- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനാവശ്യമായി പുകഴ്ത്തേണ്ട, എല്ലാത്തിനും ഒരു പരിധിയുണ്ട്; എംഎൽഎമാർക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മുന്നറിയിപ്പ്; പുകഴ്ത്തലുകൾ കേട്ടുമടുത്ത് മുഖ്യമന്ത്രിയുടെ ഇടപെടൽ
ചെന്നൈ: നിയമസഭയിൽ തന്നെ പുകഴ്‌ത്തി ആരും സംസാരിക്കേണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമസഭയിൽ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്‌ത്തിയാൽ ഇനി നടപടിയെടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സ്റ്റാലിൻ. ഇതിന് ഇടയാക്കിയത് ആകട്ടെ വ്യാപകമായി ഉയർന്ന പുകഴ്‌ത്തലുകളും.
തമിഴ്‌നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുകയാണ് ഇപ്പോൾ. സഭാ സമ്മേളനം തുടങ്ങിയത് മുതൽ പ്രസംഗിക്കുന്ന എല്ലാ എംഎൽഎമാരും മുഖ്യമന്ത്രിയെ വാനോളം പുകഴ്‌ത്തുന്നുണ്ട്. കേട്ട് മടുത്തതോടെയാണ് പരിപാടി അവസാനിപ്പിക്കാൻ സ്റ്റാലിന് നേരിട്ട് ആവശ്യപ്പെടേണ്ടി വന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എംഎൽഎമാർക്ക് ഗ്രാൻഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചയിലാണ് പുകഴ്‌ത്തൽ മുഖ്യമന്ത്രിക്ക് തന്നെ അസ്വസ്ഥതയുണ്ടാക്കിയത്. അനാവശ്യമായി നേതാക്കളെ പുകഴ്‌ത്തി സമയം കളയരുതെന്ന മുന്നറിയിപ്പും ഇനിയും ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്ന താക്കീതുമാണ് അദ്ദേഹം പാർട്ടി എംഎൽഎമാർക്ക് നൽകുന്നത്.
സ്റ്റാലിന് മുൻപും തമിഴ്‌നാട്ടിൽ സഭയ്ക്കുള്ളിൽ മുഖ്യമന്ത്രിമാരെ പുകഴ്‌ത്തുന്നത് പതിവായിരുന്നു. എന്നാൽ പല കാര്യങ്ങളിലും മാതൃകാപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്ന സ്റ്റാലിൻ ഇക്കാര്യത്തിലും തന്റേതായ നിലപാട് സ്വീകരിച്ച് വ്യത്യസ്തനാവുകയാണ്.
മറുനാടന് മലയാളി ബ്യൂറോ