റി വിഷയവും കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ലോകത്തെ വൻ ശക്തികൾ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ കൂട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കിയും യഥാർത്ഥത്തിൽ ഒറ്റപ്പെടുന്നത് ഇന്ത്യയോ പാക്കിസ്ഥാനോ എന്ന ചോദ്യമുയർത്തിയും ഇന്ത്യൻ മുൻ അംബാസിഡറും നയതന്ത്ര വിദഗ്ധനുമായ എം കെ ഭദ്രകുമാറിന്റെ ലേഖനം. ലേഖനത്തെ പ്രകീർത്തിച്ചും ഇന്ത്യയ്ക്കാണ്, പാക്കിസ്ഥാനല്ല യഥാർത്ഥത്തിൽ തിരിച്ചടി നേരിടുന്നതെന്ന് അഭിപ്രായപ്പെട്ടും അരവിന്ദ് കെജ്രിവാൾ. മോദിക്ക് സാർക്ക് മീറ്റിംഗിൽ പങ്കെടുക്കാൻ താൽപര്യമില്ലെങ്കിൽ പാക്കിസ്ഥാൻ ഔദ്യോഗികമായി കെജ്രിവാളിനെ ക്ഷണിച്ചോളാമെന്ന് വ്യക്തമാക്കി പാക് ആണവപദ്ധതിയുടെ പിതാവായി അറിയപ്പെടുന്ന അബ്ദുൾ ഖദീർഖാനും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവായ സർതാജ് അസീസും.

ഉറി ആക്രമണത്തെ തുടർന്ന് ഇന്ത്യ പാക്കിസ്ഥാനെ ഭീകരത കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന് വ്യക്തമാക്കി ആഗോളതലത്തിൽ ഒറ്റപ്പെടുത്താൻ കടുത്ത നയതന്ത്ര നടപടികൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ കെജ്രിവാളിന്റെ നിലപാടുകളും അദ്ദേഹത്തെ പ്രകീർത്തിച്ചും പ്രധാനമന്ത്രി മോദിയെ ഇകഴ്‌ത്തിയും പാക് ഉന്നതർ നൽകിയ ട്വീറ്റുകളും വലിയ ചർച്ചയായി മാറിയിരിക്കുകയാണിപ്പോൾ.

ചർച്ചയിൽ ഉറിയിൽ നടന്ന ഭീകരാക്രണത്തെപ്പറ്റി കഴിഞ്ഞയാഴ്ച മാതൃഭൂമി ചാനൽ ചർച്ചയിൽ അവതാരകൻ കെ വേണു പാക് മാദ്ധ്യമങ്ങളുടെ പക്ഷംപിടിച്ച് സംസാരിച്ചതിനെ തുടർന്ന് ഏറെ പ്രതിഷേധമുയരുകയും രാജ്യദ്രോഹ നിലപാടാണ് ചാനലും അവതാരകനും ഉയർത്തിയതെന്ന് ആരോപിച്ച് ചാനലിനുമുന്നിലേക്ക് പ്രതിഷേധ മാർച്ചും വേണുവിന്റെ കോലംകത്തിക്കലും നടന്നിരുന്നു. ആ ചർച്ചയിൽ വേണുവിന്റെ വാദങ്ങളെ നിശിതമായി ഖണ്ഡിച്ചതും ഉറി ആക്രമണത്തിൽ പാക്കിസ്ഥാൻ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പക്ഷംപിടിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്തത് ഇടതു സഹയാത്രികനും പ്രമുഖ നയതന്ത്രജ്ഞനുമായ ഭദ്രകുമാർ ആയിരുന്നു.

എന്നാൽ കഴിഞ്ഞദിവസം ദേശീയ ദിനപത്രമായ ദി ട്രിബ്യൂണിൽ 'കാര്യങ്ങൾ ഇന്ത്യയുടെ വരുതിയിലല്ലെന്ന്' വ്യക്തമാക്കി അദ്ദേഹം ലേഖനമെഴുതിയതാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുന്നത്. ലോകത്തെ മുഖ്യശക്തികളുടെ പിന്തുണ ഇപ്പോഴും പാക്കിസ്ഥാന് തന്നെയാണ് ലഭിക്കുന്നതെന്നും പുതിയ നയതന്ത്ര നടപടികളിൽ ഇന്ത്യക്ക് തിരിച്ചടി നേരിടുകയാണെന്നും വ്യക്തമാക്കുന്ന ലേഖനത്തിൽ നയതന്ത്രജ്ഞനെന്ന നിലയിൽ കാര്യങ്ങളെ വിലയിരുത്തുകയാണ് ഭദ്രകുമാർ ചെയ്തിരിക്കുന്നത്.

