പാലക്കാട്: സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് ഒറ്റപ്പാലത്ത് സി പി എമ്മിനുള്ളിലെ അസ്വാരസ്യങ്ങൾ മുതലാക്കാൻ യു ഡി എഫ് നീക്കം. രണ്ടു തവണയൊഴികെ ബാക്കി എല്ലാ സമയത്തും ഇടതുമുന്നണിക്കൊപ്പം നിന്ന മണ്ഡലം, സ്വതന്ത്രനെ നിർത്തി പിടിക്കാനാണ് യു.ഡി എഫ് തന്ത്രം മെനയുന്നത്. സി പി എമ്മിന്റെ സിറ്റിങ് എംഎൽഎയും ജില്ലാക്കമ്മിറ്റി അംഗവുമായ എം ഹംസയ്ക്ക് ഇക്കുറി സ്ഥാനാർത്ഥിത്വം നിഷേധിച്ച സാഹചര്യത്തിൽ, തങ്ങളുടെ 'സുഹൃത്തായ' ഹംസയെത്തന്നെ സ്വതന്ത്രനാക്കാനാണ് യുഡിഎഫ് നീക്കം.

ഇതിനായി ഹംസയെ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടി ഇതുവരെ ലഭിച്ചില്ലെന്നാണ് സൂചന. യു.ഡി .എഫിന് തുടർഭരണം കിട്ടിയാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനം വരെ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ ഹംസയെ പോലുള്ള പ്രമുഖ സിപിഐ(എം) നേതാവ് ഇതിന് തയ്യാറാകില്ലെന്നും ഇങ്ങനെയൊരു സാധ്യതക്ക് തീരെ പ്രസക്തിയില്ലെന്നും ചില യു.ഡി .എഫ് നേതാക്കൾക്ക് അഭിപ്രായമുണ്ട്.

ഒറ്റപ്പാലം മണ്ഡലത്തിൽ എം.ഹംസക്ക് സീറ്റു ലഭിക്കാതിരിക്കുമ്പോൾ അദ്ദേഹത്തെ അനുകൂലിക്കുന്നവർ മാറി ചിന്തിക്കാനിടയുണ്ടെന്ന സാഹചര്യമുണ്ടെന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന നിയോജക മണ്ഡലം കമ്മിറ്റിയിൽ പങ്കെടുത്ത 24 പേരിൽ 20 പേരും ഹംസക്ക് സീറ്റ് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി മാതൃകയായ ഹംസക്ക് സീറ്റ് നിഷേധിച്ചതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടതായാണ് വിവരം.

ലോക്കൽ, ഏരിയ, ജില്ലാ ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ മണ്ണാർക്കാട് ഏരിയയിൽനിന്നുള്ള നാലു പേർ മാത്രമാണ് സ്ഥാനാർത്ഥിനിർണയത്തെ അനുകൂലിച്ചത്. നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്‌സ് പ്രതിഷേധ സൂചകമായി സംസ്ഥാന കമ്മിറ്റിക്ക് അയച്ചു നൽകാനും തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ രൂപീകരിച്ച കമ്മിറ്റിയിലാണ് ഹംസയുടെ സ്ഥാനാർത്ഥിത്വം ചർച്ചയായത്. ഇത്തവണ ഹംസ തന്നെയാണ് സ്ഥാനാർത്ഥിയായി വന്നിരുന്നതെങ്കിൽ ശക്തമായ ഒരു മത്സരം പോലും കാഴ്‌ച്ചവക്കാനാവാത്ത നിലയാണ് യു.ഡി. എഫ് ക്യാമ്പുണ്ടായിരുന്നത്.

