കൊല്ലം: സിപിഐ എമ്മിന്റെ മുതിർന്ന നേതാവും മുൻ സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം മുൻ ജില്ലാ സെക്രട്ടറിയുമായ എം കെ ഭാസ്‌കരൻ (80) അന്തരിച്ചു.

രോഗബാധിതനായി ചികിത്സയിലിരിക്കെ എൻ എസ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ 12.50നായിരുന്നു അന്ത്യം. രണ്ടുമാസത്തോളമായി എൻ എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് നില മോശമായതിനെത്തുടർന്ന് ഐസിയുവിലേക്ക് മാറ്റി. മൃതദേഹം തിങ്കളാഴ്ച സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട് എൻ എസ് സ്മാരകത്തിൽ പൊതുദർശനത്തിനു വയ്ക്കും.

സിപിഐ എം ജില്ലാകമ്മിറ്റി അംഗവും അഖിലേന്ത്യ കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗവുമാണ്. കരുനാഗപ്പള്ളി ആലുംകടവ് കോഴിത്തറ വീട്ടിൽ കേശവന്റെയും നാരായണിയുടെയും മകനായി 1935ൽ ജനിച്ചു. യുവാവായിരിക്കെ ഇടപ്പള്ളിക്കോട്ട ആർട്‌സ് ക്‌ളബ് പ്രവർത്തകനായി ചവറയിലെ സാംസ്‌കാരിക രംഗത്തു സജീവമായി. 1954ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1955ൽ കളരി മേക്കാട് പാർട്ടി സെൽ സെക്രട്ടറിയും 1958ൽ രൂപീകൃതമായ പാർട്ടി പന്മന ബ്രാഞ്ചിന്റെ ആദ്യ സെക്രട്ടറിയുമായി.

പാർട്ടി താലൂക്ക് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. പാർട്ടി വിഭജനത്തിനുശേഷം 1965ൽ സിപിഐ എം കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറിയായി. 1968ൽ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 1980 മുതൽ രണ്ടു വർഷം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. ഇക്കാലത്ത് സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി. 1985 മുതൽ 30 വർഷം സംസ്ഥാനകമ്മിറ്റിയിൽ അംഗമായി. ആരോഗ്യകാരണങ്ങളാൽ 2015 ഫെബ്രുവരിയിൽ നടന്ന ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവായി.

തേവലക്കര തെക്കുംഭാഗം ഡിവിഷനിൽനിന്ന് 1990ൽ കൊല്ലം ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുത്തു. ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. തുടർന്ന് മയ്യനാട് ഡിവിഷനെ പ്രതിനിധീകരിച്ച് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2006-11ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കാർഷിക കടാശ്വാസ കമീഷൻ അംഗമായി. കാർഷിക സർവകലാശാല കൗൺസിൽ, കർഷക- കർഷകത്തൊഴിലാളി ക്ഷേമ ബോർഡ് അംഗം, സംസ്ഥാന സഹകരണബാങ്ക് ഭരണസമിതി അംഗം, ചവറ കെഎംഎംഎൽ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ഏഴുമാസം ജയിൽവാസം അനുഭവിച്ചു. അടിയന്തരാവസ്ഥയിൽ എൻ ശ്രീധരനൊപ്പം 19 മാസം ഒളിവിൽ കഴിഞ്ഞു. ഭാര്യ രാജമ്മ ഭാസ്‌കരൻ സിപിഐ എം കൊല്ലം ജില്ലാകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ്. മക്കൾ: എം ആർ ബിന്ദു, എം ആർ ബിജു (കായംകുളം സ്പിന്നിങ് മിൽ മാനേജർ). മരുമക്കൾ: പി എ എബ്രഹാം (സിപിഐ എം കൊല്ലം ജില്ലാകമ്മിറ്റി അംഗം), വി വിക്രമൻ (ഗൾഫ്).