുമാർ വിശദീകരിക്കുന്നു.
എം ടി. കഥകളിലെ ഭാവാത്മകതലങ്ങൾ 'ഏകാകികളുടെ ശബ്ദ'ത്തിൽ തുടങ്ങി ബഹുസ്വരതയുടെ മണ്ഡലങ്ങളിലേക്കു വളർന്നതിനെക്കുറിച്ചുള്ള കുറിപ്പുകളാണ് അടുത്ത രണ്ടു ലേഖനങ്ങൾ. കഥയെഴുത്തിന്റെ കലയെക്കുറിച്ച് അക്കാദമികവും സൗന്ദര്യാത്മകവുമായ ധാരണകളുള്ള മലയാളത്തിലെ കഥാചിന്തകൻ തന്നെയാണ് എം ടി. എന്നു സ്ഥാപിക്കുന്നു, ഈ ലേഖനങ്ങൾ.
എം ടി. എന്ന പത്രാധിപരെക്കുറിച്ചുള്ള അവസാനലേഖനം ആധുനിക മലയാള ചെറുകഥയുടെ പ്രസ്ഥാനവൽക്കരണത്തിൽ എം ടി. വഹിച്ച പങ്കിന്റെ കൂടി വിശകലനമാണ്. കാക്കനാടൻ, സക്കറിയ, എംപി. നാരായണപിള്ള, മേതിൽ രാധാകൃഷ്ണൻ, കോവിലൻ തുടങ്ങിയ കഥാകൃത്തുക്കളെയും താനുൾപ്പെടെയുള്ള നിരൂപകരെയും വളർത്തിയതിൽ എം ടി.യെന്ന പത്രാധിപർ വഹിച്ച പങ്ക് രവികുമാർ അനുസ്മരിക്കുന്നു.
മലയാളത്തിൽ ഇന്നുള്ള സാംസ്‌കാരിക ബിംബങ്ങളിൽ ഏറ്റവും മൂല്യം കല്പിക്കപ്പെടുന്ന എം ടി. വാസുദേവൻനായർ ചെറുകഥയുടെ കലയിൽ കൈവരിച്ച രാജപദവിയെക്കുറിച്ചുള്ള പരന്ന ആലോചനകളാണ് രവികുമാറിന്റേത്. അക്കാദമിക നിരൂപണരംഗത്ത് പ്രാധാന്യമേറെയുള്ള സമീപനങ്ങളിലൊന്ന്.
പുസ്തകത്തിൽനിന്ന്
'എം ടി വാസുദേവൻനായരുടെ ചെറുകഥകളിൽ മിക്കതിലും ആവർത്തിച്ചു വരുന്ന ഒരു നായകസങ്കല്പമുണ്ട്. പരാജിതനും തിരസ്‌കൃതനുമായ മനുഷ്യനാണയാൾ. ബാല്യത്തിൽ ദേവദൂതനെപ്പോലെ നിഷ്‌കളങ്കനും, പഠിക്കാൻ സമർത്ഥനും സൽസ്വഭാവിയുമായിരുന്നുവെങ്കിലും ജീവിതത്തിന്റെ കഠിനപഥങ്ങളിൽ പരാജിതനായി, ഏതോ വ്യർത്ഥഭാരവും പേറി പാപത്തിന്റെ കടവുകളിൽനിന്ന് കടവുകളിലേക്ക് സഞ്ചരിക്കുന്ന ഏകാകി. പലപ്പോഴും ഇച്ഛയെക്കാൾ സഹജവാസനയാണ് അയാളെ നയിക്കുന്നത്. അങ്ങനെ ജീവിതം ഒഴുക്കിൽപ്പെട്ടതുപോലെ നീങ്ങുന്നു.'വിത്തുകൾ', 'നീലക്കുന്നുകൾ', 'അന്തിവെളിച്ചം', 'ദുഃഖത്തിന്റെ താഴ്‌വരകൾ', 'ജോക്കർ, പതനം', 'ഡാർ-എസ്- സലാം', 'എവിടേക്കോ ഒരു വഴി', 'അജ്ഞാതന്റെ ഉയരാത്ത സ്മാരകം' തുടങ്ങിയ പല കഥകളിലും ആഖ്യാതാവിൽ ഈ നായക സങ്ക്‌ല്പത്തിന്റെ പ്രകാരഭേദങ്ങൾ കാണാം.
