തിരുവനന്തപുരം: ഒടുവിൽ ഗായകൻ എം ജി ശ്രീകുമാറും ബിജെപിയുടെ മേലങ്കിയണിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലം ബിജെപി സ്ഥാനാർത്ഥിയായ വി മുരളീധരന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ശ്രീകുമാർ വേദിയിലെത്തുകയും ചെയ്തു.

താമര ചിഹ്നം പതിച്ച ഷോളും കഴുത്തിലിട്ടു വേദിയിലെത്തിയ എം ജി ശ്രീകുമാർ താൻ മുരളീധരന്റെ സുഹൃത്താണെന്നു പറഞ്ഞാണു പ്രസംഗം തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്താനും ശ്രീകുമാർ മറന്നില്ല.

പരവൂർ പുറ്റിങ്ങലിൽ വെടിക്കെട്ടു ദുരന്തമുണ്ടായപ്പോൾ ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പു പ്രചാരണ വേദിയിൽ ശ്രീകുമാർ പ്രശംസിച്ചു. മറ്റേതു പ്രധാനമന്ത്രി ഇത്തരത്തിൽ പെരുമാറുമെന്നും ശ്രീകുമാർ ചോദിച്ചു. രാജ്യം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ഭരണത്തിന് കരുത്തുപകരാൻ കേരളത്തിൽ താമര വിരിയണമെന്നും ശ്രീകുമാർ പറഞ്ഞു.

താൻ ആദ്യമായി ഗാനമേള നടത്തിയതു കഴക്കൂട്ടത്താണെന്നും ഇവിടെ താമര വിരിയണമെന്നും ശ്രീകുമാർ സമ്മതിദായകരോട് ആവശ്യപ്പെട്ടു.

വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് സഹായം നൽകാൻ ബിജെപി ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പറിന്റെയും കഴക്കൂട്ടത്തെ വോട്ടർമാർക്ക് ബിജെപി സ്ഥാനാർത്ഥിയുമായി സംവദിക്കുന്നതിനും വികസന നിർദ്ദേശങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നതിനുമായി ആരംഭിച്ച ഫേസ്‌ബുക്ക് പേജിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.ജി. ശ്രീകുമാർ.

സുരേഷ് ഗോപിയാണ് ബിജെപി അനുഭാവം പ്രകടിപ്പിച്ചു തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തെത്തിയ സിനിമാമേഖലയിൽ നിന്നുള്ള ആദ്യ താരം. ഉപതെരഞ്ഞെടുപ്പിൽ ഒ രാജഗോപാലിനുവേണ്ടി സുരേഷ് ഗോപി പ്രചാരണത്തിനെത്തിയിരുന്നു. തുടർന്നു രാജസേനൻ, ഭീമൻ രഘു, കൊല്ലം തുളസി തുടങ്ങിയവരും ബിജെപി പാളയത്തിലെത്തി. ഇവരിൽ ഭീമൻ രഘു പത്തനാപുരത്തു ബിജെപി സ്ഥാനാർത്ഥിയുമായി.

മറ്റു മുന്നണികളിലും സിനിമാ താരങ്ങൾ സ്ഥാനാർത്ഥികളായും പ്രചാരണത്തിനും രംഗത്തുണ്ട്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി നടൻ മുകേഷ് മത്സരിക്കുന്നുണ്ട്. നേരത്തെ കെപിഎസി ലളിതയെയും സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. സിനിമാതാരം കൂടിയായ മുൻ മന്ത്രി കെ ബി ഗണേശ് കുമാർ പത്തനാപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. കോൺഗ്രസിനായി നടൻ ജഗദീഷും മത്സരരംഗത്തുണ്ട്. പത്തനാപുരത്തു തന്നെയാണ് ജഗദീഷ് മത്സരിക്കുന്നത്.