- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവാക്കൾക്ക് പ്രധാന്യം നൽകുന്ന തിരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നും കെ. വി തോമസിനല്ല, പകരം പ്രാധാന്യം നൽകേണ്ടത്; ഇനിയും മത്സരിക്കാൻ നിൽക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെ. വി തോമസ്; കോൺഗ്രസ് നേതാവ് എറണാകുളത്ത് ഇടതുസ്ഥാനാർത്ഥിയാകുമെന്ന സൂചനകൾക്കിടെ പ്രതികരണവുമായി എംഎം ലോറൻസ്
കൊച്ചി: കോൺഗ്രസ് നേതാവ് കെ വി തോമസ് എറണാകുളം മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായേക്കും എന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ എതിർപ്പുമായി സിപിഎം നേതാവ് എംഎം ലോറൻസ്. യുവാക്കൾക്ക് പ്രധാന്യം നൽകുന്ന തിരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നും കെ. വി തോമസിനല്ല പകരം പ്രാധാന്യം നൽകേണ്ടതെന്നും മുതിർന്ന സിപിഎം നേതാവ് പ്രതികരിച്ചു. ഇക്കാര്യത്തിൽ ചിന്തിച്ച് തീരുമാനമെടുക്കണം. പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെ. വി തോമസ് ആലോചിക്കണമെന്നുകൂടി എംഎം ലോറൻസ് പറഞ്ഞു.
കെ.വി തോമസിനെ സ്വാഗതം ചെയ്തു കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി സി. എൻ മോഹനൻ രംഗത്തെതിയതിനു പിന്നാലെയാണ് യുവാക്കൾക്ക് പ്രാധാന്യം നൽകണമെന്ന് എം എം ലോറൻസ് പറയുന്നത്. കെ. വി തോമസിനേക്കാൾ ജയസാധ്യതയുള്ള യുവാക്കളുണ്ടെങ്കിൽ എറണാകുളത്ത് അവർക്ക് പ്രാധാന്യം കൊടുക്കുകയാണ് വേണ്ടതെന്ന് എംഎം ലോറൻസ് പറഞ്ഞു. ഇനിയും മത്സസരിക്കാൻ നിൽക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെ. വി തോമസാണെന്നും എം. എം ലോറൻസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുഡിഎഫിനകത്ത് സമ്മർദ്ദമുണ്ടാക്കുക ലക്ഷ്യമിട്ടാണ് കെ. വി തോമസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും എംഎം ലോറൻസ് വ്യക്തമാക്കി. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണ്. തോമസ് എൽഡിഎഫിലേക്ക് വന്നാൽ അത് പാർട്ടിക്ക് ഗുണകരമാകുമോ ഇല്ലയോ എന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും എംഎം ലോറൻസ് പറഞ്ഞു.
സിപിഎം സ്വതന്ത്രനായി തോമസ് മാഷ് മത്സരിക്കുമന്ന വാർത്തകളാണ് പുറത്തുവരുന്നത്. തോമസ് കളംമാറിയാൽ സിപിഎം. അദ്ദേഹത്തെ എറണാകുളത്തോ അരൂരോ പരിഗണിക്കാനാണ് നീക്കമെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. തോമസിനെ മുന്നണിയിലേക്ക് അടുപ്പിക്കുന്നതിന് സിപിഎം. സംസ്ഥാന നേതൃത്വം എറണാകുളം ജില്ലാ കമ്മിറ്റിക്ക് പച്ചക്കൊടി നൽകിയിട്ടുണ്ട്. ലത്തീൻ സമുദായത്തിന് വലിയ സ്വാധീനമുള്ളഎറണാകുളത്ത് സഭയുടെ പിന്തുണയുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കുക സിപിഎമ്മിന് എളുപ്പമല്ല. തോമസ് എത്തുകയാണെങ്കിൽ എറണാകളും നൽകാനാണ് കൂടുതൽ താൽപ്പര്യം. തോമസിന് മണ്ഡലത്തിലുള്ള ബന്ധം പരിഗണിച്ചാണ് അരൂർ സീറ്റും ചർച്ചചെയ്യുന്നത്.
