ഇടുക്കി: മലയാളത്തിലെ സിനിമാ താരങ്ങളിൽ തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളത് മമ്മൂട്ടിയെ ആണെന്ന് മന്ത്രി എം. എം മണി. കോവിഡ് കാലമായതിന് ശേഷം സിനിമ കാണാൻ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.24 ന്യൂസിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''കൊറോണ വന്നതിന് ശേഷം സിനിമ കാണാൻ പോയിട്ടില്ല. എല്ലാ നടീനടന്മാരെയും ഇഷ്ടമാണ്. പക്ഷെ വ്യക്തിപരമായി ഇഷ്ടം മമ്മൂട്ടിയെ ആണ്. അത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ്. നടിമാരിൽ കെ. ആർ വിജയയെ ഇഷ്ടമായിരുന്നു,' മണി പറഞ്ഞു.

ഉടുമ്പൻ ചോലയിൽ നിന്നും ഇത്തവണ ജനവിധി തേടുന്ന എം. എം മണി അടുത്ത തവണ മന്ത്രിയാകുന്നതിനെക്കുറിച്ചും പ്രതികരിച്ചു.

താൻ മന്ത്രിയാകുന്നതിനെക്കുറിച്ചെല്ലാം പാർട്ടിയാണ് തീരുമാനിക്കുകയെന്നാണ് മണി പറഞ്ഞത്. ഇനി ഇപ്പോൾ കേറി വല്ലതും ആഗ്രഹിച്ചാൽ നിങ്ങൾ നാളെ വേറെ വേല വെച്ചേക്കാമെന്നും മണി മാധ്യമപ്രവർത്തകനോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ എന്തും പറയുന്ന ആളല്ലെന്നും പറയേണ്ട കാര്യങ്ങൾ മാത്രം പറയുന്ന ആളാണെന്നും മന്ത്രി പറഞ്ഞു.