അടിമാലി : വൈദ്യുതി മന്ത്രി എംഎം മണിയുടെ സഹോദരൻ സനകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മന്ത്രിക്കും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും ഊമക്കത്ത് ലഭിച്ചു. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് കാണിച്ച് സഹോദരൻ അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ മാസം ഏഴിനു വെള്ളത്തൂവൽ കുത്തുപാറയിൽ പാതയോരത്ത് അവശനിലയിൽ കാണപ്പെട്ട സനകൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്.

സനകനെ തലേദിവസം രാവിലെ അടിമാലി എസ്എൻഡിപി ജംക്ഷനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ മൂന്നാർ ഭാഗത്തേക്കു പോകുകയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചിരുന്നതായാണ് ഊമക്കത്തിൽ പറയുന്നത് കുത്തുപാറയിലെ പാതയോരത്തു മരിച്ച നിലയിൽ കാണുന്നതിനു തലേ ദിവസം ആയിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ടാണ് സ്‌പെഷൽ ബ്രാഞ്ചും പൊലീസും അന്വേഷണം നടത്തുന്നത്.

മന്ത്രി എം.എം.മണിയുടെ ഇളയ സഹോദരനാണ്. വെള്ളിയാഴ്ച മകളുടെ വീട്ടിൽപ്പോയി മടങ്ങിവരുന്ന വഴി സനകനും ഭാര്യ സുഭദ്രയും അടിമാലിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതാണ്.

ഹോട്ടലിൽ നിന്നു കാണാതായ സനകനെ പിറ്റേ ദിവസം ഉച്ചയ്ക്ക് വെള്ളത്തൂവലിനു സമീപം കുത്തുപാറയിൽ റോഡരികിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ തറവാട്ടിലാണ് സനകൻ മുൻപ് താമസിച്ചിരുന്നത്. ഒരു മാസം മുൻപ് അടിമാലിക്കു സമീപം പത്താംമൈൽ എന്ന സ്ഥലത്തെ വാടക വീട്ടിലേക്കു മാറി. കാണാതായ സനകനെ പലയിടത്തും തിരക്കിയെങ്കിലും കണ്ടെത്താനായില്ലെന്നും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറയുന്നുണ്ട്. ഇതാണ് ദുരൂഹതയ്ക്ക് ഇടയായത്.

സനകനെ ആരെങ്കിലും അപായപ്പെടുത്തിയത് ആണോയെന്ന സംശയം അടുത്തറിയുന്നവരും നാട്ടുകാരും പ്രകടിപ്പിച്ചിരുന്നു. സനകന്റെ സ്വഭാവ വിശേഷങ്ങളാണ് നാട്ടുകാരിലും വീട്ടുകാരിലും ഇത്തരമൊരു സംശയം ബലപ്പെടാൻ കാരണം. പൊതുവേ ശാന്ത സ്വഭാവക്കാരനായിരുന്നു സനകൻ എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ എതു സാഹചര്യത്തിലും തന്നേ എതിർക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ലെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കൂലിപ്പണിക്കാരനായിരുന്ന സനകൻ മദ്യപിച്ച് കാണപ്പെട്ട ചില അവസരങ്ങളിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു. പല തരത്തിൽ മാറ്റാൻ ശ്രമിച്ചിട്ടും മാറാതാവുബോൾ നാട്ടുകാർ ചിലപ്പോഴൊക്കെ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇതൊക്കെയാണ് സംശയങ്ങൾക്ക് ഇട നൽകിയത്.

അപകടം പറ്റിയെന്ന് കരുതുന്ന ദിവസം രാത്രിയിൽ ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കാമെന്നും വാഹനത്തിലെ ജീവനക്കാർ തലക്കടിച്ചു വീഴ്‌ത്തിയിരിക്കാമെന്നുമാണ് ഒരു വിഭാഗത്തിന്റെ സംശയം. മറ്റാരെങ്കിലുമായി ഉണ്ടായ തർക്കത്തേത്തുടർന്നുള്ള കയ്യാങ്കളിയിലായിരിക്കാം തലയ്ക്ക് മാരകമായി മുറിവേറ്റതെന്ന് സംശയിക്കുന്നവരും നിരവധിയാണ്. സനകന്റെ തലയ്ക്കു പരുക്കു പറ്റിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മറ്റൊരു സഹോദരനായ എം.എം. ലംബോദരൻ അന്നുതന്നെ ആവശ്യപ്പെട്ടിരുന്നു.