- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരികെ ഹിന്ദുമതത്തിലേക്ക് മാറുന്നതിനെ കുറിച്ച് അമ്മ ഒന്നും പറഞ്ഞിരുന്നില്ല; മതം മാറ്റം പ്രഖ്യാപിക്കുന്നതിന്റെ വർഷങ്ങൾ മുമ്പേ അവർ ഇസ്ലാമിൽ ആകൃഷ്ട ആയിരുന്നു; അവസാനം പറഞ്ഞത് എന്നെ ചുടരുതെന്ന്; മാധവിക്കുട്ടിയുടെ മതംമാറ്റ വിവാദങ്ങൾ കള്ളമെന്ന് മകൻ എംഡി നാലപ്പാട്
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ഇസ്ലാമിലേക്കുള്ള മതം മാറ്റത്തിന്റെ വിവാദങ്ങൾ കേരളത്തിൽ ഇടക്കിടെ ഉണ്ടാവാറുണ്ട്. ഇത് കേരളത്തിലെ ആദ്യത്തെ ലൗജിഹാദ് ആണെന്നാണ് സംഘപരിവാർ കേന്ദ്രങ്ങൾ പറയാറുള്ളത്. സിപിഐ നേതാവും മലപ്പുറത്തെ സാംസ്കാരിക പ്രവർത്തകനുമായ എ.പി അഹമ്മദ്, അബ്ദുസമദ് സമദാനിയെന്ന മുസ്ലിം ലീഗ് നേതാവ്, സൗദി അറേബയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ മാധവിക്കുട്ടിയുടെ മതം മാറ്റത്തിനുവേണ്ടി കൈപ്പറ്റിയെന്ന് ആരോപിച്ചതും നേരത്തെ വൻ വിവാദമായിരുന്നു. അന്തരിച്ച എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ലീലാമേനോനും പറഞ്ഞിരുന്നത് സമാദാനിയെ വിവാഹം കഴിക്കാനായാണ് മാധവിക്കുട്ടി മതം മാറിയതെന്നും, എന്നാൽ അയാൾ തക്ക സമയത്ത് കാലുമാറിയെന്നുമാണ്. ഇതിനെല്ലാം തെളിവായി അവർ ഉന്നയിക്കാറുള്ളത് പ്രശസ്ത കനേഡിയൻ എഴുത്തുകാരിയും, മാധവിക്കുട്ടിയുടെ സുഹൃത്തുമായി മെർലി വെയ്സ്ബോർഡ് എഴുതിയ 'പ്രണയത്തിന്റെ രാജകുമാരി, ദ ലൗ ക്വീൻ ഓഫ് മലബാർ' എന്ന പുസ്തകം ആയിരുന്നു.
എന്നാൽ ഈ പുസ്തകത്തിൽ പറയുന്ന പലകാര്യങ്ങളും നുണയാണെന്നും, മാധവിക്കുട്ടിയെ വികൃതമായി അവതരിപ്പിച്ചതിനെതിരെ, കനേഡിയൽ എഴുത്തുകാരിക്കെതിരെ താൻ കേസ് കൊടുക്കണമെന്ന് പലരു പറഞ്ഞിരുന്നുവെന്നും വ്യക്തമാക്കുകയാണ് മാധവിക്കുട്ടിയുടെ മകനും എഴുത്തുകാരനുമായ എം ഡി നാലപ്പാട്. മാതൃഭൂമിയിൽ, മലയാളത്തിലെ പ്രതിഭകളായ അമ്മമാരെ മക്കൾ ഓർക്കുന്ന പംക്തിയായ 'അമ്മയോർമ്മകളിലാണ്', മോനു എന്ന് മാധവിക്കുട്ടി വിളിച്ചുരുന്ന, മാധവ്ദാസ് നാലപ്പാട്ട് എന്ന എംഡി നാലപ്പാട് മനസ്സുതുറക്കുന്നത്.
കനേഡിയൻ എഴുത്തുകാരിയുടെ കള്ളങ്ങൾ
എം.ഡി നാലപ്പാടിന്റെ വാക്കുകളുടെ പ്രസ്‌ക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. 'ഒരു കനേഡിയൻ എഴുത്തുകാരി അമ്മയുടെ യഥാർഥ ജീവിതവുമായി പൊരുത്തപ്പെടാൻ കഴിയാത്ത തരത്തിൽ ഒരു പുസ്തകം എഴുതി. അമ്മയുടെ അവസാനകാലത്തായിരുന്നു അവർ സംസാരിച്ചത്. സ്വാതന്ത്ര്യം നിലനിർത്താൻ ജീവിതകാലം മുഴുവൻ പോരാടിയ ഒരു സ്ത്രീയെ, ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകിക്കൊണ്ട് സ്ത്രീത്വത്തെ ശാക്തീകരിക്കാൻ കരുത്തേകിയ ഒരു വ്യക്തിയെ, എല്ലാത്തരം സ്വാധീനങ്ങൾക്കും വിധേയപ്പെടുന്നവളായിട്ടാണ് ആ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. കനേഡിയൻ എഴുത്തുകാരി എഴുതിപ്പിടിപ്പിച്ചതിനെതിരെ കേസ് കൊടുക്കണമെന്നും പുസ്തകം നിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പലരും വ്യക്തിപരമായി എന്നോടാവശ്യപ്പെട്ടു. സൺഡേ ഗാർഡിയനിൽ ഒരു കോളം എഴുതിക്കൊണ്ടായിരുന്നു ഞാൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.