ഉറി ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ ഭീകരത കയറ്റുമതി ചെയ്യുന്ന രാജ്യമാണെന്ന് വ്യക്തമാക്കി അവരെ ഒറ്റപ്പെടുത്താൻ ഇന്ത്യ ശ്രമങ്ങൾ നടത്തുകയാണ്. പക്ഷേ, വാസ്തവത്തിൽ ഇതോടെ കാശ്മീർ പ്രശ്നം കൂടുതൽ സങ്കീർണമായി മാറുകയാണെന്ന് ലേഖനത്തിൽ ഭദ്രകുമാർ ചൂണ്ടിക്കാട്ടുന്നു.

കാശ്മീരിൽ ഇപ്പോഴുള്ള സ്ഥിതിവിശേഷം മെച്ചപ്പെടുത്താൻ സൈനികപരമായ നടപടികൾക്കുപരി ഒരു രാഷ്ട്രീയ പരിഹാരത്തിന് സർക്കാർ ശ്രമിക്കുകയാണ് വേണ്ടതെന്നും കാശ്മീരിലെ ഇപ്പോഴത്തെ സ്ഥിതി മെച്ചപ്പെടുന്നതാണ് യഥാർത്ഥത്തിൽ പാക്കിസ്ഥാനെ ദുർബലപ്പെടുത്താനുള്ള വഴിയെന്നും അ്ദേഹം പറയുന്നു. ഉറി ആക്രമണത്തിലെ പാക് പങ്ക് വ്യക്തമായ തെളിവുകളോടെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഹാജരാക്കാൻ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് കഴിയണം. പത്താൻ കോട്ടിലെന്നപോലെ ഗുരുതരമായ സുരക്ഷാ വീഴ്ച ഉറിയിലും സംഭവിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ രാജ്യാന്തര നയതന്ത്ര തലത്തിൽ പാക്കിസ്ഥാനെതിരെ നീങ്ങുമ്പോൾ നമ്മുടെ വീഴ്ചയായി വിലയിരുത്തപ്പെടും.

അതുപോലെ, ഇക്കാര്യമുന്നയിച്ച് ഇന്ത്യ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ നീക്കം നടത്തുമ്പോൾ അത് കാര്യമായ ഗുണംചെയ്യുന്നില്ലെന്നും ഭദ്രകുമാർ വിലയിരുത്തുന്നു. ഉറി ആക്രമണത്തിൽ ഒരു പ്രധാന രാജ്യവും പാക്കിസ്ഥാനെതിരെ വിരൽചൂണ്ടാൻ തയ്യാറായിട്ടില്ല. മാത്രമല്ല പാക്കിസ്ഥാനെ സഹായിക്കുന്ന നിലപാടുകൾ പല രാജ്യങ്ങളും സ്വീകരിക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ചപോലും ഇത്തരം സംഭവങ്ങൾ ഉണ്ടായി. ന്യൂയോർക്കിൽ വച്ച് നവാസ് ഷെരീഫുമായി ചൈനീസ് പ്രധാനമന്ത്രിയും തുർക്കി, ഇറാൻ പ്രസിഡന്റുമാരും സൗഹൃദപരമായി ഇടപെട്ട കാര്യവും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായി നടന്ന ആശയവിനിമയവുമെല്ലാം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. 1947നു ശേഷം ആദ്യമായി പാക്കിസ്ഥാനിൽ റഷ്യ സംയുക്ത സൈനികാഭ്യാസം നടത്തിയത് മറ്റൊരു ഉദാഹരണം. മാത്രമല്ല, കാശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ധ്വംസനം നടത്തുന്നതായി ആരോപിച്ച് പാക്കിസ്ഥാൻ അവിടേക്ക് യുഎൻ പ്രതിനിധി സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയതിട്ടുണ്ട്. യുഎന്നിന്റെ മനുഷ്യാവകാശ കൗൺസിലിനുമുന്നിലും വിഷയം എത്തിച്ചു. ഇത്തരത്തിൽ അവരുടെ നയതന്ത്ര നീക്കങ്ങൾ ഇന്ത്യക്കെതിരെ ഫലപ്രദമാണെന്നും അതേസമയം, ഇന്ത്യയുടെ ഇടപെടലുകൾ അവരെ ഒറ്റപ്പെടുത്താൻ പര്യപ്തമല്ലെന്നും ഭദ്രകുമാർ ചൂണ്ടിക്കാട്ടുന്നു.