എന്നാൽ തോമസ് പാർട്ടി വിട്ടുപോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉറപ്പിച്ചുപറയുന്നു. എറണാകുളം ഡി.സി.സി.യും ഇതുതന്നെ വിശ്വസിക്കുന്നു. എന്നാൽ, തോമസുമായി അനുരഞ്ജനത്തിനുള്ള നീക്കങ്ങളൊന്നും ഇതുവരെ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ശനിയാഴ്ച തീരുമാനം പറയാമെന്ന് വ്യക്തമാക്കിയിട്ടുള്ള തോമസ്, അതിനിടയിൽ കോൺഗ്രസ് നേതൃത്വത്തിൽനിന്ന് സമവായനീക്കം പ്രതീക്ഷിക്കുന്നുണ്ട്. വൈപ്പിൻ സീറ്റാണ് തോമസ് ലക്ഷ്യംവെക്കുന്നത്. എന്നാൽ, ആ സീറ്റിനുവേണ്ടി കെപിസിസി. വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, മുന്മന്ത്രി ഡൊമിനിക് പ്രസന്റേഷൻ തുടങ്ങി ഒട്ടേറെപ്പേർ രംഗത്തുണ്ട്. അതുകൊണ്ട് തന്നെ സമവായം നടക്കില്ല.
കെ.വി.തോമസിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താൻ നോക്കണമെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ അഭിപ്രായ വ്യത്യാസമില്ല; എന്നാൽ രാഹുൽ ഗാന്ധിമായുള്ള അകൽച്ച കണക്കിലെടുക്കുമ്പോൾ അത് എളുപ്പമല്ല. ശനിയാഴ്ച കൊച്ചിയിൽ തോമസ് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. നിർണായകമായ പ്രഖ്യാപനം നടത്താനാണ് സാധ്യത. ഇടതുപക്ഷത്തും ബിജെപിയിലും അദ്ദേഹത്തിനു വ്യക്തിബന്ധങ്ങൾ ഏറെയുണ്ട്. കെപിസിസി വർക്കിങ് പ്രസിഡന്റ് പദം പരിഗണിക്കാമെന്നു കഴിഞ്ഞ ആഴ്ച തലസ്ഥാനത്ത് എത്തിയ തോമസിനോട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. എന്നാൽ അത് നടന്നില്ല. ഇപ്പോഴും പാർട്ടി പദവി നൽകുന്നതിൽ സംസ്ഥാന നേതൃത്വത്തിന് എതിർപ്പില്ലെങ്കിലും എറണാകുളത്തോ കൊച്ചിയിലോ മത്സരിക്കാൻ ആഗ്രഹിക്കുന്ന തോമസിന് സീറ്റ് നൽകാൻ അവർ തയാറല്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തഴയപ്പെട്ടതിനെ തുടർന്നു മതിയായ പുനരധിവാസം ഉണ്ടാകുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉറപ്പു നൽകിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി, യുഡിഎഫ് കൺവീനർ, കെപിസിസി വർക്കിങ് പ്രസിഡന്റ് എന്നിവയിൽ ഒന്നാണ് തോമസ് ആഗ്രഹിച്ചത്. കെ. മുരളീധരൻ ഒഴിഞ്ഞ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കൈമാറാനുള്ള ശുപാർശ സോണിയ ഗാന്ധിയുടെ മുന്നിൽ എത്തിയതാണ്. എന്നാൽ, പാർട്ടിയുടെ 'ജയ്ഹിന്ദ്' ചാനൽ, 'വീക്ഷണം' പത്രം എന്നിവയുടെ ചുമതലകൾ തോമസ് ഏറ്റെടുക്കാത്തതിന്റെ പേരിൽ അതും തടസ്സപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