- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ വ്യാജൻ എന്ന് വി എസ് അന്ന് മുദ്ര കുത്തിയത് ഇന്നും തീരാവേദന; പട്ടയ വിതരണം നായനാർ സർക്കാർ എടുത്ത നയപരമായ തീരുമാനം; ഞാൻ നടപ്പിലാക്കിയത് കളക്ടറുടെ ഉത്തരവും; നടന്നതെല്ലാം ചട്ടപ്പടി എന്നതിനും രേഖകൾ; വിവാദമായ രവീന്ദ്രൻ പട്ടയങ്ങളെ കുറിച്ച് എം ഐ രവീന്ദ്രൻ; പരമ്പരയുടെ മൂന്നാം ഭാഗം
മൂന്നാർ മേഖലയിലെ രവീന്ദ്രൻ പട്ടയങ്ങൾ മുഴുവൻ വ്യാജ പട്ടയങ്ങളായിരുന്നോ, അതോ ഭാഗികമായി മാത്രം വ്യാജനോ? 1999 ൽ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി പട്ടയങ്ങൾ പതിച്ചു നൽകിയെന്നാണ് ഉയർന്നിരുന്ന ആരോപണം. സംസ്ഥാനം ഏറെ ചർച്ച ചെയ്ത മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിനു ശേഷം രവീന്ദ്രൻ പട്ടയം ഒരിക്കൽ കൂടി ചർച്ചയാവുകയാണ്. വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതാണ് വിഷയത്തെ ഒരിക്കൽക്കൂടി ഇടുക്കിയിൽ ചൂടേറിയ ചർച്ചയാക്കിയത്.
മൂന്നാറിലെ കെ ഡി എച്ച് ഉൾപ്പെടെ ദേവികുളം താലൂക്കിലെ 9 വില്ലേജുകളിൽ വിതരണം ചെയ്തിട്ടുള്ള രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി, പുതിയ പട്ടയങ്ങൾ വിതരണം നടത്തുന്നതിനായി സർക്കാർ നടപടികൾ തുടങ്ങിയിരിക്കുകയാണ്. 1999 ൽ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ശുപാർശ പ്രകാരം എന്ന നിലയ്ക്ക് അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദ് ചെയ്യാനാണ് ജില്ലാ കളക്ടർക്ക് റവന്യൂ വകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഭൂമിക്ക് അർഹരാണെങ്കിൽ അവരിൽ നിന്നും അപേക്ഷ സ്വീകരിച്ച് നിലവിലെ ചട്ടപ്രകാരം പട്ടയം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് പ്രകാരം നിലവിൽ 270-ളം പട്ടയങ്ങൾ റദ്ദാക്കിയിട്ടുണ്ട്. 45 ദിവസത്തിനുള്ളിൽ പുതിയ പട്ടയങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് നടപ്പിലാവില്ലന്ന് വ്യക്തമായതോടെ നടപടികൾ പൂർത്തീകരിക്കാൻ 3 മാസത്തെ സമയം കൂടി സർക്കാർ നീട്ടി നൽകി.
കഴിഞ്ഞ ദിവസം ഇടുക്കി ജില്ല കളക്ടർ ഉൾപ്പെടെ ഉന്നതാധികൃതർ ദേവികുളം ആർഡിഒ ഓഫീസിൽ എത്തി രവീന്ദ്രൻ പട്ടയങ്ങൾ കൈവശമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. മാറിയ സാഹചര്യത്തിൽ പൂതിയ പട്ടയം നേടിയെടുക്കുന്നതിന് കടമ്പകൾ ഏറെയാണ്. അതുകൊണ്ട് തന്നെ രവീന്ദ്രൻ പട്ടയമുള്ള ഭൂമി കൈവശമുള്ളവരിൽ ഏറെപ്പേരും അങ്കലാപ്പിലാണ്. ഈ പശ്ചാത്തലത്തിൽ,പട്ടയ വിതരണത്തിന്റെ പിന്നാമ്പുറ കഥകൾ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുകയാണ് എം.ഐ.രവീന്ദ്രൻ. പരമ്പരയുടെ മൂന്നാം ഭാഗം:
1998-ൽ നായനാർ സർക്കാരിന്റെ കാലത്ത് എം ഐ രവീന്ദ്രൻ ദേവികുളം താലൂക്ക് ഓഫീസിൽ ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തദസീൽദാർ ആയിരുന്നു. പട്ടയവിതരണത്തിന് പിന്നിലെ കാരണങ്ങൾ രവീന്ദ്രൻ വിവരിക്കുന്നു.