തൊണ്ണൂറുകളിൽ സമാനമായ സാഹചര്യം കാശ്മീരിൽ ഉണ്ടായിരുന്നു. അന്ന് പാക്കിസ്ഥാൻ സ്പോൺസർ ചെയ്ത കലാപമാണ് കാശ്മീരിൽ ഉണ്ടാകുന്നതെന്ന് സ്ഥാപിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. ഇന്ന് താഴ്‌വരയിൽ അശാന്തി ഉയർന്നുവന്നിരിക്കുന്നത് തദ്ദേശിയമായി തന്നെയാണ്. ഈ പ്രശ്നത്തെ രാഷ്ട്രീയ പരമായി നിയന്ത്രിക്കുന്നതിൽ നിലവിൽ കേന്ദ്രവും കാശ്മീരും ഭരിക്കുന്ന കക്ഷികളുടെ വീഴ്ച വ്യക്തമാണെന്നും ഭദ്രകുമാർ വിലയിരുത്തുന്നു. പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച് ജനങ്ങളെ നേരിടുന്ന രാജ്യത്തെ സർക്കാരിന്റെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിൽ മോശമായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ഇന്ത്യക്ക് ഉയർത്തിക്കാട്ടാൻ ബലൂചിസ്ഥാനിലുൾപ്പെടെ പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ പ്രശ്നങ്ങളുണ്ടെങ്കിലും അതുന്നയിച്ച് കാശ്മീരിലെ ഇടപെടലുകളെ ന്യായീകരിക്കാൻ ഇന്ത്യക്കാവില്ലെന്നും ഭദ്രകുമാർ വ്യക്തമാക്കുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയ്ക്കായി മോദിയെ മേശയ്ക്കുമുന്നിൽ എത്തിക്കുംവരെ കാശ്മീർ വിഷയം പാക്കിസ്ഥാൻ ചൂടാക്കി നിർത്തുമെന്നും ഭദ്രകുമാർ ചൂണ്ടിക്കാട്ടുന്നു.

നയതന്ത്രമെന്നാൽ മോദി നിരന്തരം നടത്തുന്ന വിദേശയാത്രകളിലൂടെ നേടാവുന്ന ഒന്നല്ലെന്നും യുപിഎ സർക്കാർ ഭരിച്ചിരുന്ന കാലത്ത് ഒറ്റപ്പെട്ടു നിന്നിരുന്ന അവസ്ഥയിലായിരുന്നു പാക്കിസ്ഥാനെങ്കിൽ ഇപ്പോൾ അവർ നില മെച്ചപ്പെടുത്തുന്ന സ്ഥിതിയാണ് കാണുന്നതെന്നും ഭദ്രകുമാർ വിലയിരുത്തുന്നു. കഴിഞ്ഞ രണ്ടുവർഷക്കാലത്തിനിടെ കാശ്മീർ പ്രശ്നം ഏറെ വഷളായി. അവിടെ ശാന്തി നിലനിർത്തുത്തിൽ കേന്ദ്രത്തിന് വലിയ വീഴ്ച പറ്റി. ഇതോടെയാണ് പാക്കിസ്ഥാൻ കാശ്മീർ വിഷയത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്താൻ വീണ്ടും ശ്രമങ്ങൾ സജീവമാക്കിയത്. ഇന്ത്യയിലെ ഭീകരതയുടെ അടിസ്ഥാനംതന്നെ കാശ്മീർ വിഷയമാണെന്ന് ഉയർത്തിക്കാട്ടാനാണ് അവരുടെ ശ്രമമെന്നും ഇത് ഇന്ത്യ തിരിച്ചറിയുകയാണ് വേണ്ടതെന്നും ഭദ്രകുമാർ പറയുന്നു. അഖണ്ഡഭാരതമെന്ന മുദ്രാവാക്യമുയർത്തുന്ന സംഘപരിവാറും അതിന്റെ പ്രയോക്താവെന്ന നിലയിൽ മോദിയും സ്വയം പ്രതിച്ഛായ സൃഷ്ടിക്കുകയാണ്. ഈ ഉദ്ദേശത്തിൽ അവർ പ്രതികാരത്തിന് ഇറങ്ങുകയാണെന്ന പ്രചരണമാണ് പാക്കിസ്ഥാൻ നടത്തുന്നതെന്നും ഇത് ഒരു പരിധി കടന്നാൽ യുദ്ധത്തിലേക്ക് വഴുതിവീഴുമെന്നും മുന്നറിയിപ്പ് നൽകുകയാണ് ഭദ്രകുമാർ.