യു.ഡി .എഫ് നേതാക്കളും പ്രവർത്തകരുമായി അടുത്ത ബന്ധമുള്ള ഹംസക്ക് ഇവരിൽ ഒരു വിഭാഗത്തിന്റെ വോട്ടു കിട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത് . നിയമസഭയിലായാലും പുറത്തായാലും യു.ഡി .എഫിനെ എതിർക്കുന്ന കാര്യങ്ങൾ ചെയ്തിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. മാണി ബജറ്റ് അവതരിപ്പിക്കുന്ന വേളയിൽ സംഘർഷ സമയത്തും ഹംസ എൽഡിഎഫിന്റെ ആവേശം കാട്ടിയില്ലെന്നത് ചർച്ച ചെയ്യപ്പെട്ടിരുന്നു . ഒരു വർഷമായി ഒറ്റപ്പാലം എം.എൽ .എ സ്വന്തം നിലയിൽ പ്രചരണ പരിപാടികൾ നടത്തി വരികയായിരുന്നു. സർക്കാർ പരിപാടികളിൽ പോലും ഹംസയെ വികസനനായകനാക്കി ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ സി.ഡി പ്രദർശനം നടത്തി വന്നിരുന്നു. കൂടാതെ വികസന നായകനാക്കി ചിത്രീകരിച്ച് മണ്ഡലത്തിലെങ്ങും ഫ്‌ലക്‌സ് ബോർഡുകളും സ്ഥാപിച്ചിരുന്നു.

സോളാർ- ബാർ കോഴ വിവാദങ്ങൾ കത്തിനിൽക്കുന്ന സമയത്തും ചെറിയ ഉദ്ഘാടനങ്ങൾക്കു പോലും മന്ത്രിമാരെ വിളിച്ച് അവരെ ചടങ്ങിൽ വച്ച് വാനോളം പുകഴ്‌ത്തുന്നതും സി പി എമ്മുകാരനായ ഹംസയുടെ പതിവായിരുന്നു. ഇതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഇതാണ് സീറ്റ് നിഷേധിക്കാൻ ഒരു കാരണമായത്. ഹംസയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ലഭിക്കാൻ യുഡിഎഫ് കരുനീക്കം നടത്തുന്നതും ഇതുകൊണ്ടാണ്. മുൻ ജില്ലാ പഞ്ചായത്ത് സുബൈദ ഇസ്ഹാഖിനെയാണ് സി പി എം ഒറ്റപ്പാലത്തു സ്ഥാനാർത്ഥിയാക്കുന്നത്. പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും അട്ടിമറികളില്ലെങ്കിൽ അവർ തന്നെയാകും സ്ഥാനാർത്ഥി.

1977 ൽ പി.ബാലനും , 1987 ൽ കെ.ശങ്കരനാരായണനും മാത്രമാണ് കോൺഗ്രസിൽ നിന്ന് ഇവിടെ നിന്ന് ജയിച്ചിട്ടുള്ളു. 1957 മുതലുള്ള മണ്ഡലത്തിന്റെ ചരിത്രത്തിൽ ബാക്കി എല്ലാ സമയത്തും ഇടതുമുന്നണിയാണ് ജയിച്ചത്. 5 തവണ ഇടതു മുന്നണിയിൽ നിന്ന് ജയിച്ച കോൺഗ്രസ് എസിലെ വി സി കബീർ മണ്ഡലത്തിൽ സി പി എം മത്സരിക്കാൻ തീരുമാനിച്ചപ്പോൾ 2006 ൽ കോൺഗ്രസ് ഐ ടിക്കറ്റിൽ യു.ഡി എഫ് സ്ഥാനാർതിയായി മത്സരിച്ചു തോറ്റു . 2006 ൽ ജയിച്ച ഹംസ 2011 ൽ കോൺഗ്രസിലെ വി.കെ ശ്രീകണ്ഠനെ 13203 വോട്ടിനാണ് തോൽപ്പിച്ചത് . മണ്ഡലം പുനർനിർണയം നടത്തി യു ഡി എഫിനൊപ്പം നിൽക്കുന്ന പഞ്ചായത്തുകൾ കൂട്ടിചേർത്ത ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു അത് . മണ്ഡലത്തിൽ സുബൈദ ഇസ്ഹാഖ് സി പി എം സ്ഥാനാർത്ഥിയാകും ഉറപ്പായി എന്ന തൊഴിച്ചാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരു മുന്നണിയിലും ബിജെപിയിലും നടന്നിട്ടില്ല.