ബംഗളൂരു: വിഗ്രഹാരാധാനയെ എതിർത്തതിന്റെ പേരിൽ ശ്രദ്ധേയനായ കന്നഡ സാഹിത്യകാരൻ ഡോ. എം എം കൽബർഗി വെടിയേറ്റു മരിച്ചു. ഞായറാഴ്ച രാവിലെ 8.40നായിരുന്നു സംഭവം.

ധാർവാഡിലെ വീട്ടിൽ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിക്കവെയാണു കൽബർഗിക്കു വെടിയേറ്റത്.

ഒരു സംഘം ആളുകൾ വീട്ടിലേക്ക് അതിക്രമിച്ചു കയറി കൽബർഗിയെ വെടിവച്ചു വീഴ്‌ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ പ്രചാരണങ്ങൾ നടത്തി വന്നിരുന്ന കൽബർഗിക്ക് പ്രാദേശിക ഹിന്ദു സംഘടനകളുടെ ഭീഷണിയുണ്ടായിരുന്നു. ശബ്ദം കേട്ട് താൻ പുറത്തുവന്നപ്പോൾ കൽബർഗിയെ രക്തത്തിൽ കുളിച്ച നിലയിൽ കാണുകയായിരുന്നുവെന്ന് ഇളയ മകൾ രൂപദർശി പറഞ്ഞു. തർക്കമോ വഴക്കോ ഉണ്ടായില്ലെന്നും സംഘം വന്നയുടൻ തന്നെ വെടിയുതിർത്ത് പോകുകയായിരുന്നുവെന്നും രൂപദർശി പറഞ്ഞു. ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം.

കന്നഡ ഹംപി സർവകലാശാല മുൻ വൈസ് ചാൻസലറായിരുന്ന കൽബർഗി കന്നഡ ഭാഷാപണ്ഡിതനുമായിരുന്നു. 2006ലെ ദേശീയ സാഹിത്യ അക്കാദമി അവാർഡ് കൽബർഗിക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ്, പാംപ അവാർഡ്, യക്ഷഗാന അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.