ഇത്തരത്തിൽ വിശദമായി ഇപ്പോഴത്തെ ഇന്ത്യൻ നയതന്ത്രനീക്കങ്ങളെ വിലയിരുത്തിയും മോദിയെയും ആർഎസ്എസിനെയും വിമർശിച്ചും നൽകിയ ലേഖനത്തെ ശ്ളാഘിച്ച് അരവിന്ദ് കെജ്രിവാൾ രംഗത്തുവന്നതോടെ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയായിരുന്നു.

നല്ല ലേഖനമെന്നും ഉറി വിഷയത്തിൽ പാക്കിസ്ഥാനല്ല, മറിച്ച് ഇന്ത്യയാണ് അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുന്നതെന്നും കുറിച്ച് ലേഖനം ഷെയർ ചെയ്യുകയായിരുന്നു കെജ്രിവാൾ. ഇതിനു പിന്നാലെതന്നെ സ്വതവേ മോദിക്കെതിരെ ശത്രുത പ്രഖ്യാപിച്ചിട്ടുള്ള കെജ്രിവാളിനെതിരായ ട്വീറ്റുകൾ ട്വിറ്ററിൽ നിറഞ്ഞു. രാജ്യവിരുദ്ധനാണ് കെജ്രിവാളെന്നും ഇനി പോയി പാക്കിസ്ഥാനിൽ ആപ്പ് (ആംആദ്മി പാർട്ടി) ഉണ്ടാക്കട്ടെയെന്നുമെല്ലാമായി വിമർശനങ്ങൾ.

ഇതിനു പിന്നാലെയാണ് ഇന്ത്യ സാർക് സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന നിലപാട് വ്യക്തമാകുന്നത്. അതോടെ ഇന്ത്യയിലെ രാഷ്ട്രീയ ഭിന്നതയിൽ സന്തോഷം പൂണ്ടെന്നവണ്ണം പാക് നേതാക്കളുടെ ട്വീറ്റുകൾ വരികയായിരുന്നു. പാക് ആണവപദ്ധതിയുടെ പിതാവെന്നും ആദ്യ മുസ്ലിം ന്യൂക്ളിയർ ബോംബിന്റെ നിർമ്മാതാവെന്നും അറിയപ്പെടുന്ന അബ്ദുൾ ഖദീർഖാൻ 'മോദി ഇസ്ളാമാബാദിൽ നടക്കുന്ന സാർക് സമിറ്റിൽ പങ്കെടുക്കുന്നില്ലെങ്കിൽ വേണ്ട, പാക്കിസ്ഥാൻ മിസ്റ്റർ സിഎമ്മിന് (അരവിന്ദ് കെജ്രിവാൾ) ഒരു ഔദ്യോഗിക ക്ഷണം അയക്കാൻ പോകുകയാണ്' എന്ന് ട്വീറ്റിട്ടു.

മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവായ സർതാജ് അസീസിന്റെയും സന്ദേശമെത്തി. 'ഇന്ത്യ ഗവൺമെന്റ് സാർക് സമ്മേളനം ബഹിഷ്‌കരിക്കുകയാണെന്ന് കേട്ടു. ഇന്ത്യയ്ക്ക് അരവിന്ദ് കെജ്രിവാളിനെ പോലെ പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രിയായി വരട്ടെയെന്ന് ആശംസിക്കുന്നു' എന്നായിരുന്നു സർതാജിന്റെ സന്ദേശം.

ഇതോടെ ഭദ്രകുമാറിന്റെ ലേഖനവും അരവിന്ദ് കെജ്രിവാളിൻെ പ്രതികരണവും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ് ദേശീയ തലത്തിൽ. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും നയതന്ത്രജ്ഞരും ഒറ്റക്കെട്ടായി രാജ്യത്തിന് വേണ്ടി വാദിക്കേണ്ട ഇത്തരം സന്ദർഭങ്ങളിൽ പരസ്പര വിരുദ്ധ പ്രതികരണങ്ങൾ ഉണ്ടാകുന്നത് മുതലെടുക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായും ഇത് ഒഴിവാക്കപ്പെടണമെന്നുമുള്ള വിലയിരുത്തലുകളാണ് കൂടുതലായും പുറത്തുവരുന്നത്.