അന്ന് മുഖ്യമന്ത്രി ഇ.കെ.നായനാരും റവന്യൂമന്ത്രി കെ ഇ ഇസ്മായിലും ആയിരുന്നു. ഇതെ വർഷം തന്നെ സർക്കാർ കൈവശ ഭൂമിക്ക് പട്ടയം നൽകാൻ നയപരമായ തീരുമാനമെടുത്തു. എല്ലാ ജില്ലകളിലും പട്ടയമേള നടത്തി കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതിനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലും പട്ടയമേള നടത്താൻ തീരുമാനിച്ചു.
ഇടുക്കി ജില്ലയിൽ അന്ന് 4 താലൂക്കുകൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ ദേവികുളം ഒഴികെ മറ്റ് താലൂക്കുകളിൽ പട്ടയം നൽകുന്നതിന് അധികാരമുള്ള തഹസീൽദാർ ചുമതലയിൽ ഉണ്ടായിരുന്നു. സീനിയോരിറ്റി സംബന്ധിച്ച് കോടതിയിൽ കേസ് നടന്നിരുന്നതിനാൽ ദേവികുളത്ത് തഹസീൽദാരെ നിയമിച്ചിരുന്നില്ല.
ഈ സാഹചര്യത്തിൽ താലൂക്ക് ഓഫീസിൽ ഹെഡ്ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസീൽദാർ ആയിരുന്ന തന്നെ അഡീഷൽ തഹസീൽദാരുടെ മുഴുവൻ ചുമതലയും നൽകി പട്ടയം നൽകുക എന്ന തീരുമാനമാണ് അന്നത്തെ കളക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇക്കാര്യം വ്യക്തമാക്കി 26 -12- 98 ൽ ഉത്തരവും പുറപ്പെടുവിച്ചു. തുടർന്ന് പട്ടയം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
ഇതിന് ശേഷം ജില്ലാകളക്ടർ ഇതെ കാര്യത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് വീണ്ടും ഉത്തരവ് ഇറക്കി. ഓരോ താലൂക്കിലും വിതരണത്തിന് തയ്യാറാക്കേണ്ട പട്ടയങ്ങളുടെ എണ്ണവും ഉത്തരവിൽ സൂചിപ്പിച്ചിരുന്നു. ഇത് പ്രകാരം ദേവികുളം താലൂക്കിൽ 2520 പട്ടയം വിതരണത്തിന് തയ്യാറാക്കണമെന്നായിരുന്നു കളക്ടർ നിർദ്ദേശിച്ചിരുന്നത്. ജീവനക്കാർ കുറവായിരുന്നതിനാൽ 530 പട്ടയങ്ങൾ മാത്രമാണ് നിശ്ചിത സമയത്തിനുള്ളിൽ തയ്യാറാക്കാൻ കഴിഞ്ഞത്. ഇത് ജില്ല പട്ടയമേളയിൽ വിതരണം ചെയ്തു. അപ്പോൾ തന്നെ സർക്കാരിലേയ്ക്ക് മുഴുവൻ വിവരങ്ങളും കൈമാറുകയും ചെയ്തു.
