- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൂക്ഷമായ സൈബർ ആക്രമണവും പിന്നാലെ ലഘുലേഖ വിതരണവും; പരാതി നൽകിയിട്ടും നടപടിയില്ല; ഡിവൈഎസ്പി ഫോണെടുക്കാനും തയാറാകുന്നില്ല; അടൂരിലെ വരണാധികാരിക്ക് മുന്നിൽ കുത്തിയിരുന്ന് യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണൻ
അടൂർ: രൂക്ഷമായ സൈബർ ആക്രമണവും കുടുംബത്തെ മുഴുവൻ അപമാനിച്ചു കൊണ്ടുള്ള ലഘുലേഖ വിതരണവും സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടി എടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണൻ വരണാധികാരിയായ അടൂർ ആർഡിഓയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. രാവിലെ നൽകിയ പരാതിയിൽ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെയാണ് തിരക്കേറിയ പ്രചാരണം പകുതി വഴിക്ക് നിർത്തി കണ്ണന് തന്നെ ആർഡിഓഫീസിൽ എത്തേണ്ടി വന്നത്. സംഭവം സംബന്ധിച്ച് അടൂർ ഡിവൈഎസ്പിക്കും പരാതി നൽകിയിരുന്നു. അതേപ്പറ്റി അന്വേഷിക്കാൻ വിളിച്ചിട്ട് ഫോൺ എടുക്കാൻ പോലും അദ്ദേഹം തയാറാകുന്നില്ലെന്ന് കണ്ണൻ പറഞ്ഞു.
രക്താർബുദം ബാധിച്ച മകനെ മാത്രമല്ല, കുടുംബത്തെ ഒന്നടങ്കം അപകീർത്തിപ്പെടുത്തുന്നതിനെതിരേയാണ് കണ്ണന്റെ പ്രതിഷേധം. ഓഫീസിനുള്ളിൽ കണ്ണൻ സമരം നടത്തുമ്പോൾ യുഡിഎഫ് പ്രവർത്തകർ ആർഡിഓഫീസ് ഉപരോധിക്കുകയണാ. ഡിവൈഎഫ്ഐ പള്ളിക്കൽ, സുഭാഷ് വാസുദേവൻ എന്നീ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്നാണ് ലഘുലേഖ പ്രചരിപ്പിക്കുന്നത്. ഇന്നലെ കണ്ണനും മകനുമെതിരേ സൈബർ ആക്രമണമായിരുന്നു. ഇന്ന് ലഘുലേഖ പ്രചരിപ്പിച്ചാണ് വ്യക്തി ഹത്യ. കണ്ണന്റെ പിതാവ് ഗോപിയെയും ഭാര്യ സജിത മോളെയും മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള ലഘുലേഖ ഈസ്റ്റർ ദിനത്തിൽ രാവിലെ മണ്ഡലത്തിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
ഏപ്രിൽ ഒന്നിനാണ് പ്രചാരണങ്ങൾക്ക് അവധി നൽകി രക്താർബുദം ബാധിച്ച മൂത്തമകൻ ശിവകിരണിനെയും(9) തോളിലേറ്റി കണ്ണൻ പരിശോധനയ്ക്കായി ആർസിസിയിൽ എത്തിയത്. പ്രചാരണത്തിന് കണ്ണൻ ഇല്ലാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം മകനുമായി ആർസിസിയിലാണെന്ന് മാധ്യമ പ്രവർത്തകർക്ക് വിവരം കിട്ടിയത്. തെരഞ്ഞെടുപ്പു കാലത്തെ നല്ലൊരു ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്ക് വകുപ്പു കിട്ടിയ ചാനൽ പ്രവർത്തകർ ഒന്നടങ്കം ആർസിസിയിൽ എത്തി കണ്ണന്റെ ദയനീയ ചിത്രം വാർത്തയാക്കി. പിറ്റേന്ന് പത്രങ്ങളും ഈ വാർത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
കണ്ണന്റെ ദയനീയ അവസ്ഥ നാട്ടുകാർ അറിഞ്ഞതോടെ സഹതാപ തരംഗം ഉടലെടുക്കുമെന്ന് മനസിലാക്കിയ സൈബർ സഖാക്കൾ രൂക്ഷമായ ആക്രമണം ആരംഭിച്ചു. സിപിഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് സൈബർ ക്വട്ടേഷന് നേതൃത്വം കൊടുത്തത്. പക്ഷേ, ഇവരുടെ സൈബർ ആക്രമണം ഫലിച്ചില്ലെന്ന് മാത്രമല്ല, തിരിച്ചടിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകരും നിഷ്പക്ഷമതികളുമായിട്ടുള്ളവർ സൈബർ സഖാക്കളെ കണ്ടം വഴി ഓടിച്ചു. നീചമായ പ്രചാരണം നടത്തിയവരുടെ ഫേസ് ബുക്ക് ഐഡികൾ മാസ് റിപ്പോർട്ടിങിന് വിധേയമായി. ആ ശ്രമവും പാളിയതോടെയാണ് ലഘുലേഖയുടെ രൂപത്തിൽ ഇന്ന് രാവിലെ കണ്ണനെതിരേ ആക്രമണം തുടങ്ങിയത്. എൽഡിഎഫ് പ്രവർത്തകർ വീടു തോറും കയറി ഇറങ്ങി ഈ ലഘുലേഖ വിതരണം ചെയ്യുകയാണ്.
കോൺഗ്രസ് ഇലന്തൂർ ബ്ലോക്ക് സെക്രട്ടറി മാത്തൂർ സ്നേഹതീരം വീട്ടിൽ മാത്യു ഫിലിപ്പിന്റെ പേരിലാണ് ലഘുലേഖ തയാറാക്കിയിരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. അടൂർകാരെ നിങ്ങളും വഞ്ചിതരാകരുത് എന്ന തലക്കെട്ടിലുള്ള ലഘുലേഖയിൽ കണ്ണൻ ജോലി തട്ടിപ്പ് നടത്തിയെന്നും ജില്ലാ പഞ്ചായത്തിലേക്ക് പിതാവ് ഗോപിയുടെ രോഗ വിവരം പറഞ്ഞ് സഹതാപം പിടിച്ചു പറ്റി വിജയിച്ചുവെന്നും ആരോപിക്കുന്നു. പിതാവിനെ കച്ചവടം ചെയ്ത് കണ്ണൻ വിജയിച്ചുവെന്നും പിന്നീട് ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭാര്യ സജിത മോൾ അന്ധയാണെന്ന് പറഞ്ഞ് വോട്ട് തേടിയെന്നും ഇപ്പോൾ മകന്റെ രോഗം ഉപയോഗിച്ച് വോട്ട് തട്ടാനുള്ള ശ്രമം നടക്കുന്നുവെന്നുമാണ് നോട്ടീസിലെ ആരോപണം.
മകന്റെ അസുഖം വാർത്തയായതിന് പിന്നാലെ വന്ന സൈബർ ആക്രമണം കണ്ണനെ മാനസികമായി തളർത്തിയിരുന്നു.അതിന് പിന്നാലെയാണ് ഇന്ന് ലഘുലേഖ ഇറക്കി തകർക്കാനുള്ള ശ്രമം നടന്നിരിക്കുന്നത്. മണ്ഡലത്തിൽ യുഡിഎഫിനുണ്ടായ മുൻതൂക്കം എൽഡിഎഫ് കേന്ദ്രങ്ങളെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ പറഞ്ഞു. കണ്ണനെതിരായ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെന്നും അദ്ദേഹം അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്