കോളത്തിൽ ഞാൻ ഊന്നൽ കൊടുത്തത് അമ്മ എന്തിനെയാണ് അനുസരിക്കാതിരുന്നത് എന്നതാണ്. മനുസ്മൃതി സ്ത്രീകളോട് അനുശാസിക്കുന്ന മൂന്ന് കാര്യങ്ങളെയാണ് അമ്മ തന്റെ ജീവിതാവസാനം വരെ നിരാകരിച്ചത്. ഒന്നാമതായി സ്ത്രീകൾ തങ്ങളുടെ പിതാക്കന്മാരെ പൂർണമായും അനുസരിക്കുക, രണ്ടാമതായി ഭർത്താക്കന്മാരെ, പിന്നെ ആൺമക്കളെ. ഇത് മൂന്നും എതിർത്തുതന്നെ ജീവിക്കാൻ അമ്മ തുടക്കം മുതലേ തീരുമാനിച്ചു.
ഒരു മകൻ എന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നത് എന്റെ അമ്മയുടെ ധൈര്യത്തിലും പരാശ്രയമില്ലാത്ത ജീവിതത്തിലുമായിരുന്നു. അമ്മയുടെ അച്ഛൻ, അമ്മ കാരണമുണ്ടാകുന്ന വിവാദങ്ങളിൽ അസ്വസ്ഥനായപ്പോൾ, വിയോജിപ്പുകൾ പ്രകടിപ്പിച്ചപ്പോൾ, എന്റെ അച്ഛൻ മാധവദാസ് അമ്മയെ എക്കാലവും പിന്തുണയ്ക്കുകയാണ് ചെയ്തത്. അങ്ങനെയായിരുന്നു അമ്മയോടുള്ള സ്നേഹവും കരുതലും അച്ഛൻ കാണിച്ചിരുന്നത്. മറ്റുള്ളവരുടെ ഇച്ഛകൾ അടിച്ചേൽപ്പിക്കാൻ പറ്റിയ ഒരാളോ, ഏതെങ്കിലും തരത്തിലുള്ള പ്രേരണകൾക്കോ പ്രലോഭനങ്ങളിലോ വീണുപോകുന്ന സ്ത്രീയോ ആയിരുന്നില്ല അമ്മ. എന്നാൽ അമ്മ മരിച്ച് പിറ്റെ വർഷം പ്രസിദ്ധീകരിക്കപ്പെട്ട ആ കനേഡിയൻ പുസ്തകവും അക്കാലത്തെ നിരവധി കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകളും വന്നത് അമ്മയെ അത്തരത്തിലുള്ള ഒരുവളായി ചിത്രീകരിച്ചുകൊണ്ടായിരുന്നു. കനേഡിയൻ എഴുത്തുകാരിയുടെ പുസ്തകം പ്രചരിപ്പിക്കപ്പെട്ടപ്പോൾ 'എന്റെ കഥ'യ്ക്കുസമാനമായ അന്തരീക്ഷം എനിക്കനുഭവപ്പെട്ടു.''- എം.ഡി നാലപ്പാട് ചൂണ്ടിക്കാട്ടി.
