കോഴിക്കോട്: ലിംഗസമത്വ യൂണിഫോം ആശയത്തിനെതിരെ വിമർശനവുമായി മുസ്ലിംലീഗ് നേതാവ് ഡോ. എം കെ മുനീർ. ലിംഗസമത്വമെന്ന പേരിൽ സ്‌കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുനീർ കുറ്റപ്പെടുത്തി. പെൺകുട്ടികളെ പാന്റും ഷർട്ടും ധരിപ്പിക്കുന്നത് എന്തിനാണ്.

പെൺകുട്ടികൾ ധരിക്കുന്ന വേഷം ആൺകുട്ടികൾക്ക് ചേരില്ലേ? ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുനീർ പറഞ്ഞു. ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരിധരിക്കുമോയെന്നും മുനീർ ചോദിച്ചു. എം എസ് എഫ് ക്യാംപെയിനിന്റെ ഭാഗമായ സംവാദ പരിപാടിയിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു ഡോ. എം കെ മുനീർ.

അതേസമയം ആൺ പെൺ കുട്ടികളെ ഒരുമിച്ച് ഒരു ബെഞ്ചിലിരുത്തുന്നത് പരിഗണിക്കണമെന്ന് പാഠ്യ പദ്ധതി പരിഷ്‌ക്കരണ സമിതിയുടെ കരടു നിർദേശത്തിൽ ഉണ്ടായിരുന്നു. സ്‌കൂളുകളിൽ ആൺ കുട്ടികളെയും പെൺ കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്ന് നിർദ്ദേശം. പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌ക്കരണ സമിതിയുടെ ചർച്ചക്കായുള്ള കരട് റിപ്പോർട്ടിലാണ് നിർദ്ദേശം.

ആൺ പെൺ വ്യത്യാസമില്ലാത്ത മിക്‌സ്ഡ് സ്‌കൂളുകൾ.ജന്റർ യൂണിഫോം ഇതിന് പിന്നാലെയാണ് ലിംഗ സമത്വം ഉറപ്പ്പാക്കാൻ പുതിയ നിർദ്ദേശം. ലിംഗ നീതിക്കായി ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഒരുമിച്ച് ഇരിപ്പിടം ഒരുക്കുന്നത് ചർച്ചയാക്കണമെന്നാണ് നിർദ്ദേശം. എസ് സി ഇ ആർ ടി തയ്യാർ ആക്കിയ കരട് റിപ്പോർട്ടിലാണ് നിർദ്ദേശം.

കരട് റിപ്പോർട്ടിന്മേൽ പാഠ്യ പദ്ധതി ചട്ട കൂട് പരിഷകരണത്തിനുള്ള വിദഗ്ധ സമിതിയുടെ കഴിഞ്ഞ ദിവസം ചേർന്ന ആദ്യ യോഗത്തിൽ കരടു ചർച്ചയായി.ചില അംഗങ്ങൾ ഇത് വിവാദം ആകാൻ ഇടയുണ്ടെന്നു അഭിപ്രായപെട്ടു.പൊതു വിദ്യാഭ്യാസ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരുമാണ് സമിതിയിൽ ഉള്ളത്.സമിതി കരട് റിപ്പോർട്ടിന്മേൽ ചർച്ച ചെയ്താണ് അന്തിമ റിപ്പോർട്ട് സർക്കാരിന് നൽകുക.

ഈ വിഷയത്തിൽ തുടക്കം മുതൽ എതിർപ്പമായി രംഗത്തുള്ള മുസ്ലിം സംഘടനകൾ വിഷയത്തിൽ നിലപാട് കടുപ്പിക്കുമെന്നാണ് സൂചനകൾ. വിഷയം മുസ്ലിംലീഗും ഏറ്റുപിടിക്കാനാണ് സാധ്യതകൾ.