പാലക്കാട്: സിപിഐഎം നേതാവും മുൻ എംഎൽഎയുമായിരുന്ന എം നാരായണൻ അന്തരിച്ചു. കോവിഡ് ബാധിതതനായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ രോഗം മൂർഛിച്ചതിനെ തുടർന്ന് ഇന്നലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം.

രണ്ട് തവണ പാലക്കാട് ജില്ലയിലെ കുഴൽമന്ദം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. സിപിഐഎം പാലക്കാട് ഏരിയ സെക്രട്ടറിയായി ദീർഘ കാലം പ്രവർത്തിച്ച അദ്ദേഹം കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. വ്യാപാരി വ്യവസായി പാലക്കാട് ഏരിയ കമ്മറ്റിയുടെ ചുമതല നിർവഹിച്ചിരുന്ന എം നാരായണൻ പാലക്കാട് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമായിരുന്നു

സിപിഐ എം നേതാവും കുഴൽമന്ദം മുൻ എംഎൽഎയുമായിരുന്ന എം നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിസ്വാർഥമായ പൊതുപ്രവർത്തനത്തിനൊപ്പം കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിരന്തരം ഇടപെട്ട വ്യക്തിത്വമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.