'അമ്മ തിരഞ്ഞെടുത്ത മതത്തിൽ നിന്നും തിരികെ വരുന്നതിനെക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞിട്ടില്ല. അമ്മ അക്കാലത്ത് താമസിച്ചിരുന്നതുകൊച്ചിയിലായിരുന്നു. അച്ഛന്റെ മരണ ശേഷം സ്വന്തം താമസിക്കുന്നു എന്നത് അമ്മയുടെ തീരുമാനമായിരുന്നു. അമ്മ സ്വതന്ത്രമായിട്ടാണ് അതുവരെ ജീവിച്ചത്. മക്കളുടെ തണലിൽ കഴിയാൻ തയ്യാറുമല്ല. തന്നോട് സംസാരിക്കാൻ വന്നവർ സന്തോഷത്തോടെ മടങ്ങിപ്പോകണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. വളരെയധികം സെൻസിറ്റീവായി മാറിക്കഴിഞ്ഞിരുന്നു അമ്മ. കനേഡിയൻ എഴുത്തുകാരി കൊച്ചിയിലെ ഫ്‌ളാറ്റിൽ വന്നാണ് അമ്മയോട് സംസാരിച്ചിരുന്നത്. അമ്മയുടെ വാക്കുകളേക്കാൾ കൂടുതൽ അവരുടെ അഭിപ്രായങ്ങളും കണ്ടെത്തലുകളും അമ്മയിൽ അടിച്ചേൽപ്പിക്കാനാണ് അവർ ശ്രമിച്ചത്.''- എം.ഡി നാലപ്പാട് വ്യക്തമാക്കി.
വർഷങ്ങൾക്ക് മുന്നേ ഇസ്ലാമിൽ ആകൃഷ്ടയായിരുന്നു
മതം മാറുന്നു എന്ന് അമ്മ പ്രഖ്യാപിക്കുന്നതിന്റെ വർഷങ്ങൾക്കു മുമ്പുതന്നെ മാധവിക്കുട്ടി ഇസ്ലാമിൽ ആകൃഷ്ടയായിരുന്നെന്നും നാലപ്പാട് വ്യക്തമാക്കുന്നു. 'ക്ഷേത്രങ്ങളിൽ പോകാതെയും താൻ ജനിച്ച മതത്തിലെ ആചാരങ്ങളിൽ പങ്കുചേരാതെയും പതുക്കെയായിരുന്നു ആ മാറ്റം. പുറത്തുപോകുമ്പോൾ ഇടയ്ക്കിടെ ബുർഖ ധരിക്കുമായിരുന്നു. കുടുംബത്തിലെ ചില അംഗങ്ങളെ ബാധിക്കുമല്ലോ എന്ന കാരണത്താൽ അമ്മ തന്നെ അത് പുറത്തുപറയാതിരുന്നതാണ്. ഒരു ദിവസം അമ്മ എന്നെയും ഭാര്യ ലക്ഷ്മിയെയും വിളിപ്പിച്ചു. അമ്മ മതപരിവർത്തനം ആഗ്രഹിക്കുന്നു, പരസ്യമായി അതു പ്രഖ്യാപിച്ചാൽ ഞങ്ങൾക്ക് ബുദ്ധിമുട്ടാകുമോ എന്നാണ് അമ്മയ്ക്ക് അറിയേണ്ടത്. മൂത്ത മകൻ എന്ന നിലയിൽ, അമ്മയ്ക്ക് എന്റെ അഭിപ്രായം അറിയേണ്ടതുണ്ടായിരുന്നു. ഒരു പ്രശ്നവുമില്ല എന്ന് ഞാനും ഭാര്യയും ഉറപ്പുനൽകി. അമ്മ വളരെയധികം സന്തോഷവതിയായി.
അമ്മ പോയതിനുശേഷം എന്നെക്കുറിച്ച് പലരും മോശമായി എഴുതി. തിരിച്ച് ഹിന്ദുവായി എന്നുപറയാതിരിക്കാൻ ഞാൻ അമ്മയെ നിർബന്ധിച്ചു എന്നായിരുന്നു എനിക്കെതിരെയുള്ള ആരോപണം. എനിക്ക് വളരെ ദുഃഖം തോന്നി. കുട്ടിക്കാലം മുതൽ അമ്മയെന്റെ ജീവനായിരുന്നു. അമ്മയും അച്ഛനും നൽകിയ ഊർജവും സ്നേഹവും ധിഷണയുമാണ് എന്നെ ഞാനാക്കിയത്. അമ്മ ഒരു സ്വതന്ത്രവ്യക്തിത്വത്തിനുടമയാണ്. അമ്മയെ ഒരാൾക്കും ഒന്നിനും നിർബന്ധിക്കാൻ കഴിയില്ല, അതിലാണെന്റെ അഭിമാനം. അമ്മ തിരഞ്ഞെടുത്ത വിശ്വാസത്തിൽ നിന്നും പിന്തിരിപ്പിക്കേണ്ടതിന്റെ ആവശ്യം എനിക്കില്ല.
