- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിലധികം ഭീഷണിക്കത്തുകൾ ലഭിച്ചു; പിന്നാലെ അപകടവും; വെള്ളത്തൂവലിൽ നിർത്തിയിട്ട എം.എം.മണിയുടെ കാറിൽ ബൈക്കിടിച്ചു; അബദ്ധത്തിലുണ്ടായ അപകടമെന്ന് പ്രാഥമിക നിഗമനം എങ്കിലും കരുതലെടുക്കാൻ പൊലീസും
നെടുങ്കണ്ടം: അപായപ്പെടുത്തുമെന്ന് കാണിച്ചു മുൻ മന്ത്രി എം എം മണിക്ക് അടുത്തിടെ ലഭിച്ചത് നിരവധി ഭീഷണി കത്തുകളാണ്. ആരെങ്കിലും പറ്റിക്കാൻ അയക്കുന്നതാകും എന്നു കരുതി ഇതൊന്നും മുഖവിലക്കെടുക്കാൻ മണിയാശാനും തയ്യാറായിരുന്നില്ല. എന്നാൽ, അടുത്തിടെ തുടർച്ചയായി മണിയെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന അപകടങ്ങൾ കൂടിയായപ്പോൾ പൊലീസിനും സംശയം തുടങ്ങിയിട്ടുണ്ട്.
അപായപ്പെടുത്തുമെന്ന ഭീഷണിക്കത്ത് കിട്ടിയതിനു പിന്നാലെ മണിയുടെ കാർ വീണ്ടും അപകടത്തിൽപെട്ടതാണ് അടുത്തിടെ ഉണ്ടായിരിക്കുന്ന സംഭവം. തിങ്കളാഴ്ച വെള്ളത്തൂവലിനു സമീപം മണിയുടെ കാർ നിർത്തിയിട്ടപ്പോഴാണ് എതിരെ വന്ന ബൈക്ക് ഇടിച്ചുകയറിയത്. അബദ്ധത്തിലുണ്ടായ അപകടമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മണിയുടെ കാറിനു കേടു പറ്റി. അതേസമയം ഭീഷണികളുടെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം പൊലീസും നടത്തിയേക്കും.
അടുത്തയിടെ മണി സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാർ ഇടിച്ചു കയറിയിരുന്നു. മന്ത്രിയായിരിക്കെ മണി സഞ്ചരിച്ചിരുന്ന കാറിന്റെ ചക്രത്തിന്റെ നട്ടുകൾ ഊരിപ്പോയ സംഭവവുമുണ്ടായിരുന്നു. അന്നു പൊലീസ് കേസെടുത്തെങ്കിലും മതിയായ തെളിവില്ലാത്തതിനാൽ പിന്നീട് അവസാനിപ്പിച്ചു.
അപായപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഒന്നിലധികം ഭീഷണിക്കത്തുകളും ഈയിടെ അദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുടർച്ചയായി മണി അപകടത്തിൽ പെടുന്നതും. അടുത്തിടെയാണ് അഞ്ചേരി ബേബി വധക്കേസിൽ മണിയെ കുറ്റവിമുക്തനാക്കിയത്. എം എം മണിയുടെ വിടുതൽ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി മണി അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്താരക്കിയത്. നേരത്തെ സെഷൻസ് കോടതിയെ മണി വിടുതൽ ഹർജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.
ഇതോടെയാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. മണിയെ കൂടാതെ ഒ ജി മദനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികൾ. 2012 മെയിൽ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിലേക്ക് മണി പ്രതിയാവുന്നത്.
കുപ്രസിദ്ധമായ 1,2,3 പ്രസംഗത്തിലൂടെ 1982-ലെ കൊലപാതക കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണിയടക്കമുള്ള മൂന്ന് നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. ഇടുക്കിയിലെ വീട്ടിൽ നിന്നും ഐജിയുടെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മണിക്കും കൂട്ടുപ്രതികൾക്കും 46 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു.
ജയിൽ മോചിതനായി പുറത്തു വന്ന ശേഷം മണി വിടുതൽ ഹർജിയുമായി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയ കോടതി മണിയും കൂട്ടുപ്രതികളും വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടു. ഈ വിധി ചോദ്യം ചെയ്ത് മണി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റവിമുക്തനാക്കിയുള്ള വിധിക്ക് വഴിയൊരുങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