കോഴിക്കോട്: ത്രിണമൂൽ കോൺഗ്രസും ബിജെപിയും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ കോൺഗ്രസുമായി ധാരണയാവാമെന്ന സിപിഐ(എം) ബംഗാൾ ഘടകത്തിന്റെ നിർദേശത്തിന് സാംസ്കാരിക ലോകത്തുനിന്നും പിന്തുണ്. നമ്മുടെ നാടിന്റെ ഭാവിക്ക് സിപിഎമ്മും കോൺഗ്രസും പരമ്പരാഗതമായ ശത്രുത അവസാനിപ്പിക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദൻ പറഞ്ഞു. കോഴിക്കോട് സാംസ്‌കാരിക വേദി സംഘടിപ്പിച്ച 'കാലത്തിന്റെ പ്രതിരോധ സാധ്യതകൾ' സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യം പ്‌ളീനത്തിലും പാർട്ടി കോൺഗ്രസിലും മാത്രമല്ല, തെരുവിലും ചർച്ച ചെയ്യേണ്ടതാണെന്നും. കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ശത്രുത ഓർമവച്ച കാലം മുതലുണ്ട്. അത് നമ്മെ എവിടെ കൊണ്ടുചെന്നത്തെിച്ചു എന്ന് ആലോചിക്കണം. ഈ ശത്രുത മുതലെടുക്കാൻ പലയാളുകളുമുണ്ട്. വലിയൊരു ഭൂതം വാതിലിൽ വന്നുനിൽക്കുകയാണ്. ഈ ഭൂതത്തിന്റെ സാന്നിധ്യത്തെ കാണാത്തതുകൊണ്ടാണ് സിപിഎമ്മും കോൺഗ്രസും ശത്രുതയിൽ തുടരുന്നത്.

പ്രതിരോധം ഇടതുപക്ഷത്തിന്റെ മാത്രം മേഖലയാണെന്ന ധാരണയുണ്ട്. പക്ഷേ, ഇടതുപക്ഷത്തിനു പുറത്തും പ്രതിരോധിക്കുന്നവരുണ്ട്. യു.ഡി.എഫിനെക്കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ, കോൺഗ്രസിനെക്കുറിച്ച് പറയാൻ പറ്റും. ഇന്നല്ലെങ്കിൽ നാളെ ഒന്നിച്ചുനിന്ന് പ്രവർത്തിക്കൽ അനിവാര്യമാണ്. ഫാസിസത്തെ നേരിടാൻ പുരോഗമന, മതേതരവാദികളുടെ മഹാസഖ്യം വേണ്ടിവരുമെന്ന് ബീഹാർ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാനിലെ ഗുലാം അലിയുടെ പാട്ട് പാടില്‌ളെന്ന് പറയുന്ന ഫാസിസ്റ്റുകൾ മുസ്ലിം രാഷ്ട്രങ്ങളിൽനിന്ന് വരുന്ന പെട്രോൾ വേണ്ടെന്ന് പറയുമോയെന്ന് മുകുന്ദൻ ചോദിച്ചു. ഹിറ്റ്‌ലർപോലും പറയാത്തതാണ് ഇവിടുത്തെ കുട്ടി ഫാസിസ്റ്റുകൾ പറയുന്നത്. നമ്മൾ എന്ത് കഴിക്കണമെന്ന് പറയുന്നത് ധിക്കാരം മാത്രമല്ല, വലിയ വെല്ലുവിളിയുമാണ്. ഉത്തരേന്ത്യയിൽ മനുഷ്യരേക്കാൾ കൂടുതൽ പശുക്കളുണ്ട്. കറവ വറ്റിയാൽ ഇവയെ പോറ്റുക സാധ്യമാവില്ല. ഗോമാംസ നിരോധനം വന്നാൽ ഇവയെ എന്തുചെയ്യുമെന്ന് ആരും ആലോചിക്കുന്നില്ല.

ബീഫ് രാഷ്ട്രീയത്തിൽ വൈരുധ്യങ്ങളും അറിവില്ലായ്മയും അജ്ഞതയുമെല്ലാമുണ്ട്. ഇതിനെതിരായ പ്രതിരോധത്തിന്റെ പലവഴികളിൽ ഒന്നു മാത്രമാണ് പുരസ്‌കാരം തിരിച്ചുകൊടുക്കൽ. എല്ലാവരും അതേ മാർഗം സ്വീകരിച്ചുകൊള്ളണമെന്നില്ല. പ്രതിരോധത്തിന്റെ തന്റെ വഴി എഴുത്താണെന്നും ഏറ്റവും പുതിയ നോവൽ ഫാസിസ്റ്റ് വിരുദ്ധ നോവലാണെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.