സഹജമായ ഏകാകിത, വിഷാദാഭിമുഖ്യം, ആധുനികജീവിതം നല്കിയ സംഘർഷങ്ങൾ, ജീവിതവിജയത്തിനുള്ള കഴിവുണ്ടായിട്ടും തിരസ്‌കരിക്കപ്പെടാനിടയായ വിധി, ഒരളവോളം സ്വയംകൃതമായ പ്രേമപരാജയം, സാമ്പത്തികനേട്ടത്തിനുവേണ്ടി നടത്തിയ ശ്രമങ്ങൾ സൃഷ്ടിച്ച സ്വത്വനാശം, ഇടർച്ചകളിലൂടെ മുന്നോട്ടുപോകുന്ന വിശ്ലഥദാമ്പത്യത്തിൽ പുലർത്തുന്ന ഉദാസീനതയും അവിശ്വസ്തതയും - ഇങ്ങനെ ഒട്ടേറെ ആന്തരികഘടകങ്ങൾ ഈ നായകസങ്കല്പത്തിന്റെ രൂപീകരണത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയൊക്കെക്കൂടി സൃഷ്ടിക്കുന്ന വൈരുദ്ധ്യവും വ്യക്തിത്വശൈഥില്യവും മാത്രമല്ല, മറ്റു ചില ബാഹ്യസാഹചര്യങ്ങളും ഈ രീതിയിലുള്ള കഥാപാത്രങ്ങളെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. സ്വാതന്ത്ര്യാനന്തര വർഷങ്ങളിൽ സാമൂഹികജീവിതത്തിലുണ്ടായ പ്രതീക്ഷാഭംഗം, ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കുണ്ടായ അപചയം, യുവാക്കൾക്കിടയിലെ അസ്വസ്ഥതകൾ, ആധുനികകലയും സാഹിത്യവുമായി ബന്ധപ്പെട്ട് കടന്നുവന്ന അസ്തിത്വദർശനത്തിന്റെ ആശയങ്ങൾ എന്നിവയെല്ലാം ചേർന്നുള്ള ഒരു ചരിത്രപരിസരം അതിനുണ്ട്.
എന്നാൽ എം ടിയുടെ ഈ നായകസങ്കല്പം കാക്കനാടന്റെയോ ഒ.വി. വിജയന്റെയോ ആധുനികതാവാദ സമീപനത്തിലുള്ള നായകസങ്കല്പമല്ല. ആധുനികതാവാദകാലത്ത നായകനിൽ കാണുന്ന നിഷേധപ്രവണതയുടെ, ചില അംശങ്ങൾ എം ടിയുടെ നായകകഥാപാത്രങ്ങളിൽ - 'ജോക്കർ' എന്ന കഥയിലെ നായകൻ ഉദാഹരണം- കാണാൻ കഴിയുമെങ്കിലും അടിസ്ഥാനപരമായി ആ നായകസങ്കല്പം ആധുനികനായകനിൽ നിന്ന് വ്യത്യസ്തമാണ്. തന്റെ ഭൂതകാലത്തെയും ഗ്രാമീണമായ വേരുകളെയും പീഡിതമായ വർത്തമാനാവസ്ഥയിലും താലോലിക്കുന്നവരാണ് എം ടിയുടെ നായകന്മാർ. 'വിത്തുക'ളിലെ ഉണ്ണിയെ നോക്കുക. കപടനാട്യങ്ങളായി മാറുന്ന സ്‌നേഹബന്ധങ്ങളെ നിഷേധാത്മകമായി അയാൾ നേരിടുന്നു. എങ്കിലും അമ്മയെക്കുറിച്ചുള്ള ഗാഢമായ ഓർമ്മകളും, കുടുംബത്തിൽ സഹോദരങ്ങൾ ഒരുമിച്ചു കഴിഞ്ഞ നാളുകളെക്കുറിച്ചുള്ള ഗൃഹാതുരസ്മൃതികളും അയാളിൽ പ്രബലമാണ്. ആ പാരമ്പര്യബദ്ധത ആധുനികസാഹിത്യത്തിലെ നായകന്മാർക്കില്ലാത്തതാണ്. 'അന്തിവെളിച്ച'ത്തിലെയും 'ദുഃഖത്തിന്റെ താഴ്‌വരക'ളിലെയും നായക കഥാപാത്രങ്ങളിൽ പ്രേമഭംഗത്തിന്റെ നിഗൂഢവേദനയും വ്യർത്ഥതാബോധവുമുണ്ടെങ്കിലും ഭൂതകാലാഭിമുഖ്യം അവരിൽ ശക്തമായി വർത്തിക്കുന്നു. കുടുംബത്തെക്കുറിച്ചുള്ള പ്രസാദഭരിതമായ സങ്കല്പങ്ങൾ ഈ കഥകളിൽ ആവർത്തിക്കുന്നു. അത് ജീവിതരതിയുടെ സൂചകമാണ്. 'നീലക്കുന്നുകൾ' എന്ന കഥയിലും ഈ അംശം പ്രബലമാണ്.
