കോട്ടയം: എം.ജി സർവകലാശാലയിൽ ദളിത് വിവേചനമെന്ന പരാതിയുമായി ഗവേഷക ദീപ പി. മോഹൻ. പത്ത് വർഷം പിന്നിട്ടിട്ടും ഗവേഷണം പൂർത്തിയാക്കാൻ സർവകലാശാല അവസരം ഒരുക്കുന്നില്ലെന്നാണ് പരാതി. വിഷയത്തിൽ ഭീം ആർമി പിന്തുണയോടെ നിരാഹാര സമരത്തിനൊരുങ്ങുകയാണ് ദീപ. നിലവിലെ സിൻഡിക്കേറ്റ് അംഗം നന്ദകുമാർ കളരിക്കലും സർവകലാശാല വൈസ്ചാൻസിലർ സാബു തോമസുമാണ് തനിക്കെതിരായി നിലകൊള്ളുന്നതെന്ന് ദീപ പറയുന്നു.

2011ലാണ് ദീപ നാനോ സയൻസിൽ എംഫിലിന് പ്രവേശനം നേടിയത്. ജാതീയമായ വേർതിരിവ് കാട്ടിയെന്ന് ആരോപിച്ച് ദീപ നൽകിയ പരാതിയിൽ സിൻഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഹൈക്കോടതിയും വിഷയത്തിൽ ഇടപ്പെട്ടു. ഗവേഷണം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സൗകര്യവും നൽകണമെന്നായിരുന്നു എസ്.സി, എസ്.ടി കമ്മീഷന്റെ ഉത്തരവ്.

ഹൈക്കോടതിയുടേയും സർവകലാശാലയുടേയും ഉത്തരവ് ഗൗനിക്കാതെയാണ് തനിക്ക് ഗവേഷണത്തിനുള്ള അവസരം നിഷേധിക്കുന്നതെന്ന് ദീപ പറയുന്നു. ഒക്ടോബർ 29 മുതലാണ് ദീപ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്.