വളരെ ചെറുപ്പത്തിലേ വിവാഹിതയായതാണ് അമ്മ. തന്റേടിയായ, ബുദ്ധിമതിയായ, ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത മകൾക്ക് ഉചിതനായ വരനെ കണ്ടെത്തിയിൽ അമ്മയുടെ മാതാപിതാക്കൾ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. അച്ഛൻ അമ്മയെ സ്വീകരിച്ചത് വിശിഷ്ടമായ ഒരു സമ്മാനം ഏറ്റുവാങ്ങുന്നതുപോലെയായിരുന്നു. അമ്മയുടെ ശാരീരികവും മാനസികവുമായ വേദനകളിൽ എക്കാലവും അച്ഛൻ ഒപ്പം നിന്നു, സമാശ്വസിപ്പിച്ചു. ഒന്നിനുപിറകേ ഒന്നായി അമ്മയുടെ എഴുത്തുകൾ വിവാദങ്ങളുടെ കോലാഹലങ്ങളിൽപ്പെട്ട് കത്തിപ്പടരുമ്പോൾ അച്ഛൻ പരസ്യമായിട്ടും അവരുടെ സ്വകാര്യതകളെ മാനിച്ചുകൊണ്ടും പിന്തുണച്ചു.
അമ്മയുടെ ആദ്യത്തെ കവിതകൾ സമാഹരിച്ച് പ്രസിദ്ധീകരിക്കാൻ തുടക്കത്തിൽ ഒരു പ്രസാധകരും തയ്യാറായിരുന്നില്ല. ഡൽഹിയിലെ ഒരു പ്രിന്റിങ് പ്രസ് ഉടമ 'സമ്മർ ഇൻ കൽക്കത്ത' എന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ സമ്മതം മൂളി; സാമ്പത്തികമായ ഉപാധികളോടെ! അച്ഛനായിരുന്നു അമ്മയുടെ ആദ്യപുസ്തകം വെളിച്ചം കാണാനുള്ള സാമ്പത്തികച്ചെലവുകളെല്ലാം വഹിച്ചത്. അമ്മയുടെ കഴിവിൽ അച്ഛന് നല്ല വിശ്വാസമുണ്ടായിരുന്നു. ഇന്ത്യയിലെ പ്രമുഖ ആഴ്ചപ്പതിപ്പുകളിൽ എഴുതണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അച്ഛന്റെ കസിൻ ആയിരുന്ന വിഖ്യാത എഴുത്തുകാരൻ ഓബ്രി മെനെനെക്കുറിച്ച് പംക്തി ഇല്‌സ്‌ട്രേറ്റഡ് വികലി ഓഫ് ഇന്ത്യയിൽ എഴുതിക്കൊണ്ടാണ് അമ്മ കോളമെഴുത്ത് തുടങ്ങിയത്. 'ഓബ്രി മെനെൻസ് റിലെറ്റീവ്സ്' എന്ന പേരിൽ എഴുതിത്ത്ത്ത്ത്തുടങ്ങിയ കോളം വലിയ തോതിൽ വായിക്കപ്പെട്ടു. ഓബ്രി മെനെൻ രണ്ടുവർഷക്കാലം നാലാപ്പാട്ട് താമസിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബവുമായി നല്ല സൗഹൃദമായിരുന്നു. വായിച്ചവർ അതേക്കുറിച്ച് എഴുതി, പ്രചരിപ്പിച്ചു. ഇന്റർനെറ്റിനെ സ്വപ്നം കാണാൻ തുടങ്ങുന്ന കാലത്താണ് ഇത്രയും പ്രചരണം അമ്മയുടെ ഇംഗ്ലീഷ് എഴുത്തിൽ ലഭിക്കുന്നത്.''- നാലപ്പാട് ചൂണ്ടിക്കാട്ടി.
