- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവനാവകാശ നിയമം ബാധകമായിട്ടും അനുസരിക്കാത്ത യൂണിവേഴ്‌സിറ്റി അധികൃതർ; സർട്ടിഫിക്കറ്റ് വിതരണം ക്രമപ്പെടുത്താതെ അട്ടിമറിക്കാൻ മാഫിയാ സംഘം; കെട്ടിക്കിടക്കുന്നത് അര ലക്ഷത്തോളം ബിരുദ അപേക്ഷ; കൈക്കൂലി വാങ്ങാൻ വേണ്ടി ആധുനികവൽക്കരണത്തോട് മുഖംതിരിക്കുന്ന എം ജി യൂണിവേഴ്സിറ്റിയുടെ കഥ
കോട്ടയം: കൈക്കൂലി സംഭവം വിവാദം സൃഷ്ടിച്ച എംജി സർവകലാശാലയിൽ കെട്ടിക്കിടക്കുന്നത് ബിരുദ സർട്ടിഫിക്കറ്റിനുള്ള അരലക്ഷത്തോളം അപേക്ഷകൾ. ആധുനിക വൽക്കരണത്തോട് മുഖം തിരിച്ചും തുരങ്കം വെച്ചും കൈക്കൂലിയെ കൊഴുപ്പിക്കുകയാണ് യൂണിവേഴ്‌സിറ്റി അധികൃതർ ചെയ്യുന്നത്. സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ വേണ്ടി ആധുനിക രീതി ഏർപ്പെടുത്തിയപ്പോഴും അതിനെ അട്ടിമാറിക്കാനാണ് ഉദ്യോഗസ്ഥ പ്രമാണിമാർക്ക് അടക്കം താൽപ്പര്യം.
ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയ 2017 നു ശേഷമുള്ള തീർപ്പാകാത്ത അപേക്ഷകളുടെ എണ്ണം തന്നെ 6000 വരും. കൂടുതൽ ഫീസ് അടച്ച് ഫാസ്റ്റ് ട്രാക്കിൽ ബിരുദ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ 20 ദിവസത്തിനുള്ളിൽ കിട്ടണമെന്നാണ് നിയമം. എന്നാൽ ഇവിടെ ഫാസ്റ്റ് ട്രാക്ക് വഴി കിട്ടാൻ പോലും 2 മാസം എടുക്കും. സാധാരണ രീതിയിൽ അപേക്ഷിക്കുന്നവർക്ക് ഒരു വർഷം മുതൽ 3 വർഷം വരെ എടുക്കും.
വിദേശ സർവകലാശാലകളിൽ പ്രവേശനത്തിനും ജോലികൾക്കും ആവശ്യമായ ട്രാൻസ്‌ക്രിപ്റ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ചുരുങ്ങിയത് 10,000 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. എത്ര അപേക്ഷകൾ കെട്ടിക്കിടക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകില്ല. സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും സേവനാവകാശ നിയമം ബാധകമാണ്. പക്ഷേ, എംജി സർവകലാശാല അനുസരിക്കാൻ തയാറായില്ല. പലവട്ടം ഈ നിയമം നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയെങ്കിലും മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് സർവകലാശാല മടക്കി.
സർട്ടിഫിക്കറ്റ് വിതരണം ക്രമപ്പെടുത്താൻ മുൻകയ്യെടുത്ത അദ്ധ്യാപകനെ മൂലയ്ക്കിരുത്തിയ സംഭവവും നടന്നു. 3 വർഷം സിൻഡിക്കറ്റ് അംഗമായിരുന്ന അദ്ധ്യാപകൻ ഒരു വിദ്യാർത്ഥി ബിരുദ കോഴ്‌സിൽ പ്രവേശനം നേടുന്ന ദിവസം മുതൽ ബിരുദ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് വരെ ഒരേ ചാനലിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ തയാറാക്കി. പലവിധ ആരോപണങ്ങളുടെ ശയ്യ ഒരുക്കിയാണ് അദ്ദേഹത്തെ ഒതുക്കിയത്.
അതേസമയം എംജി സർവകലാശാലയിൽ കൈക്കൂലിക്കേസിൽ അറസ്റ്റിലായ അസിസ്റ്റന്റ് സി.ജെ. എൽസിയുടെ ബിരുദ പരീക്ഷാ രേഖകൾ വിജിലൻസ് അന്വേഷണ സംഘം പരിശോധിക്കും. സിഎംഎസ് കോളജിലാണ് എൽസി പ്രൈവറ്റായി ബിരുദ പരീക്ഷ എഴുതിയത്. പ്യൂൺ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച എൽസി 7 വർഷത്തിനുള്ളിൽ എസ്എസ്എൽസി, പ്ലസ്ടു, ബിരുദം എന്നിവ നേടിയാണ് സ്ഥാനക്കയറ്റത്തോടെ അസിസ്റ്റന്റ് തസ്തികയിൽ എത്തിയത്.
എൽസിയുടെ ബിരുദ പരീക്ഷ സംബന്ധിച്ച് വിജിലൻസിന് പരാതി ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസം സിഎംഎസ് കോളജിൽ എത്തി വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിക്കും. എംജി സർവകലാശാലയിൽ വിദ്യാർത്ഥികൾക്കായി സുസജ്ജമായ 'ഫ്രണ്ട് ഓഫിസ്' സ്ഥാപിക്കുന്നതിനായി ഇന്നലെ ഉന്നത തല യോഗം ചേർന്നു. സി.ജെ. എൽസി സമർപ്പിച്ച ജാമ്യാപേക്ഷ കോട്ടയം വിജിലൻസ് കോടതി തള്ളി.
എൽസി വാങ്ങിയ 1.25 ലക്ഷം രൂപ എന്തു ചെയ്തുവെന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുക സർവകലാശാലയിലെ മറ്റുള്ളവർക്ക് പങ്കിട്ടു നൽകിയോ എന്നു കണ്ടെത്താനാണ് പണം പോയ വഴി അന്വേഷിക്കുന്നത്. പണം ആവശ്യപ്പെട്ട് എംബിഎ വിദ്യാർത്ഥിനിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സർവകലാശാലയിലെ മറ്റു ജീവനക്കാർക്കു വിഹിതം നൽകണമെന്ന് എൽസി പറഞ്ഞിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ജീവനക്കാരുടെ പേരുകൾ സംഭാഷണത്തിൽ ഇല്ല.
എൽസിയുടെ ബാങ്ക് അക്കൗണ്ട് രേഖകൾ ഇന്നലെ വിജിലൻസ് സംഘം പരിശോധിച്ചു. സ്വകാര്യ ചിട്ടി, പുതുപ്പള്ളിയിലെ ബാങ്ക് എന്നിവയ്ക്കായി പണത്തിൽ ഒരു ഭാഗം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. എൽസി ഉൾപ്പെടെ 2010ൽ പ്യൂൺ തസ്തികയിലുള്ള ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകിയ നടപടി നിയമവിധേയമാണെന്ന് എംജി സർവകലാശാല രജിസ്റ്റ്രാർ ഡോ. ബി.പ്രകാശ്കുമാർ പറഞ്ഞു. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്ക് പട്ടികയിൽ നിന്നു സംവരണക്രമമെല്ലാം പാലിച്ചാണ് മുഴുവൻ നിയമനങ്ങളും നടത്തിയത്. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