ഹൈദരാബാദ്: സലഫി പണ്ഡിതനും പീസ് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ചെയർമാനുമായ എം.എം അക്‌ബറിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആസ്ട്രേലിയയിൽ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടയിലായിണ് പൊലീസ് നടപടി. ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് എം എം അക്‌ബറിനെ പൊലീസ് അറസ്റ്റു ചെയ്തത്. കസ്റ്റഡിയിലെടുത്ത അക്‌ബറിനെ കേരളാ പൊലീസിനു കൈമാറും. പീസ് സ്‌കൂൾ പാഠുപുസ്തകവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് നേരത്തെ അക്‌ബറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

പീസ് സ്‌കൂളിൽ പഠിപ്പിച്ചിരുന്ന ചിലർ സിറിയയിലേക്ക് പോയെന്നും ഐ.എസ് റിക്രൂട്ട്മെന്റ് നടത്തിയെന്നും ആരോപണമുയർന്നതിനു പിന്നാലെയാണ് പൊലീസ് അക്‌ബറിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ പിടിയിലായ വിവരം അക്‌ബർ തന്നെയാണ് ഭാര്യയെ വിളിച്ച് അറിയിച്ചത്. പീസ് ഇന്റർനാഷണലിന്റെ കീഴിൽ കേരളത്തിൽ 12 സ്‌കൂളുകളുണ്ട്. ലക്ഷദ്വീപ്, സൗദി അറേബ്യ, ജിദ്ദ എന്നിവിടങ്ങളിലുള്ള സ്‌കൂളുകൾ മറ്റ് ട്രസ്റ്റുകളുടെ കീഴിലാണ്.

എം എം അക്‌ബറിന് വേണ്ടി നേരത്തെ കൊച്ചി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതനുരസരിച്ചാണ് വിദേശത്തു നിന്ന് എത്തിയപ്പോൾ ഹൈദരാബാദ് വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. മതസ്പർദ്ധ വളർത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടർന്ന് എറണാകുളത്തെ പീസ് ഇന്റർനാഷണൽ സ്‌ക്കൂൾ അടച്ചു പൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോർട്ട് പരിഗണിച്ചായിരുന്നു നടപടി. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സർക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്‌കൂൾ പ്രവർത്തിക്കുന്നതെന്നുമുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് അക്‌ബറിനെതിരെ കേസെടുത്തിരുന്നു.

മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള സിലബസാണ് സ്‌കൂളിൽ പഠിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. 2009മുതൽ സർക്കാരിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഈ സിബിഎസ്ഇ സ്‌കൂളിൽ പ്രധാനമായും മതപഠനമാണ് നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക പ്രഭാഷകനായ എം.എം അക്‌ബറുടെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പീസ് ഫൗണ്ടേഷന് കീഴിൽ പീസ് ഇന്റർനാഷണൽ എന്ന പേരിൽ പത്തിലധികം സ്‌ക്കൂളുകൾ കേരളത്തിലുണ്ട്.

സ്‌കൂളിൽ നിന്ന് മതസ്പർദ്ധ വളർത്തുന്ന തരത്തിൽ ഉള്ള പാഠഭാഗങ്ങൾ 2016 ഒക്ടോബറിലാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് വിവാദത്തിലായിരുന്നത്. ഇതേത്തുടർന്ന് സ്‌കൂൾ പ്രിൻസിപ്പൽ, അഡ്‌മിനിസ്ട്രേറ്റർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.

വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്. എൻ.സി.ഇ.ആർ.ടി.യോ, സി.ബി.എസ്.ഇ.യോ, എസ്.സി.ഇ.ആർ.ടി.യോ നിർദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നത്. ചെറുപ്പത്തിലേ കുട്ടികളിൽ മതവിദ്വേഷം കുത്തിവയ്ക്കുന്ന പാഠഭാഗങ്ങളും ചോദ്യോത്തരങ്ങളുമാണ് രണ്ടാം ക്ലാസിലെയും മറ്റും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരുന്നെതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും നൽകിയ റിപ്പോർട്ടിൽ പറയുന്നു.