തിരുവനന്തപുരം: ശബരിമല സമരത്തിൽ ഭക്തരെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപി തിരുവനന്തപുരത്ത് നടത്തിയ സമരത്തിൽ പങ്കെടുത്ത തന്റെ പേരക്കുട്ടിയെ തള്ളി മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് രംഗത്ത്. ബിജെപി പരിപാടിയിൽ ചെറുമകൻ പങ്കെടുത്തത് തെറ്റായിപ്പോയി. പരിപാടിയിൽ പങ്കെടുത്തത് തന്റെ അറിവോടെ അല്ല. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കൊച്ചുമകൻ എന്നല്ല, ആരായാലും ബിജെപിക്കൊപ്പം നിൽക്കുന്നത് തെറ്റാണ്. വർഗീയത പരത്തുന്ന പാർട്ടിക്കൊപ്പം ആരും നിൽക്കരുത്. കേരളത്തിലെ ജനത ഒരിക്കലും ബിജെപിക്കൊപ്പം സഞ്ചരിക്കില്ല എന്നും എം.എം. ലോറൻസ് പറഞ്ഞു. എല്ലാവരെയും ഒപ്പം നിർത്തുന്നു എന്ന് പ്രതീതി സൃഷ്ടിച്ചുള്ള രാഷ്ട്രീയ ചൂഷണത്തിനുള്ള ശ്രമമാണ് ബിജെപി ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

ലോറൻസിന്റെ ചെറുമകൻ ഇമ്മാനുവൽ മിലൻ ജോസഫ് ഇന്ന് രാവിലെ ബിജെപി സമര പന്തലിലെത്തിയിരുന്നു. ശബരിമല വിഷയത്തിൽ സമരത്തിനിറങ്ങിയ ഭക്തരെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള ഡി.ജി.പി ഓഫീസിന് മുൻപിൽ നടത്തുന്ന ഏകദിന ഉപവാസ സമരത്തിലേക്കാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവിന്റെ കൊച്ചുമകൻ എത്തിയത്.

തന്നെ അമ്മയാണ് സമരപന്തലിൽ കൊണ്ടാക്കിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും ഇമാനുവൽ മിലൻ പ്രേതികരിച്ചിരുന്നു. പ്ലസ് ടു വിദ്യാർത്ഥായിയ തനിക്ക് ശബരിമലയിലെ പൊലീസ് നടപടിയിൽ വേദനയുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും മിലൻ പ്രതികരിച്ചു. ശബരിമലയിലെ പ്രക്ഷോഭം രണ്ടാം ഘട്ടത്തിലെത്തിക്കാനാണ് ശ്രീധരൻ പിള്ളയുടെ ശ്രമം. ഇതിന് പുതിയ തലം നൽകാനാണ് കമ്മ്യൂണിസ്റ്റ് കുടുംബാംഗത്തെ വേദിയിലെത്തിച്ചത്.

കമ്മ്യൂണിസ്റ്റുകൾക്കും ശബരിമലയിൽ പ്രതിഷേധമുണ്ടെന്ന് വരുത്താനാണ് നീക്കം. സിപിഎമ്മിലെ ഏറ്റവും മുതിർന്ന നേതാവാണ് ലോറൻസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള നേതാവ്. അതുകൊണ്ട് തന്നെ മിലന്റെ ശബരിമലയിലെ പ്രതിഷേധം ബിജെപി ചർച്ചായക്കും. എല്ലാ വിഭാഗങ്ങളിലും ഇത്തരം എതിർപ്പുണ്ടെന്ന് വരുത്താനാണ് നീക്കം.

എം.എം. ലോറൻസിന്റെ മകൾ നേരിട്ട് വിളിച്ച് പിന്തുണയറിയിച്ചുവെന്നും സർക്കാർ ഉദ്യോഗസ്ഥയായതു കൊണ്ടാണ് സമരത്തിൽ പങ്കെടുക്കാത്തതെന്നും അവരാണ് മകനെ വേദിയിൽ വിട്ടതെന്നും ശ്രീധരൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞിരുന്നു.