തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് ഉടുമ്പൻചോല എംഎൽഎ എം എം മണി. മുല്ലപ്പെരിയാർ കേരളത്തിന്റെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്. അതിനാൽ തന്നെ വിഷയത്തിൽ ക്യമ്പയിൻ സംഘടിപ്പിക്കണമെന്നും എംഎം മണി ഇടുക്കിയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ഇടപെടാതെ വിഷയം തീരുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുല്ലപ്പെരിയാർ വിഷയം ഇത്രയധികം പ്രശ്‌നത്തിലാക്കിയത് കോൺഗ്രസ്സാണെന്നും എം എം മണി കുറ്റപ്പെടുത്തി.

കേന്ദ്രത്തിൽ കോൺഗ്രസ് അഅധികാരത്തിലിരുന്നപ്പോളും പ്രശ്‌നം പരിഹരിക്കുന്നതിന് ശ്രമിച്ചിരുന്നില്ലെന്നായിരുന്നു വിമർശനം. മുല്ലപ്പെരിയാറിൽ നിന്നും രാത്രികാലത്ത് വെള്ളം ഏകപക്ഷീയമായി മുന്നറിയിപ്പില്ലാതെ പുറത്തേക്ക് ഒഴുക്കുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പരാമർശം.നേരത്തെ മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലാണെന്നും വണ്ടിപ്പെരിയാറിന് മുകളിൽ ജലബോംബായി ഡാം നിൽക്കുകയാണെന്നുമുള്ള എംഎൽഎയുടെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കവെയായിരുന്നു എംഎൽഎയുടെ പ്രസ്താവന. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലുള്ളവർ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാർ വെള്ളം കുടിക്കാതെയും മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.'സാമാന്യ ബുദ്ധി വച്ചൊന്ന് ആലോചിക്കണം. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്വമാണ്.

മുല്ലപ്പരിയാർ വിഷയത്തിൽ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താൽ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. പുതിയ ഡാം അല്ലാതെ വേറെ എന്താണ് മാർഗം. ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയിലെ ജനങ്ങളും മുല്ലപ്പെരിയാർ വിഷയത്തിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കണം' അന്ന് എംഎം മണി ആവശ്യപ്പെട്ടു.