ൺലൈൻ പെൺവാണിഭക്കേസിൽ പിടിയിലായ രാഹുൽ പശുപാലനെയും രശ്മി ആർ നായരെയും പൂർണമായും തള്ളിപ്പറയാൻ ചിലർ പരിശ്രമിക്കുന്നതിനിടെ ഇവരുടെ ചെയ്തികളെ വിമർശിച്ച് എം എൻ കാരശേരി രംഗത്തെത്തി. ചുംബനസമരത്തെ അനുകൂലിക്കുന്നവർ രാഹുൽ പശുപാലനെ തള്ളിപ്പറയണമെന്ന് ചാനൽ ചർച്ചയിൽ എം എൻ കാരശേരി വ്യക്തമാക്കി.

ചുംബന സമരം ലൈംഗിക അരാജകത്വമല്ല. അതൊരു പൗരാവകാശ സമരമാണ്. സദാചാര പൊലീസിങ്ങിനെതിരായ പ്രക്ഷോഭമാണു ചുംബന സമരമെന്നും എം എൻ കാരശേരി പറഞ്ഞു.

''ചുംബനസമരത്തെ അനുകൂലിക്കുന്നവർ രാഹുൽ പശുപാലനെ തള്ളിപ്പറയണം. കാരണം രാഹുൽ പശുപാലനെ പറ്റി സംസാരിച്ച ഒരാൾ അദ്ദേഹത്തിന്റെ അച്ഛനാണ്. പൊലീസ് മാത്രമല്ല. അപ്പോൾ കൊച്ചുസുന്ദരികൾ എന്ന സൈറ്റുവഴി ഇവിടത്തെ കുട്ടികൾക്ക് വരുന്ന ആപത്ത് എന്താണ് എന്ന് അന്വേഷിക്കുന്ന പണി ചുംബനസമരക്കാർ എടുത്തിരുന്നു എന്നാണ് എന്റെ അറിവ്. ആ പണികൂടിയാണ് രാഹുൽ പശുപാലനെ വെട്ടിൽ വീഴ്‌ത്തിയത്. അപ്പോ ചുംബനസമരം എന്നത് ലൈംഗികമായ അരാജകത്വമല്ല. അത് പൗരാവകാശ സമരമാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്.''- കാരശേരി പറഞ്ഞു.

അത്തരത്തിലുള്ള പൗരാവകാശ സമരങ്ങളുടെ മുമ്പിൽ ഏതെങ്കിലും തരത്തിലുള്ള അരാജകവാദികളോ ലൈംഗിക വാണിഭക്കാരോ ഉണ്ടാകാൻ പാടില്ല. അത് മുൻകൂട്ടി തിരിച്ചറിഞ്ഞില്ല എന്ന ഒരു പോരായ്മ ഇതിനകത്തുണ്ട്.

സ്വന്തം ഭാര്യയെ ഉപയോഗിച്ച് ആറ് വയസ്സുള്ള കുട്ടിയെയും കൂട്ടി ഇത്തരം രംഗത്ത് പ്രവർത്തിച്ച് പൊലീസിന്റെ പിടിയിൽ പെടുന്ന ഒരാളെ, അതുപോലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും പെൺകുട്ടികളെയും ഇത്തരത്തിലുള്ള ലൈംഗിക വാണിഭത്തിന് ഉപയോഗിക്കുന്നത് എന്ന് മറ്റുള്ളവർ പറയുന്ന ഒരാളെ, തിരിച്ചറിയാനായില്ല. ഇപ്പോൾ പൊലീസ് മാത്രമല്ല ഇത് പറയുന്നത്.

കൊച്ചുസുന്ദരികൾ എന്ന സൈറ്റിൽ എന്താണ് നടക്കുന്നത്, ഇവിടത്തെ പെൺകുട്ടികൾക്കോ ഇവിടത്തെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കോ അതുകൊണ്ട് വല്ല ആപത്തും വരുന്നുണ്ടോ എന്ന ഒരു കരുതൽ ചുംബനസമരത്തിലെ ചില പ്രവർത്തകർക്കുണ്ടായി എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവർ വെറും ആരോപിതരാണ്. അത് ആരോപണം മാത്രമാണ്. അതുകൊണ്ട് കോടതി ശിക്ഷിക്കുന്നതുവരെ അത്തരം കാര്യങ്ങളിൽ രാഹുൽ പശുപാലന്റെ പേര് പറയാൻ പാടില്ല എന്ന് പറയുന്നത് തീർച്ചയായിട്ടും കഷ്ടമാണ്. അത് ഉത്തരവാദിത്വരാഹിത്യമാണ്.

ചുംബനസമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ഒരാളാണ് രാഹുൽ പശുപാലൻ. പിന്നെ കിസ് ഓഫ് ലൗ എന്ന് പറയുന്നത്. ഒരു പാർട്ടിയോ ഒരു സംഘടനയോ പ്രസ്ഥാനമോ ഒന്നുമല്ല. അത് ഇവിടത്തെ ഹിന്ദു ഫാസിസ്റ്റുകൾ കോഴിക്കോട്ടെ ഒരു ഹോട്ടലിൽ ഇവിടത്തെ ചെറുപ്പക്കാർ സംസാരിക്കുകയോ കൈകൊടുക്കുകയോ ആശ്ലേഷിക്കുകയോ ചെയ്യുന്നു എന്നുള്ള ആരോപണത്തെ തുടർന്ന് ആ ഹോട്ടൽ അടിച്ചുപൊളിച്ചപ്പോൾ ഉണ്ടായ ഒരു പ്രതികരണമാണ്. അതൊരു പ്രതീകാത്മക സമരമാണ്. അത് എതിർക്കുന്നത് സദാചാര പൊലീസിംഗിനെയാണ്. പെൺകുട്ടികൾക്ക് പൊതുസ്ഥലങ്ങൾ നിഷേധിക്കുന്നതിനെയാണ്.

മനുഷ്യന്റെ പൗരാവകാശങ്ങൾക്കെതിരായിട്ട് സദാചാരത്തിന്റെയോ മതത്തിന്റെയോ പേരിൽ ആരും അക്രമം കാണിക്കരുത് എന്നതാണ് ചുംബനസമരം എന്നു പറയുന്നത്. ജനശ്രദ്ധ കിട്ടാൻ വേണ്ടി അങ്ങനെയൊരു പേര് പറഞ്ഞു എന്നുള്ളതല്ലാതെ, എല്ലാദിവസവും എല്ലാറോട്ടിലും എല്ലാ ആളുകളും ചുംബിച്ചുനടക്കുന്നത് ജോലിയാക്കണം എന്നതല്ല, അത്. അതൊരു പ്രതീകമാണ്.
ആ പ്രതീകം നമ്മുടെ മുന്നിൽ ഇന്ന് ഒരു താക്കീത് ഉന്നയിച്ചിട്ടുണ്ട്. രാഹുൽ പശുപാലനെയും രശ്മിയെയും പോലുള്ളവർ ഇത്തരം ധാർമിക സമരങ്ങളുടെ മുന്നിൽ നിൽക്കാൻ അർഹരല്ല. അത്തരം ആളുകളെ തിരിച്ചറിഞ്ഞില്ല എന്നത് ആ സമരത്തിൽ പങ്കെടുത്തവർക്കും അതിനെ പിന്തുണച്ചവർക്കും ഞാനടക്കമുള്ള ആളുകൾക്ക് ഒരു താക്കീതാണ് എന്ന് ഞാൻ വിചാരിക്കുന്നു.- എം എൻ കാരശേരി പറഞ്ഞു.