കൊച്ചി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുൻ മന്ത്രി എം എം മണി. രാഹുൽ ഗാന്ധി എവിടേക്കാണ് മുങ്ങുന്നതെന്ന് ആർക്കുമറിയില്ല, ഞാനായിരുന്നെങ്കിൽ അവിഹിതമാണെന്ന് പറഞ്ഞേനെയെന്ന് മണി വിമർശിച്ചു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് മണി വിവാദ പരാമർശവുമായി രംഗത്തുവന്നത്.

'ദേശീയ തലത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന് കഴിയുന്നില്ല. കോൺഗ്രസിന് ഒരു നേതൃത്വം പോലുമില്ല. ഇപ്പോൾ ചിന്തൻ ശിബിർ നടത്തുകയാണ്. പരിതാപകരമാണ് അവസ്ഥ. രാഹുൽ ഗാന്ധിയെ കൊണ്ട് വരുന്നു, പൂജ നടത്തുന്നു, പ്രാർത്ഥിക്കുന്നു, എന്തൊരു ഗതികേടാണ് ഇതുപോലെ ഒരു രാഷ്ട്രീയപാർട്ടിക്ക്. ത്ഫൂ അധപതിച്ചു പോയി,' എംഎം മണി പറഞ്ഞു.

'ഇതൊക്കെ ദേശീയ സ്വാതന്ത്ര്യ സമരത്തിന് വലിയൊരു പങ്ക് വഹിച്ച പാർട്ടിയല്ലേ. രാഹുൽ ഗാന്ധിയെ നേതാവാക്കി അദ്ദേഹം ഇതെല്ലാം ഏൽക്കണം എന്ന മട്ടാണ്. അദ്ദേഹമാണെങ്കിൽ വടി വെച്ചിടത്ത് കുട വെക്കാത്ത മനുഷ്യനും. ഇടയ്ക്കിടയ്ക്ക് പുള്ളി മുങ്ങും. മുങ്ങിയതെങ്ങോട്ടാണെന്ന് അമ്മയ്ക്കും പെങ്ങൾക്കും കോൺഗ്രസ് നേതാക്കൾക്കും അറിയില്ല. കെസി വേണുഗോപാലിന് അറിയാമോ എന്ന് എനിക്കറിയില്ല. ഞാനാണ് ഇങ്ങനെ മുങ്ങുന്നതെങ്കിൽ മനോരമയും മാതൃഭൂമിയും കോൺഗ്രസുകാരും എന്ത് പറയും? എവിടെയോ വേറെ പൊണ്ടാട്ടി ഉണ്ടെന്ന് പറയും, എന്തോ അവിഹിത ഏർപ്പാടുണ്ടെന്ന് പറയും. ഇത് വലിയ വീട്ടിലെ പയ്യനായതുകൊണ്ട് അങ്ങനെയൊന്നുമില്ല,' എംഎം മണി പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയം നേടുമെന്നും എംഎം മണി പറഞ്ഞു. മണ്ഡലത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി പങ്കെടുത്ത പ്രചാരണ പരിപാടികളിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയെ ജനം സ്വീകരിച്ചു എന്നാണ് വ്യക്തമായതെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് മണ്ഡലത്തിൽ ജയിക്കാൻ കഴിയില്ലെന്നും മണി പറഞ്ഞു. ഇന്നലെ സമാപിച്ച കോൺഗ്രസിന്റെ ചിന്തൻ ശിബിർ യോഗം അസംബന്ധമാണെന്നും എംഎം മണി ആക്ഷേപിച്ചു.

'എംഎം മണി അങ്ങനെ ജാതിയൊന്നും പറയില്ല. എനിക്ക് ഒരു ജാതിയുമില്ല. ഞാൻ ജനിച്ചത് ഈഴവ സമുദായത്തിലാണ്. ഞാനൊരു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. എനിക്ക് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയുമുണ്ട്. എല്ലാ ആളുകളോടും എനിക്ക് സഹാനുഭൂതിയാണ്,' എംഎം മണി പറഞ്ഞു.ആം ആദ്മി പാർട്ടിയും ട്വന്റി 20 പാർട്ടിയും ഒരുമിച്ച് ചേർന്നുള്ള പീപ്പിൾസ് വെൽഫെയർ അലയൻസിന് കേരളത്തിൽ ഒരു നേട്ടവും ഉണ്ടാക്കാൻ കഴിയില്ലെന്നും എംഎം മണി അഭിപ്രായപ്പെട്ടു. 'ഡൽഹിയിലും പഞ്ചാബിലുമൊക്കെ ഏശുന്നത് ഇവിടെ ഏശില്ല. ഇത് കേരളമാണ്.

കമ്മ്യൂണിസ്റ്റ്കാരെ ആദ്യം ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിച്ച സംസ്ഥാനമാണ് കേരളം. നവോത്ഥാന നായകന്മാരുടെ നാട്, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ തുടങ്ങി എല്ലാ മതത്തിലും പെട്ട മഹാന്മാർ മഹത്തായ സംഭാവന ചെയ്ത നാടാണ്. ഡൽഹിയിലും പഞ്ചാബിലുമൊക്ക നടക്കുന്ന വിവരക്കേട് ഇവിടെ നടക്കുമെന്ന് പറഞ്ഞാൽ ശുദ്ധ അസംബന്ധമാണ്,' എംഎം മണി പറഞ്ഞു. ഉമ തോമസ് മണ്ഡലത്തിൽ ജയിക്കില്ലെന്നും സഭയിൽ കയറണമെന്നുണ്ടെങ്കിൽ പാസ് എടുത്ത് കയറാമെന്നും എംഎം മണി ആവർത്തിച്ചു.