'എന്റെ കഥ'ക്കുശേഷം പിതൃത്വം ചോദ്യം ചെയ്യപ്പെട്ടു
''1973-ൽ 'എന്റെ കഥ' മലയാളനാടിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചുവരാൻ തുടങ്ങിയപ്പോൾ മുതൽ അശ്ലീലമായ ഫോൺവിളികളോ, കത്തുകളോ, സന്ദേശങ്ങളോ സംഭാഷണങ്ങളോ ഇല്ലാത്ത ദിവസങ്ങൾ അമ്മയുടെ ജീവിതത്തിലില്ലായിരുന്നു. അമ്മയെ അറിയാവുന്നവരിൽ നിന്നുപോലും തിക്തമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
മൈ സ്റ്റോറി പ്രസിദ്ധീകരിച്ചു വന്നിരുന്ന കാലം വളരെ ദുർഘടമായിരുന്നു ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം. ധാരാളം ഫോൺ കോളുകൾ വരും, സന്ദേശങ്ങൾ നിരവധിയുണ്ടാകും പോരാത്തതിന് അതിദീർഘമായ കത്തുകളും. പലതിലും അമ്മയോടുള്ള അശ്ലീലമായ അഭ്യർത്ഥനകളായിരിക്കും ഒളിഞ്ഞും തെളിഞ്ഞും എഴുതിയിട്ടുണ്ടാവുക. എന്റെ കൗമാരകാലമാണ്. വീട്ടിലേക്ക് തുടരേ കോളുകൾ വരികയും അതിലെല്ലാം തന്നെ അസഹനീയമായ അശ്ലീലാഭ്യർഥനകളാണെന്നറിയുകയും ചെയ്തതോടെ അച്ഛനും ഞാനും തീരുമാനിച്ചു ഇനിമുതൽ അമ്മയെക്കൊണ്ട് ഫോൺ അറ്റൻഡ് ചെയ്യിക്കേണ്ട എന്ന്. അമ്മ വളരെ ക്രിയേറ്റീവായിട്ട് എഴുതിയതാണ്. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ഞങ്ങളുടെ വളരെയടുത്ത സുഹൃത്തായിരുന്ന എംപി നാരായണപ്പിള്ള, നാണപ്പൻ എന്നാണ് വിളിക്കുക, വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ഒരു ദിവസം ഒരു ഫോൺകോൾ വന്നു. വിളിയച്ചയാൾക്ക് സംസാരിക്കേണ്ടത് മൈ സ്റ്റോറി എഴുതുന്ന കമലാദാസിനോടാണ്. അദ്ദേഹം വിളിച്ചത് കമലാദാസിന്റെ ഒരു ദിവസം ബുക് ചെയ്യാനാണ്. പൂണെയിൽ നിന്നും ഒരു റിട്ടയേർഡ് കേണലാണ് വിളിക്കുന്നത് എന്നും പറഞ്ഞു. പൂണെയിലേക്ക് വരാനുള്ള ടിക്കറ്റും റിട്ടേൺ ടിക്കറ്റും അയാൾ തന്നെ ബുക് ചെയ്യാൻ സന്നദ്ധനാണ്. നാരായണപ്പിള്ളയാണ് ഫോൺ അറ്റൻഡ് ചെയ്തത്. എല്ലാം കേട്ടതിനുശേഷം നാരായണപ്പിള്ള പറഞ്ഞു ഐ ആം ആക്ച്വലി കമലാദാസ്. അപ്പോൾ റിട്ട.കേണൽ പറഞ്ഞു ''വാട്ട് യു മീൻ യു ആർ എ മാൻ.'' നാരായണപ്പിള്ള വിട്ടുകൊടുത്തില്ല. അദ്ദേഹം പറഞ്ഞു, 'നോ നോ കമലാദാസ് ഈസ് എ മാൻ നെയ്മിലി മൈസെൽഫ്. ബട് ഐ റൈറ്റ് അണ്ടർ ദ നെയിം കമല ദാസ്. അയാം ഹാപ്പി റ്റു കം ആൻഡ് മീറ്റ് യു. ഐ ഗിവ് യു മൈ അഡ്രസ് യു സെന്റ് മീ ദ ടിക്കറ്റ് ഐ വിൽ ഹാപ്പി റ്റു കം ഓൺ എ ഡേ വിത് യൂ...''കേണൽ ആകെ അപ്സെറ്റായി ഫോൺ കട്ട് ചെയ്തു.
ഇതുപോലെ തന്നെ ലൈംഗികാഭ്യർഥനച്ചുവയോടെ ഒരു മനുഷ്യന്റെ കത്തുവന്നു. ടിക്കറ്റ് അയക്കാം കമലാദാസ് വരുമോ എന്നാണ് അറിയേണ്ടത്. ആ സമയത്ത് അപരിചിതരായ സന്ദർശകരെ അമ്മ അനുവദിച്ചിരുന്നില്ല. പക്ഷേ ഈ കത്ത് എഴുതിയ ആൾക്ക് വിശദമായ മറുപടി കിട്ടി. ''ദിസ് ഈസ് കമലാദാസ്, അയാം ട്രാവലിങ് ബൈ ദ നെയിം എംപി നാരായണപ്പിള്ള. മോനു ദാസ് ഈസ് ഓൾസൊ വിത് മി. പ്ലീസ് സെന്റ് റ്റു ടിക്കറ്റ്സ്.'' മറുപടി എഴുതിയത് നാണപ്പനായിരുന്നു. താമസിയാതെ രണ്ട് എയർ ടിക്കറ്റ് എത്തി. ഞാനും നാണപ്പനുമാണ് പോകുന്നത്. നാണപ്പൻ പ്രത്യേകം എഴുതിയിരുന്നു റോസാപ്പൂബൊക്കയോടെ വേണം കമലയെ സ്വീകരിക്കാൻ, ഒപ്പം വെളുത്ത സൂട്ടും ചുവന്ന ടൈയും ധരിക്കണം.
