- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസുഖം വന്നെന്ന് കരുതി എനിക്ക് ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല; കേരളം മുഴുവൻ ഓടിയെത്താനുള്ള ആരോഗ്യം ഇപ്പോഴുമുണ്ട്; മത്സരിക്കണോയെന്ന് പറയേണ്ടത് പാർട്ടിയാണ്; എൽ ഡി എഫിന് ഇത്തവണ നൂറ് സീറ്റിലേറെ കിട്ടും; നിയമസഭയിലെ രണ്ടാമങ്കത്തിന് കച്ചമുറുക്കി എംഎം മണി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാമങ്കത്തിന് കച്ചമുറുക്കി മന്ത്രി എം എം മണി. ആരോഗ്യ കാരണത്താൽ മാറി നിന്നേക്കുമെന്ന വാർത്തകൾക്കിടെ തനിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആരോഗ്യം ഉണ്ടെന്ന് മന്ത്രി എം എം മണി. കേരളം മുഴുവൻ ഓടിയെത്താനുള്ള ആരോഗ്യം ഇപ്പോഴുമുണ്ടെന്നും, മത്സരിക്കണോയെന്ന് പറയേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന് ഇത്തവണ നൂറ് സീറ്റിലേറെ കിട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
' ഇവിടെ സ്ഥാനാർത്ഥി ആരാണെന്നൊന്നും പറയാൻ പറ്റില്ല. അസുഖം വന്നെന്ന് കരുതി എനിക്ക് ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല. ഇപ്പോഴും കേരളം മുഴുവൻ പോകുന്നയൊരാളാണ് ഞാൻ. അനാരോഗ്യം എന്നൊക്കെ ചിലർ എഴുതുന്നുണ്ട്. അതൊക്കെ അവരുടെ അഭിപ്രായവും നിഗമനവുമാണ്. ഇതിന് പിന്നിൽ ആരെങ്കിലും ഉണ്ടോയെന്നും അറിയില്ല. ഞാൻ മനസിൽ പോലും ഇതൊന്നും ചിന്തിച്ചിട്ടില്ല. പാർട്ടി മത്സരിക്കണമെന്ന് പറഞ്ഞാൽ മത്സരിക്കും.'- അദ്ദേഹം പറഞ്ഞു.
അനാരോഗ്യമെന്നതൊക്കെ പത്രങ്ങൾ എഴുതുന്നത് അവരുടെ നിഗമനമാണ്. ആ പ്രചരണത്തിന് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്നും പറഞ്ഞുകൊടുത്തിട്ടുണ്ടോ എന്നും അറിയില്ല. മത്സരിക്കില്ല എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ മനസ്സിൽ പോലും കാണാത്ത കാര്യങ്ങളാ അതൊക്കെ. പാർട്ടി മത്സരിക്കണ്ട എന്ന് പറഞ്ഞാൽ ഓകെ. അതിനപ്പുറമൊന്നുമില്ല. എന്നെ ഇത്രയാക്കിയത് പാർട്ടിയല്ലേ- മണി പറഞ്ഞു.
'കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടോ എന്ന് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി സഖാവ് ചോദിച്ചു. അപ്പോൾ ഞാൻ മത്സരിക്കുന്നൂന്ന് പറഞ്ഞു. അതിനുള്ള കാര്യകാരണങ്ങളും പറഞ്ഞു.
അതിൽ ഒന്ന്: എനിക്ക് ആൺകുട്ടികളില്ല, പെൺകുട്ടികളാ. അവരെയൊക്കെ കല്യാണം കഴിച്ചയച്ച് കഷ്ടിച്ച് ജീവിക്കുന്നവരാ. ഇപ്പോ തന്നെ എനിക്ക് മരുന്ന് മേടിക്കാൻ കാശ് വേണം. മത്സരിച്ചാൽ ചികിത്സയൊക്കെ നോക്കും. പിന്നെ പെൺകുട്ടികളൊക്കെ ആകുമ്പോൾ അവസാനം വല്ല പെൻഷനും കിട്ടിയാൽ അതും ഒരു വഴിയാണ്. പിന്നെ ഈ രംഗത്ത് ഒരു പ്രവർത്തനമാണല്ലോ. സംഘടനാ രംഗത്ത് ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രിയാക്കിയതൊക്കെ പാർട്ടി നേതൃത്വമല്ലേ. മന്ത്രിയാകണമെന്ന് പറഞ്ഞപ്പോ ഞാൻ ശരിക്കും അന്തംവിട്ടിരുന്നുപോയി. എന്നാൽ, ഏതു ജോലിയാണേലും ഏൽപിച്ചു കഴിഞ്ഞാൽ അതിനകത്ത് വിട്ടുവീഴ്ചയില്ലാതെ പ്രവൃത്തിക്കും എന്നത് എന്റെ ശൈലിയാ' -എം.എം മണി പറഞ്ഞു.
ഉമ്മൻ ചാണ്ടി വന്നതുകൊണ്ടു യു.ഡി.എഫിൽ അത്ഭുതമൊന്നും സംഭവിക്കാനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ വീഞ്ഞ് പുതിയകുപ്പിയിൽ എന്നേ ഉള്ളൂ. കഴിഞ്ഞ തവണയും ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നല്ലോ. ഇത്തവണ 100ലേറെ സീറ്റ് നേടി എൽ.ഡി.എഫ് വീണ്ടും ഭരണത്തിലെത്തും. കേരള കോൺഗ്രസ് മാണി വിഭാഗം ഇല്ലാതെയാണ് എൽ.ഡി.എഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയത്. അവർ കൂടി വന്നത് കൂടുതൽ മികച്ച വിജയം സമ്മാനിക്കുമെന്നും എം.എം. മണി കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അനാരോഗ്യം മൂലം എം എം മണി ഇത്തവണ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുമെന്ന രീതിയിൽ നേരത്തെ ചില റിപ്പോർട്ടുകൾ വന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