ഇടുക്കി: യു. ഡി. എഫ് വിട്ടുനിൽക്കുന്ന കേരള കോൺഗ്രസി(എം)നെ ഒപ്പം കൂട്ടാൻ എൽ. ഡി. എഫും ഇടതുമുന്നണിയിലേക്കോ, യു. പി. എയിലേക്കോ എന്നു മനസുതുറക്കാതെ മാണിയും രാഷ്ട്രീയതന്ത്രങ്ങൾ മെനയുന്നതിനിടെ ഇടുക്കി എംഎൽഎ: റോഷി അഗസ്റ്റിനെ തഴുകി തലോടി എം. എം മണി എംഎൽഎയുടെ പ്രസംഗവും ഒഴുക്കിനൊത്തു നീങ്ങിയ റോഷി അഗസ്റ്റിന്റെ വാക്കുകളും കൗതുകമായി.

ഇടുക്കി മെഡിക്കൽ കോളജ് വിഷയത്തിൽ യു. ഡി. എഫും എൽ. ഡി. എഫും പരസ്പരം പഴിചാരുന്നതിനിടെയാണ് രാഷ്ട്രീയ കൗതുകമായി മണിയുടെയും റോഷിയുടെയും പ്രസംഗങ്ങൾ. മെഡിക്കൽ കോളജിന് അംഗീകാരം പോയെങ്കിലും അത് പുനഃസ്ഥാപിക്കുന്നതിനായി പണിയുന്ന അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടന വേദിയിലാണ് റോഷിയും മണിയും സഹകരണത്തിന്റെ പാതയിൽ വാക്കുകൾ തൊടുത്തത്. എൽ. ഡി. എഫിലെ ജോയ്‌സ് ജോർജ് എം. പി ഉദ്ഘാടകനായ പരിപാടി യു. ഡി. എഫ് ബഹിഷ്‌കരിച്ചെങ്കിലും, ഇന്നലെവരെ മെഡിക്കൽ കോളജ് വിഷയത്തിൽ പരസ്പരം പോരടിച്ച ഇടതുപക്ഷവും കേരള കോൺഗ്രസും ശിലാസ്ഥാപന ചടങ്ങിൽ സുഹൃത്തുക്കളായ കാഴ്ചയാണ് ചെറുതോണിയിൽ കണ്ടത്. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ റോഷിയായിരുന്നു ആധ്യക്ഷം വഹിച്ചത്.

കോളജിന് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം പിൻവലിക്കാൻ കാരണം യഥാസമയത്ത് ഇടതുസർക്കാർ വേണ്ടതു ചെയ്യാത്തതുകൊണ്ടായിരുന്നുവെന്നാണ് റോഷി അഗസ്റ്റിനും കേരള കോൺഗ്രസും ഇതുവരെ ആരോപിച്ചിരുന്നത്. മൂന്നാം ബാച്ചിന് ആവശ്യമായ പഠനസൗകര്യങ്ങൾ ഉണ്ടായിട്ടും പ്രവേശനത്തിന് അപേക്ഷ നൽകാൻ സർക്കാർ തയാറായില്ല. ഒന്നും രണ്ടും ബാച്ചുകൾ തടസമില്ലാതെ ആദ്യവർഷത്തെ പഠനം പൂർത്തിയാക്കുകയും സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന വിജയശതമാനവുമായി ഇടുക്കി മെഡിക്കൽ കോളജിലെ ആദ്യവർഷ വിദ്യാർത്ഥികൾ മുൻപന്തിയിലെത്തുകയും ചെയ്തിരുന്നു. ഈ സ്ഥിതിക്ക് പുതിയ ബാച്ചിന് പ്രവേശനം നൽകുന്നതിന് യാതൊരു തടസവുമില്ലാതിരിക്കെയാണ് മെഡിക്കൽ കൗൺസിലിന് അപേക്ഷ സമർപ്പിക്കാൻപോലും പുതിയ സർക്കാർ തയാറാകാതിരുന്നത്. മെഡിക്കൽ കൗൺസിൽ ജനുവരിയിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ, മൂന്നാം വർഷ വിദ്യാർത്ഥികൾക്കായി തയാറാക്കിയ കെട്ടിട സൗകര്യം കാട്ടിക്കൊടുക്കാൻ ഉദ്യോഗസ്ഥർ തയാറാകാതിരുന്നതാണ് അംഗീകാരം റദ്ദാക്കാൻ കാരണമെന്നും എംഎൽഎയും യു. ഡി. എഫും ആരോപിച്ചിരുന്നു.

അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് എൽ. ഡി. എഫ് മുൻസർക്കാരിന്റെ കാലത്ത് നിരന്തര സമരങ്ങൾ സംഘടിപ്പിക്കുകയും റോഷിയുടെയും യു. ഡി. എഫിന്റെയും വലിയ നേട്ടമായി ഉയർത്തിക്കാട്ടുന്ന മെഡിക്കൽ കോളജ് തട്ടിപ്പാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എൽ. ഡി. എഫ് സർക്കാർ അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ മൂന്നാം വർഷത്തിലേക്കെത്തുന്ന വിദ്യാർത്ഥികളെ സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് മാറ്റുകയും 13 ഡോക്ടർമാരെ കൂട്ടത്തോടെ കൊല്ലം പാരിപ്പള്ളിയിലേക്കും നഴ്‌സുമാരെ വിവിധ സ്ഥലങ്ങളിലേക്കും സ്ഥലം മാറ്റുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് തൂത്തുവാരിയ കൊല്ലം ജില്ലയിൽ മെഡിക്കൽ സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് സ്ഥലം മാറ്റമെന്നാണ് കേരള കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണത്തിന്റെ ശിലസ്ഥാപനമാണ് ഇപ്പോൽ നടത്തിയത്. കോളജിന് അംഗീകാരം നഷ്ടപ്പെട്ടുവെന്നു പറയുന്ന എൽ. ഡി. എഫ് തന്നെ, നിർമ്മാണം നടത്തുന്നതിലൂടെ അവരുടെ ഇരട്ടമുഖമാണ് വ്യക്തമാക്കുന്നതെന്ന് കേരള കോൺഗ്രസ് ആക്ഷേപിച്ചതിനു പിന്നാലെയാണ് നിർമ്മാണോദ്ഘാടനം നടത്തിയതും റോഷി അധ്യക്ഷം വഹിച്ചതും.

എന്നാൽ അധ്യക്ഷപ്രസംഗത്തിൽ ഇടതുപക്ഷത്തെ കുറ്റപ്പെടുത്താൻ റോഷി മുതിർന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് മെഡിക്കൽ കോളജിന് വിനയായതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നിലവിൽവന്ന പെരുമാറ്റച്ചട്ടംമൂലം നടപടികൾ വൈകിയെന്നും പറഞ്ഞ റോഷി, മൂന്നാം ബാച്ചിന് പ്രവേശനം നഷേധിച്ച സർക്കാർ നടപടിയെ പരാമർശിച്ചില്ല. മെഡിക്കൽ കോളജ് പ്രശ്‌നത്തിൽ റോഷിയെ പരസ്യസംവാദത്തിനു വെല്ലുവിളിച്ച ജോയ്‌സ് ജോർജ് എം. പി വേദിയിലുണ്ടായിട്ടും ഇടതുസർക്കാരിനെതിരെ ഒന്നും പറയാതെ സമവായ സൂചന പ്രകടമാക്കിയാണ് അദ്ദേഹം ഉപസംഹരിച്ചത്. പിന്നാലെ മുഖ്യപ്രഭാഷണം നടത്തിയ സി. പി. ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ എം. എം മണിയുടെ പ്രസംഗത്തിലെ ഭാഷതന്നെ പൂർണ സൗമ്യമായിരുന്നു.

രാഷ്ട്രീയ എതിരാളികൾക്കെതിരെ വിമർശനശരങ്ങളുടെ കൂരമ്പുകൾ തീർക്കുന്ന മണിയാശാന്റെ മൃദുഭാഷാശൈലി പാർട്ടി പ്രവർത്തകരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കോൺഗ്രസിന്റെ ബഹിഷ്‌കരണത്തെയും സമരങ്ങളെയും എം. എം മണി വിമർശിച്ചുവെങ്കിലും റോഷി അഗസ്റ്റിനോട് തീർത്തും കരുണ കാണിച്ചുവെന്നു പറയാം. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ ഏഴ് മെഡിക്കൽ കോളേജുകൾ അനുവദിച്ചു നൽകിയ യു ഡി. എഫ് വേണ്ട സമയത്ത് വേണ്ട കാര്യങ്ങൾ നടത്താതെ ഭരണത്തിൽ ഇരുന്നപ്പോൾ സമയം തള്ളി നീക്കി ഇപ്പോൾ അനാവശ്യസമരങ്ങൾ സൃഷ്ടിച്ച് മാറി നിൽക്കുകയാണെന്നും എം എം മണി പറഞ്ഞു.

എം എൽ എ റോഷി അഗസ്റ്റിന് ഈ കാര്യങ്ങൾ പറയാൻ പരിമിതികളുണ്ട്. മൂന്ന് ദിവസം മുമ്പ് വരെ യു. ഡി.എഫ് സംവിധാനത്തിലായിരുന്നു. ഇന്നലെ ഇങ്ങോട്ട് വന്നിട്ടെന്ത് പറയുവാനാണ്. ഞാൻ അദ്ദേഹത്തെ കുറ്റം പറയുന്നില്ല. റോഷി അഗസ്റ്റിൻ എം എൽ എയ്ക്ക് വീഴ്ച പറ്റിയെന്ന ആക്ഷേപം എൽ. ഡി. എഫിനില്ല. അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് കരുതുന്നുമില്ലെന്നു പറഞ്ഞാണ് മണി റോഷിയെ തലോടിയത്. എന്നാൽ ചെയ്യേണ്ട ആളുകൾ ചെയ്യാത്തതുമൂലമാണ് മെഡിക്കൽ കോളേജിന് ഈ അവസ്ഥ വന്നതെന്നും മണി പറഞ്ഞപ്പോൾ റോഷിയെക്കൂടി ലക്ഷ്യമിട്ടാണോ ഈ ആരോപണമെന്ന ആശങ്ക ബാക്കിയായി.