ഞാനും നാണപ്പനും ടിക്കറ്റുപ്രകാരമുള്ള ഡേറ്റിൽ സിറ്റിയിൽ വന്നിറങ്ങി. പ്രവേശനകവാടത്തിൽ തന്നെ സൂട്ടും ടൈയുമൊക്കെ കെട്ടി റോസാപ്പൂ ബൊക്കെയും പിടിച്ച് ഒരു മനുഷ്യൻ നിൽക്കുന്നു. തനിക്കെതിരേ വരുന്ന എല്ലാ സ്ത്രീകളെയും അയാൾ വെൽകം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. കമലാദാസ് ആണോ എന്ന ശങ്കയിൽ വഴിയേ പോകുന്ന സ്ത്രീകളോടെല്ലാം പുഞ്ചിരിക്കും. നാണപ്പൻ അടയാളങ്ങൾ വെച്ച് അയാളെ തിരിച്ചറിഞ്ഞതും നേരെ പോയി കെട്ടിപ്പിടിച്ചു. ആ മനുഷ്യൻ ആകെ സ്തംഭിച്ചുപോയി. ഹൂ ആർ യൂ എന്നും ചോദിച്ച് അയാൾ നാണപ്പനുനേരെ ഷൗട്ട് ചെയ്തപ്പോൾ നാണപ്പൻ പറഞ്ഞു: ''ഞാനാണ് കമലാദാസ്. എന്റെ തൂലികാനാമമാണ് കമലാദാസ്. എനിക്കു വളരെ സന്തോഷമായി നിങ്ങളുടെ കത്ത് വന്നപ്പോൾ. വരൂ നമുക്ക് ഏത് ഹോട്ടലിലേക്കാണ് പോകേണ്ടത്. എനിക്ക് സന്തോഷമായിട്ടു വയ്യ...'' അയാൾ ഒരുവിധം തടിയൂരി സ്ഥലം വിട്ടു. അയാൾ അയച്ചുതന്ന റിട്ടേൺ ടിക്കറ്റിൽ ഞങ്ങൾ തിരികെ ബോംബെയ്ക്കുപോയി.
നൂറ് കണക്കിന് അശ്ലീലക്കത്തുകളും കോളുകളും ഫോട്ടോകളും മറ്റും വന്നുകൊണ്ടേയിരുന്നപ്പോൾ അമ്മയ്ക്ക് പ്രയാസമായി. അച്ഛനും വിഷമിച്ചു. ഇത്രയും മോശമായ ഒരു കാലാവസ്ഥ കുടുംബത്തെ ബാധിച്ചപ്പോൾ ഞങ്ങൾ മക്കൾക്കും വിഷമമുണ്ടായിരുന്നു. അമ്മയുടെ ബന്ധുക്കളുടെ വിഷമങ്ങൾ പലപ്പോഴായി പങ്കുവെയ്ക്കപ്പെട്ടു. മലയാളത്തിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അമ്മ അഭിമുഖീകരിച്ചിരുന്നില്ല, വിമർശനങ്ങളൊഴികെ. അമ്മയ്ക്കയച്ച കത്തുകളിലും അശ്ലീലാഭ്യർഥനകളിലും അധികവും മലയാളികളായിരുന്നില്ല എന്നതായിരുന്നു അമ്മയ്ക്കുണ്ടായിരുന്ന സന്തോഷം.
എഴുത്തുകാരിയായ മാധവിക്കുട്ടിക്ക് ധാരാളം ആൺ ബന്ധങ്ങൾ ഉണ്ടെന്നും മറ്റുമുള്ള പ്രചാരണങ്ങൾ വളരെയധികമുണ്ടായിരുന്നു. അച്ഛൻ പക്ഷേ അമ്മയുടെ ഫിക്ഷണൽ മൈൻഡ് നന്നായി അറിഞ്ഞയാളായിരുന്നു. അമ്മയ്ക്ക് ആൺ സൗഹൃദങ്ങളേക്കാൾ കൂടുതൽ ലിംഗവ്യത്യാസമില്ലാത്ത, പ്രായഭേദമില്ലാത്ത സൗഹൃദങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇഷ്ടമില്ലാത്ത രീതിയിൽ ആരെങ്കിലും തങ്ങളുടെ ഇംഗിതം പ്രകടിപ്പിച്ചാൽ സ്ട്രെയ്റ്റ് ഗെറ്റ് ഔട്ട് പറഞ്ഞിരുന്നു. അമ്മ അത്തരത്തിൽ പെരുമാറിയ അഞ്ചാറ് ആളുകളെ എനിക്കുതന്നെ അറിയാം, അച്ഛന് എല്ലാവരേയുമറിയാം. എഴുത്തുകാരിയായ കമലാദാസ് എന്തെഴുതുന്നതും അവരുടെ സ്വാതന്ത്ര്യമാണ് എന്നായിരുന്നു അച്ഛൻ ഞങ്ങളോട് പറഞ്ഞിരുന്നത്. അച്ഛനെ സംബന്ധിച്ചിടത്തോളം ആമി മാത്രമാണ് അമ്മ. മാധവിക്കുട്ടിയും കമലാദാസും അമ്മയുടെ സർഗാത്മക സ്വത്വമാണ്. അതിൽ ഇടപെടാൻ അച്ഛൻ തയ്യാറല്ലായിരുന്നു, ഞങ്ങൾ മക്കളും അച്ഛനെ പിന്തുണച്ചു. അച്ഛന്റെ ആമിയാണ് ഞങ്ങളുടെ അമ്മ. കമലാദാസ് (മാധവിക്കുട്ടി) നോവലിസ്റ്റും കവിയുമാണ്.
