ന്യൂഡൽഹി: തനുശ്രീ ദത്ത കൊളുത്തി വിട്ട മീ ടൂ ക്യാമ്പെയിൻ മോദി സർക്കാരിനെയും പിടിച്ചുലയ്ക്കുകയാണ്. മാധ്യമ പ്രവർത്തനം തൊഴിലായിരുന്ന കാലത്തെ ചില മോശം പെരുമാറ്റങ്ങളുടെ പേരിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി എം.ജെ.അക്‌ബറാണ് ഇപ്പോൾ വെള്ളം കുടിക്കുന്നത്. മീ ടുവുമായി ബന്ധപ്പെട്ട് അക്‌ബറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നു. ഏഷ്യൻ ഏജിലെ മുൻ മാധ്യമപ്രവർത്തകയാണ് ഏറ്റവും ഒടുവിൽ ആരോപണം ഉന്നയിച്ചത്. അക്‌ബർ ലൈംംഗികാതിക്രമം നടത്തിയെന്ന ഗുരുതര ആരോപണമാണ് അവർ ഉന്നയിച്ചത്. ന്യൂസ് എഡിറ്ററായിരിക്കെ, അക്‌ബർ തങ്ങളോട് ലൈംഗികാതിക്രമം കാട്ടിയെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ച് ആറു വനിതാ മാധ്യമ പ്രവർത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്.

ആരോപണങ്ങൾക്ക് ചൂടുപിടിച്ചതോടെ, അക്‌ബർ തൃപ്തികരമായ വിശദീകരണം നൽകുകയോ, രാജി വച്ചൊഴിയുകയോ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് എസ്.ജയ്പാൽ റെഡ്ഡി ആവശ്യപ്പെട്ടു.

അതേസമയം, എം.ജെ.അക്‌ബർ, വാണിജ്യ പ്രതിനിധി സംഘവുമായി നൈജീരിയയിലാണ്. ഇ-മെയിൽ, ഫോൺ കോൾ, വാട്ടാസാപ്പ് സന്ദേശങ്ങളോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ആരോപണം ഗുരുതരമാണെന്നും മന്ത്രി വിശദീകരണം നൽകണമെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടിരുന്നു. നിശ്ശബ്ദത രക്ഷാമാർഗ്ഗമല്ലെന്നും, ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.ബിജെപി ഔദ്യോഗികമായി ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിനോട് ഇക്കാര്യം ആരാഞ്ഞപ്പോൾ, അവർ മൗനം പാലിക്കുകയാണുണ്ടായത്.

എന്നാൽ, എം.ജെ. അക്‌ബറിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി പ്രതികരിച്ചു. ആരോപണത്തിൽ അന്വേഷണം ഉണ്ടാവണമെന്ന് മേനക ഗാന്ധി ആവശ്യപ്പെട്ടു. എം.ജെ. അക്‌ബറിനെതിരെ ആരോപണം ഉയർന്നതിന്ശേഷം ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തീർച്ചയായും ഉണ്ടാവണം. അധികാരത്തിൽ ഇരിക്കുന്ന പുരുഷന്മാർ എപ്പോഴും ചെയ്യുന്ന കാര്യമാണിത്. മാധ്യമ രംഗത്തും രാഷ്ട്രീയ മേഖലയിലും കമ്പനികളിലും ഇതുണ്ട്. ഇപ്പോൾ സ്ത്രീകൾ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് മാത്രമെന്നും മന്ത്രി പറഞ്ഞു.

മാധ്യമപ്രവർത്തകയായ പ്രിയ രമണി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. 1977ൽ നടന്ന ഒരുസംഭവമാണ് പ്രിയ രമണി ട്വിറ്ററിൽ വെളിപ്പെടുത്തിയത്. മുംബൈയിലെ ഹോട്ടൽ മുറിയിൽ അഭിമുഖത്തിനായി തന്നെ രാത്രി 7 മണിക്ക് വിളിച്ചുവരുത്തിയ അക്‌ബർ മോശം രീതിയിൽ പെരുമാറിയെന്നാണ് മാധ്യമപ്രവർത്തക ആരോപിച്ചത്. പ്രിയ രമണിക്ക് അന്ന് 23 വയസും, അക്‌ബറിന് 43 വയസുമായിരുന്നു. ഇക്കാര്യം താൻ 2017 ൽ വോഗ് മാസികയിലെ ലേഖനത്തിൽ താൻ വെളിപ്പെടുത്തിയിരുന്നതായും പ്രിയ പറയുന്നു.ഹോളിവുഡിലെ കുപ്രസിദ്ധമായ ഹാർവെ വെയ്ൻസ്റ്റീൻ സംഭവത്തോടെയായിരുന്നു പ്രിയ വോഗിൽ ഇക്കാര്യം കുറിച്ചത്. അന്ന് അക്‌ബറിന്റെ പേര് പറയാതെയായിരുന്നു പരാമർശം. മറ്റുപല സ്ത്രീകൾക്കും ഇതുപോലെ ദുരനുഭവങ്ങൽ ഉണ്ടായിട്ടുണ്ടെന്നും പ്രിയ ട്വീറ്റ് ചെയ്തു.

പ്രിയ രമണിയുടെ ട്വീറ്റിനെ തുടർന്ന് മറ്റ് മൂന്ന് മുതിർന്ന വനിതാ മാധ്യമ പ്രവർത്തകരും അക്‌ബറിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ മുൻ എഡിറ്റർ കെ.ആർ.ശ്രീനിവാസ്, ഡിഎൻഎ മുൻ എഡിറ്റർ ഇൻ ചീഫ് ഗൗതം അധികാരി എന്നിവർക്കെതിരെ മുതിർന്ന മാധ്യമ പ്രവർത്തക സന്ധ്യ മേനോൻ ആരോപണങ്ങളുമായി രംഗത്തെത്തി. അടുത്തിടെ ടിവി പ്രൊഡ്യൂസറായ വിന്ത നന്ദ നടൻ അലോക് നാഥിനെതിരെ ബലാൽസംഗ ആരോപണം ഉന്നയിച്ചിരുന്നു.

ബോളിവുഡിലെ രണ്ടാം ഘട്ട 'മീ ടൂ'വിൽ നടിമാരായ പൂജ ഭട്ടും കങ്കന റനൗട്ടും ചേർന്നിരുന്നു. ഹാസ്യതാരം ഉത്സവ് ചക്രവർത്തി, എഴുത്തുകാരൻ ചേതൻ ഭഗത്, നടൻ രജത് കപൂർ, സംവിധായകൻ വികാസ് ബാഹ്ല് എന്നിവരും മീടുവിൽ പെട്ടു. ചാറ്റിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ ചേതൻഭഗതിനെതിരെ യുവതി രംഗത്തുവന്നത്. ഇതോടെ യുവതിയോടും ഭാര്യയോടും ക്ഷമാപണം നടത്തി ചേതൻ ഭഗത് തടിയൂരി.