- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഴിമതിക്ക് എതിരെ ഒരു വോട്ട്' തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുദ്രാവാക്യമല്ല; വികസനത്തിന് ഊന്നൽ നൽകാനാണ് 'പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും' എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നത്; രണ്ട് എംഎൽഎമാർ അറസ്റ്റിലായതു കൊണ്ടല്ല മുദ്രാവാക്യം മാറ്റിയത്'; യുഡിഎഫിന്റെ മുദ്രാവാക്യ വിവാദത്തിൽ പ്രതികരിച്ച് കൺവീനർ എം എം ഹസൻ
തിരുവനന്തപുരം: 'അഴിമതിക്ക് എതിരെ ഒരു വോട്ട്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുക എന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചത്. എന്നാൽ യുഡിഎഫിന്റെ പ്രകടന പത്രിക പ്രഖ്യാപിച്ചതോടെ അത് 'പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും' എന്നായി മാറി.
ലീഗ് നേതാക്കളായ എം സി ഖമറുദ്ദീന്റെയും ഇബ്രാഹീം കുഞ്ഞിന്റെയും അറസ്റ്റാണ് ഇ മാറ്റത്തിന് കാരണമെന്ന് സോഷ്യൽ മീഡിയയിൽ അടക്കം ട്രോളുകൾ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കയാണ് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ.എഷ്യാനെറ്റ് ന്യൂസിനോട് ഹസൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
''കെപിസിസിയുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേർന്നപ്പോഴാണ് ശ്രീമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അഴിമതിക്കെതിരായി ഒരു വോട്ട് എന്നതാണ് ജനങ്ങളോട് ചോദിക്കുന്നത് എന്ന് പറഞ്ഞത്. യുഡിഎഫ് അത് ആവർത്തിച്ചു. പ്രകടനപത്രികയിൽ അഴിമതിക്കെതിരായി വോട്ട് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട്.
പക്ഷേ തദ്ദേശതെരഞ്ഞെടുപ്പിൽ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പായതുകൊണ്ട്, അവിടത്തെ വികസനത്തിനുതകുന്ന കർമ്മപരിപാടികൾക്കാണ് ഊന്നൽ നൽകിയിട്ടുള്ളത്. രണ്ട് എംഎൽഎമാർ അഴിമതിക്കേസിൽ അറസ്റ്റിലായതുകൊണ്ടല്ല ആ മുദ്രാവാക്യം പ്രകടനപത്രികയിൽ നിന്ന് മാറ്റിയത്. അങ്ങനെ ഒരു വാചകം അതിലില്ലെങ്കിലും ആശയം ഉൾക്കൊള്ളിച്ചിട്ടുണ്ട്'', എന്ന് ഹസ്സൻ.
എന്നാൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞെന്ന പേരിൽ തദ്ദേശതെരഞ്ഞെടുപ്പിലെ മുദ്രാവാക്യമായി കോൺഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം ഈ മുദ്രാവാക്യമുണ്ട്. രാഷ്ട്രീയകാര്യസമിതിയോഗത്തിന് ശേഷം ഇതായിരിക്കും തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗികമുദ്രാവാക്യം എന്ന് മുല്ലപ്പള്ളി പറയുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായത്.
മറുനാടന് മലയാളി ബ്യൂറോ