മൈ സ്റ്റോറി ഇറങ്ങിയകാലത്ത് ഞാനും എന്റെ സഹോദരങ്ങളും അച്ഛന്റെ മക്കളല്ല എന്ന പ്രചാരണം ഉണ്ടായി. ആളുകൾ ഞങ്ങളുടെ പിതൃത്വത്തെക്കുറിച്ച് എഴുതുകപോലും ചെയ്തു. അച്ഛൻ പ്രതികരിച്ചില്ല. എഴുപത് കടന്ന ഈ പ്രായത്തിലും ഞാൻ എന്റെ അച്ഛന്റെ അതേ രൂപമായി തുടരുന്നു. ആർ യു റിയലി മാധവ് ദാസ് സൺ എന്ന് ഞാനെത്ര തവണ കേട്ടിരിക്കുന്നു! ഇതൊക്കെ മനുഷ്യരുടെ ദുഷിച്ചബുദ്ധിയിൽ നിന്നും ചോദിക്കുന്നതാണ്. എനിക്കറിയാം എന്റെ അമ്മയെന്താണെന്ന്, അച്ഛനറിയാം അച്ഛന്റെ ആമിയെന്താണെന്ന്.''- നാലപ്പാട് വ്യക്തമാക്കി
അവസാനം പറഞ്ഞത് എന്നെ ചുടാൻ പാടില്ലെന്ന്
അവസാനകാലത്ത് അമ്മ ചെലവഴിച്ചത് പൂണെയിലെ ഫ്ലാറ്റിലാണ്. കൊച്ചി അമ്മയ്ക്ക് മടുത്തതിന് പലകാരണങ്ങളുണ്ട്. അമ്മയുടെ തീരുമാനപ്രകാരമാണ് പൂണെയിലേക്ക് തന്നെ തിരിച്ചുപോയത്. ഒരേ ഫ്ലാറ്റിൽ മുകളിൽ ജയസൂര്യയും ( ഇളയമകൻ) താഴെ അമ്മയും താമസിച്ചു. പരസഹായം ആവശ്യമുണ്ടായിരുന്ന സാഹചര്യത്തിലും സ്വകാര്യത അമ്മയ്ക്ക് നിർബന്ധമായിരുന്നു. 24 7 എന്ന രീതിയിൽ ജയ്സൂര്യ തന്നെയായിരുന്നു അമ്മയെ ശുശ്രൂഷിച്ചത്. ജയ്സൂര്യയെ പ്രസവിക്കുമ്പോൾ അമ്മ അറിയപ്പെടുന്ന എഴുത്തുകാരിയാണ്. എനിക്കും ചിന്നനും അമ്മ എന്നതിനേക്കാൾ കൂടുതൽ കൂട്ടുകാരിയായിരുന്നു. ജയ്സൂര്യയാണ് മാതൃവാൽസല്യം മുഴുവനായും അനുഭവിച്ചത്. ജയ്സൂര്യ അമ്മയുടെ അടുത്തുനിന്നും ഒരു മിനിറ്റ് പോലും മാറാൻ തയ്യാറല്ലായിരുന്നു. ഒട്ടും വയ്യാതെയായി ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നപ്പോൾ ഞങ്ങൾ മാറിമാറി വന്നും പോയിമിരിക്കും.
