- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മുതിർന്ന പുരുഷൻ ഒരു ആൺകുട്ടിയുമായി ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണ്? ജെൻഡർ ന്യൂട്രാലിറ്റിക്ക് പോക്സോ ആവശ്യമുണ്ടോ? ഇസ്ലാമിസ്റ്റെന്ന് മുദ്രകുത്തപ്പെട്ടാലും പ്രശ്നമില്ല; പെൺകുട്ടികൾ പാന്റും ഷർട്ടും ഇട്ടു കഴിഞ്ഞാൽ നീതി ലഭിക്കുമോ? ജെൻഡർ ന്യൂട്രാലിറ്റിയെ വിമർശിക്കാൻ വിചിത്രവാദവുമായി എം കെ മുനീർ
കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റി എതിർത്തു സംസാരിക്കവെ വിചിത്രവാദവുമായി മുസ്ലിംലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എം കെ മുനീർ. ലിംഗസമത്വമെങ്കിൽ ആൺകുട്ടികൾ മുതിർന്ന ആളുകളുമായി ബന്ധപ്പെട്ടാൽ എന്തിനാണ് കേസെടുക്കുന്നതെന്ന് മുനീറിന്റെ ചോദ്യം. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജെന്റർ ന്യൂട്രാലിറ്റിയെന്നും അതിന്റെ പേരിൽ ഇസ്ലാമിസ്റ്റെന്ന് ചാപ്പ കുത്തിയാലും പ്രശ്നമില്ലെന്ന് മുനീർ കോഴിക്കോട് പറഞ്ഞു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടത്തിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു എംകെ മുനീർ.
'ഇന്ന് ഹോമോ സെക്സിന്റെ പേരിൽ എത്ര കേസുകൾ നടക്കുന്നുണ്ട്. പോക്സോ കേസുകളൊക്കെ എന്താണ് ശരിക്കും?. പോക്സോ കേസുകൾ എടുക്കുന്നത് എന്തിനാണ്?. ഒരു പുരുഷൻ ഒരു ആൺകുട്ടിയുമായി ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണ്? ജെൻഡർ ന്യൂട്രാലിറ്റിയാണ്. ജെൻഡർ ന്യൂട്രാലിറ്റിക്ക് പോക്സോ ആവശ്യമുണ്ടോ? ജെൻഡർ ന്യൂട്രാലിറ്റി എന്നുപറയുമ്പോൾ സമൂഹത്തിനകത്ത് ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്രയാളുകൾ ഉണ്ടാവുമെന്ന് നമ്മൾ ആലോചിക്കുക. എത്ര പീഡനങ്ങൾ ആൺകുട്ടികൾക്കുണ്ടാകുമെന്നതിനെ കുറിച്ചും നമ്മൾ ആലോചിക്കണം. സ്‌കൂളിലേക്ക് പെട്ടെന്നുകൊണ്ടുവന്ന് പാഠ്യപദ്ധതിയാക്കുന്നതിന് മുൻപ് ജെൻഡർസെൻസിറ്റൈസേഷൻ നടത്തിയിട്ടില്ല നിങ്ങൾ'- എംകെ മുനീർ പറഞ്ഞു
നേരത്തെയും ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ എംകെ മുനീർ രംഗത്തുവന്നിരുന്നു. ലിംഗസമത്വം എന്ന പേരിൽ സർക്കാർ സ്‌കൂളുകളിൽ മതനിരാസം പ്രോത്സാഹിപ്പിക്കുന്നെന്ന് എം.കെ. മുനീർ മുൻപും വിമർശനം ഉന്നയിച്ചിരുന്നു. ലിംഗസമത്വമാണെങ്കിൽ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പെന്നും എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ മുനീർ ചോദിച്ചിരുന്നു.
'പുതിയ പാഠ്യപദ്ധതിയുടെ കരട് ചർച്ചചെയ്യാൻ വെച്ചിരിക്കുകയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാകണമെന്നാണ് അതിൽ പറയുന്നത്. ഇനിമുതൽ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളിൽ ഉണ്ടാകൂ. മതമില്ലാത്ത ജീവൻ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോൾ ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ആൺകുട്ടികൾക്കെന്താ ചുരിദാർ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോൾ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം?', മുനീർ ചോദിക്കുന്നു.
ജെൻഡർ ന്യൂട്രൽ യൂണിഫോം പോലെയുള്ളവ അടിച്ചേൽപിക്കുകയല്ല, സാമൂഹ്യ നീതി ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടതെന്ന് മുനീർ പറയുന്നു. മുസ്ലിം ലീഗും എം.എസ്.എഫും സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന പ്രസ്ഥാനങ്ങളാണെന്നും മുനീർ പ്രസംഗത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