സർക്കാരിന്റെ നയപരമായ തീരുമാനം മേലുദ്യോഗസ്ഥന്റെ നിർദ്ദേശ പ്രകാരം നടപ്പിലാക്കുക മാത്രമായിരുന്നു താൻ ചെയ്തത്. അഡീഷണൽ തഹസീൽദാരുടെ ചുമതല താൻ ചോദിച്ച് വാങ്ങിയതല്ല, ജില്ലാ കളക്ടർ ഏൽപ്പിച്ചതാണ്. ഡെപ്യൂട്ടി തഹസീൽദാർക്ക് പട്ടയം നൽകാൻ അധികാരമില്ല എന്നാണ് പീന്നീട് ഉയർന്നുവന്ന വാദം. ഭൂമിപതിവ് നിയമം അനുസരിച്ച് ഇത് ശരിയാണ്.
പ്രത്യേക സാഹചര്യത്തിൽ പട്ടയം നൽകുന്നതിനുള്ള ചുമതല എന്നെ ഏൽപ്പിച്ച കാര്യം കവറിങ് ലെറ്റർ ഉൾപ്പെടെ ലാന്റ് റവന്യൂ കമ്മീഷണറെ കളക്ടർ അറിയിച്ചിരുന്നു. ഇതിൽ വിയോജിപ്പോ ആക്ഷേപമോ ഉണ്ടെങ്കിൽ തിരുത്തുക, അല്ലെങ്കിൽ ,അതുമല്ലങ്കിൽ ഈ പേര് അംഗീകരിക്കുന്നതിന് വേണ്ടി സർക്കാർ ഗസ്റ്റിൽ ഇട്ട് സ്റ്റാറ്റിയൂട്ടറി റഗുലേറ്ററി ഓർഡർ ആക്കി പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ഓർഡർ കളക്ടർ ലാന്റ് റവന്യൂ കമ്മീഷണർക്ക് അയച്ചത്.
എന്നാൽ ഇക്കാര്യത്തിൽ 23 വർഷങ്ങൾ കഴിഞ്ഞിട്ട് ആക്ഷേപമോ വിയോജനകുറിപ്പോ ലാന്റ് റവന്യൂ കമ്മീഷണർ ഇറക്കിയിട്ടില്ല. ഇത് ലാന്റ് റവന്യൂ കമ്മീഷണർ ഓഫീസിൽ പറ്റിയ വീഴ്ചയായിട്ടാണ് ഞാൻ കരുതുന്നത്. ആദ്യമൊക്കെ വ്യാജനാണ് എന്ന രീതിയിലാണ് അറിയപ്പെട്ടിരുന്നത്. വ്യാജനല്ല എന്ന് തെളിയിക്കുന്നതിനുള്ള എല്ലാ റെക്കോഡുകളും എന്റെ കൈവശമുണ്ട്.
പട്ടയം നൽകാൻ അധികാരമില്ലാത്ത എന്നോട് അത് ഒപ്പിട്ടുനൽകാൻ രേഖാമൂലം ചുമതലപ്പെടുത്തിയത് മേൽ ഉദ്യോഗസ്ഥനായ കളക്ടർ ആണ്. അദ്ദേഹത്തിന്റെ ഉത്തരവ് നടപ്പാക്കാൻ കീഴ്ജീവനക്കാരനായ ഞാൻ ബാധ്യസ്ഥനാണ്. ഞാൻ എന്റെ ജോലി ചെയ്തു അത്രമാത്രം.
ആളുകളെ ഹോട്ടലിൽ വിളിച്ചുവരുത്തി പട്ടയം നൽകി, വൻതുക കൈക്കൂലി വാങ്ങി, അധികാര ദുർവ്വിനയോഗം നടത്തി തുടങ്ങിയ ആരോപണങ്ങളെകുറിച്ചും രവീന്ദ്രൻ പ്രതികരിച്ചു. അതെക്കുറിച്ച് നാളെ.
തുടരും:
മറുനാടന് മലയാളി ലേഖകന്.