അമ്മയുടെ അവസാനമായി എന്നു തിരിച്ചറിവിൽ ആ മുഖത്തേക്കു നോക്കുമ്പോൾ എന്റെ കണ്ണുനിറയും. അമ്മ അതും നോക്കി കിടക്കും, പിന്നെ കയ്യിൽ പിടിക്കാൻ ശ്രമിക്കും. എന്നെ ആശ്വസിപ്പിക്കാനുള്ള ശ്രമമാണ്. ജഹാംഗീർ ഹോസ്പിറ്റലിൽ എന്റെ ഭാര്യ ലക്ഷ്മിയും ജയ്‌സൂര്യയുടെ ഭാര്യ ദേവിയും അമ്മയ്ക്ക് മാറിമാറി കൂട്ടിരുന്നു. മുമ്പൊന്നുമില്ലാത്തതിനേക്കാൾ കൂടുതൽ ലക്ഷ്മിയും അമ്മയും അടുത്തത് ആ നാളുകളിലാണ്. ആത്മവിശ്വാസമുള്ള, സർവസ്വതന്ത്രയായ മറ്റൊരു സ്ത്രീയെ അമ്മ ലക്ഷ്മിയിൽ ദർശിച്ചു. ലക്ഷ്മി അമ്മയുടെ കവിതകൾ ചൊല്ലിക്കേൾപ്പിച്ചുകൊടുക്കും. അമ്മയ്ക്ക് എപ്പോഴും പെൺമക്കൾ അടുത്തുവേണമെന്ന നിർബന്ധം ഉണ്ടായിരുന്നു. ലക്ഷ്മിയിലും ജയ്സൂര്യയുടെ ഭാര്യ ദേവിയിലും അമ്മ തന്റെ പെൺമക്കളെ കണ്ടു. തനിക്കിനി തിരിച്ചുവരവില്ല എന്ന് അമ്മ മനസ്സിലാക്കിയിരുന്നു
അമ്മയുടെ ഷുഗർ നിയന്ത്രണാതീതമായിക്കൊണ്ടിരുന്നു. ഡോക്ടർമാരുടെ മൗനത്തിൽ നിന്നും ഇനിയൊന്നും അവർക്ക് ചെയ്യാനില്ല എന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. ആശുപത്രി അമ്മയ്ക്കിഷ്ടമില്ലായിരുന്നു. രോഗാതുരയായി കിടക്കുക എന്നത് അമ്മയ്ക്ക് ആലോചിക്കാനേ പറ്റില്ല. എപ്പോഴും നല്ല സുന്ദരിയായി, ചെറുപ്പമായി, അണിഞ്ഞൊരുങ്ങി ഇരിക്കണം, തന്നെക്കാണാൻ ആളുകൾ വന്നുകൊണ്ടേയിരിക്കണം, സാഹിത്യത്തെക്കുറിച്ച് അമ്മയ്ക്കിഷ്ടമുള്ളത് പറയണം...അതായിരുന്നു അമ്മയുടെ ഇഷ്ടങ്ങൾ. ആര്യോഗ്യനില വഷളായിക്കൊണ്ടിരിക്കേ അമ്മ ലക്ഷ്മിയോടും ദേവിയോടും പറഞ്ഞു; ''എന്നെ ചുടാൻ പാടില്ല.'' അത്രകാലവുമില്ലാത്ത ഗൗരവം അമ്മയുടെ മുഖത്തുണ്ടായിരുന്നു അതുപറയുമ്പോൾ. ലക്ഷ്മി പുറത്ത് വന്ന് അമ്മ സംസാരിച്ചതിനെക്കുറിച്ച് പറഞ്ഞു. അമ്മയുടെ ആജ്ഞയായി ഞാനത് സ്വീകരിച്ചു. രണ്ടു ദിവസം കൂടി അമ്മ അസുഖങ്ങളോട് മത്സരിച്ചു. 2009 മെയ് മുപ്പത്തിയൊന്നിന് അമ്മ വിടപറഞ്ഞു.
അമ്മയുടെ ഭൗതികശരീരം ഏത് ആചാരപ്രകാരം സംസ്‌കരിക്കണം എന്നതിനെക്കുറിച്ച് സംസാരമുണ്ടായി. മൂത്ത മകനെന്ന നിലയിൽ എന്റെ തീരുമാനമായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. അമ്മയുടെ ആജ്ഞ അനുസരിക്കുക എന്നതാണ് മകനെന്ന നിലയിലുള്ള എന്റെ കടമ. അതു ഞാൻ നിറവേറ്റി. ഞാനും സഹോദരങ്ങളും സനാതനധർമപ്രകാരം ജീവിക്കുന്നവരാണ്. എല്ലാ മതങ്ങളുമായും സൗഹാർദ്ദവും സാഹോദര്യവുമാണ് ഞങ്ങൾ കാത്തുസൂക്ഷിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ അമ്മ എന്തായിരുന്നുവോ അതിനാണ് ഞങ്ങൾ പ്രാമുഖ്യം കൊടുത്തത്, അമ്മയുടെ മതമോ, എഴുത്തോ, പ്രശസ്തിയോ ഒന്നുമല്ലായിരുന്നു.''- എം.ഡി നാലപ്പാട് വ്യക്തമാക്കി.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