- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളി യൂണിയനുകളെ അടിച്ചമർത്താൻ ശ്രമിക്കരുത്; ഇത് അടിയന്തരാവസ്ഥാ കാലമല്ല; കെഎസ്ഇബി ചെയർമാനെതിരെ എം എം മണി; സസ്പെൻഷനിലായ സുരേഷ് കുമാറിനെ തിരിച്ചെടുക്കണം; വൈദ്യുതി വകുപ്പ് മന്ത്രി ഇക്കാര്യം പരിശോധിക്കണമെന്നും മുൻ മന്ത്രി
കണ്ണൂർ: കെഎസ്ഇബിയിലെ ഇടത് സംഘടനയുടെ പ്രസിഡന്റായ എം ജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്ത ചെയർമാൻ ബി അശോകിനെതിരെ വിമർശനമുന്നയിച്ച് മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ഇത് അടിയന്തരാവസ്ഥാകാലമല്ലെന്നും ചെയർമാന്റെ നടപടി ശരിയായില്ലെന്നും എംഎം മണി തുറന്നടിച്ചു. തൊഴിലാളി യൂണിയനുകളെ അടിച്ചമർത്താൻ ശ്രമിക്കരുതെന്ന മുന്നറിപ്പോടെയാണ് എം എം മണി ഇക്കാര്യത്തിൽ പ്രതികരിച്ചത്. കെഎസ് ഇബി ചെയർമാന്റെ നടപടി ശരിയായില്ലെന്നും കഴിവുള്ളവർക്കെതിരെയാണ് നടപടിയെടുത്തതെന്നും മണി ആവശ്യപ്പെട്ടു. സുരേഷ് കുമാറിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട മണി, വൈദ്യുതി വകുപ്പ് മന്ത്രി ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ കഴിഞ്ഞ ദിവസമാണ് ബോർഡ് ചെയർമാൻ സസ്‌പെൻഡ് ചെയ്തത്. സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് സസ്‌പെൻഷൻ. നേരത്തെ എംഎം മണിയുടേയും എകെ ബാലന്റെയും സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാർ.
അതേസമയം ഈ വിഷയത്തിൽ അച്ചടക്ക നടപടിയെ ന്യായീകരിച്ചു കൊണ്ടാണ വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ എന്നും ചെയർമാന് കടുംപിടിത്തമുണ്ടെന്ന് തോന്നുന്നില്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്. സർക്കാരിന്റെ ചട്ടങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി വിശദീകരിക്കുന്നു. യൂണിയൻ നേതാക്കളുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ഇന്നും പ്രതിഷേധിക്കുകയാണ്.
ഇന്ന് ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ 'സമരക്കാരെ പിരിച്ചുവിടും' എന്ന തലക്കെട്ട് തെറ്റിദ്ധാരണാ ജനകവും വസ്തുതാ വിരുദ്ധവുമാണ്. സമരത്തിന്റെ മറവിൽ അക്രമപ്രവർത്തനം നടത്തുകയോ കെ എസ് ഇ ബിയുടെ വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനാണ് കെ എസ് ഇ ബി മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുള്ളത്. കേവലം പ്രതിഷേധിച്ചവർക്കെതിരെ ഒരു നടപടിയും ആലോചിച്ചിട്ടില്ലെന്നും കെ എസ് ഇ ബി ചെയർമാൻ വിശദീകരിക്കുന്നു.
സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്മിൻബാനുവിന്റെ സസ്‌പെൻഷനാണ് പുതിയ പോരിന് വഴിവച്ചിരിക്കുന്നത്. അനുമതിയില്ലാതെ അവധിയെടുത്തുവെന്നും ചുമതല കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്നും ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയതിന്റെ പേരിലായിരുന്നു സസ്‌പെൻഷൻ. എന്നാൽ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ വാക്കാലുള്ള അനുമതി ലഭിച്ച ശേഷമാണ് ജാസമിൻ അവധിയിൽ പോയതെന്ന് ചീഫ് എഞ്ചിനീയർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നു. സസ്‌പെൻഷൻ പിൻവലിക്കാൻ നിവേദനം നൽകിയ ജീവനക്കാരിയെ ചെയർമാൻ പരിഹസിച്ചുവെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ഇതിനെതിരായ സമരമാണ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെ സസ്‌പെൻഷനിലേക്ക് വഴിവെച്ചത്.
മറുനാടന് മലയാളി ബ്യൂറോ