അലക്ഷ്യമായി നടത്തിയ യാത്രയ്ക്കിടയിൽ പെട്ടെന്ന് ഒരുൾപ്രേരണയുണ്ടായി, ഏറെക്കാലമായി കാണാതിരുന്ന സഹോദരിയുടെ വീട്ടിലെത്തിയ, ജീവിതം ധൂർത്തടിക്കുന്ന കഥാപാത്രത്തിലും കുടുംബം എന്ന സങ്കല്പം ആഴത്തിൽ വർത്തിക്കുന്നുണ്ട്. ചേച്ചിയുടെ കുടുംബത്തിന്റെ സാമ്പത്തിക പരിമിതികളുള്ളതെങ്കിലും സ്വച്ഛന്ദമായ അന്തരീക്ഷം അയാളെ ആശ്വസിപ്പിക്കുന്നു. തന്നിലെ തിന്മയുടെയും അരാജകപ്രവണതകളുടെയും സാന്നിദ്ധ്യം ആ വിശുദ്ധിയുടെ അന്തരീക്ഷത്തിൽ നിന്നകലാൻ അയാളെ പ്രേരിപ്പിക്കുകയാണ്. മാത്രമല്ല, സാധ്യതകളുണ്ടായിട്ടും ഒരു കുടുംബം സൃഷ്ടിക്കാൻ ഈ പുരുഷന്മാർ മുതിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഈ പ്രവണത എംടിയുടെ നോവലുകളിലെ നായകകഥാപാത്രങ്ങളിൽ കൂടുതൽ വ്യക്തമാണ്. 'ഡാർ-എസ്- സലാം' തുടങ്ങി മറ്റു പല കഥകളിലും കുടുംബത്തിന്റെ സ്വച്ഛന്ദാന്തരീക്ഷത്തെ സ്വപ്നം കാണുന്നവരാണ് ജീവിതസാഹചര്യവശാൽ ഒറ്റപ്പെട്ടവരായ മുഖ്യകഥാപാത്രങ്ങൾ. 'ഡാർ. എസ്. സലാമി'ലെ ആഖ്യാതാവായ യുവാവ് റീത്താമുകുന്ദന്റെ വീട്ടിൽ കുടുംബത്തിന്റെ സംഗീതം ശ്രവിക്കുകയും ആ വീട് തനിക്ക് സന്ദർശനവേളകളിൽ ആഹ്ലാദം നൽകുന്ന ഇടമായി കരുതുകയും ചെയ്യുന്നു. എന്നാൽ അയാൾ വിവാഹിതനും ഭാര്യയോട് കുടുംബത്തോടും സ്‌നേഹപൂർവ്വം പെരുമാറാൻ വിമുഖനുമാണ് എന്നതും കാണാതിരുന്നുകൂടാ. സ്വന്തം കുടുംബത്തെ നരകമായി കാണുന്ന ഒരു പ്രവണതയുടെ പ്രതിനിധിയാണ് അയാൾ. നേരേ വിരുദ്ധമായ സാഹചര്യത്തിലാണ് അവർ കഴിയുന്നത്, എങ്കിൽപ്പോലും.
അനായക (Anti-hero) പ്രവണതകൾ പ്രകടിപ്പിക്കുന്ന എം ടി യുടെ ഇത്തരം കഥാപാത്രങ്ങൾ ചെറുപ്പത്തിൽ ഗ്രാമീണമായ മൂല്യബോധത്തിന്റെയും സദാചാരസങ്കല്പങ്ങളുടെയും അതിരുകൾക്കുള്ളിൽ വർത്തിച്ചിരുന്നവരാണ്. ആ കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ തങ്ങളുടെ തെറ്റുകളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നു; തജ്ജന്യമായ കുറ്റബോധം അവരിൽ ആത്മനിന്ദ നിറയ്ക്കുന്നു. ഈ ആത്മനിന്ദ ജീവിതത്തെ ധൂർത്തടിക്കാൻ വീണ്ടും പ്രേരിപ്പിക്കുന്നു. എങ്കിലും അവരെ നിഷേധത്തിന്റെ മൂർത്തികളായി മാറ്റിത്തീർക്കാത്തത് ഉള്ളിന്റെ ഉള്ളിൽ വർത്തിക്കുന്ന കുടുംബകേന്ദ്രിതമായ ഗ്രാമീണമൂല്യങ്ങളുടെ നിലീനധാരകളാണ്. ഇന്ത്യൻ മനസ്സിൽ ആഴത്തിൽ വേരുകളുള്ള കുടുംബം എന്ന വ്യവസ്ഥയോടുള്ള ഈ ആഭിമുഖ്യം, എം ടിയുടെ അനായകപ്രവണതകളുള്ള കഥാപാത്രങ്ങളെ, വൈദേശികമായ ദാർശനികാശയങ്ങളുടെ പ്രതിനിധികളായി വ്യഖ്യാനിക്കപ്പെടാറുള്ള ആധുനിക നായകന്മാരിൽനിന്ന് വ്യത്യസ്തരാകുന്നു'.
എം ടി. എന്ന അക്ഷരശില്പി
ഡോ. കെ.എസ്. രവികുമാർ
ചിന്ത പബ്ലിഷേഴ്‌സ്
തിരുവനന്തപുരം,
2017, വില: 105 രൂപ