കൽപ്പറ്റ: ആപ്പിളിന്റെ ഐ ഫോണിനെ വെല്ലുന്ന സ്മാർട്ട് ഫോൺ പുറത്തിറക്കുമെന്ന് ഗീർവാണമടിച്ച് പത്രങ്ങളിലെല്ലാം വൻ പരസ്യം നൽകി രംഗത്തെത്തിയ മാംഗോ ഫോൺ ഉടമകൾ വീണ്ടും അറസ്റ്റിൽ. പൊലീസിനോടും ഉദ്യോഗസ്ഥരോടും തട്ടിക്കയറിയും പൂട്ടിയിട്ടും അഹങ്കാരം കാണിച്ചതിന്റെ പേരിലാണ് എം ഫോൺ ഉടമകൾ അറസ്റ്റിലായത്. നികുതി കുടിശ്ശിക വരുത്തിയതിന്റെ പേരിൽ ഉദ്യോഗസ്ഥർ റെയ്ഡ് അടക്കമുള്ള നടപടികളുമായി രംഗത്തെത്തിയപ്പോഴാണ് ഇവർ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടത്. സഹായികളെ കൂട്ടി ഉദ്യോഗസ്ഥരെ കായികമായി നേരിട്ട മാംഗോ മുതലാളിമാരെ അടക്കി നിർത്താൻ വലിയ പൊലീസ് സന്നാഹവും സ്ഥലത്തെത്തി.

സംഘർഷത്തിൽ നാലു വനിതകളടക്കം ആറു പൊലീസുകാർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് വയനാട് വാഴവറ്റ മൂങ്ങനാനിക്കൽ ആന്റോ അഗസ്റ്റിൻ (27), ഭാര്യ ടെസ്സി റോജി (27), അമ്മ ഇത്താമ്മ അഗസ്റ്റിൻ (68), സഹായികളായ രമേഷ് (47), ചന്ദ്രൻ (48), ജനാർദനൻ (57) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും ആക്രമിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് ഇവർക്കെതിരെ മീനങ്ങാടി പൊലീസ് കേസെടുത്തത്.

ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. മാംഗോ ഫോണിന്റെ ഉടമകളായ ആന്റോ അഗസ്റ്റ്യൻ, സഹോദരൻ ജോസ്‌കുട്ടി അഗസ്റ്റ്യൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഏഷ്യൻ മോട്ടേഴ്‌സ് നൽകാനുള്ള 1.75 കോടി രൂപ വില്പന നികുതി, വരുമാനനികുതി കുടിശ്ശിക ഈടാക്കാൻ ജപ്തിക്ക് ഉത്തരവായിരുന്നു. ഇത് നടപ്പിലാക്കാനാണ് ഉദ്യോഗസ്ഥർ എത്തിയത്. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം അമ്പലവയൽ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ ജയശങ്കർ, മുട്ടിൽ സൗത്ത് വില്ലേജ് വില്ലേജ് ഓഫീസർ പ്രിയ എന്നിവരുടെ നേതൃത്വത്തിൽ എട്ട് റവന്യൂ ഉദ്യോഗസ്ഥർ എത്തിയത്. മീനങ്ങാടി എസ്.ഐ. അബ്ബാസ് അലിയുടെ നേതൃത്വത്തിൽ പൊലീസും ഒപ്പമുണ്ടായിരുന്നു.

അതേസമയം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതോടെ ജപ്തിക്ക് കോടതി സ്റ്റേയുണ്ടെന്ന് പറഞ്ഞ് ആന്റോ അഗസ്റ്റിനും കൂട്ടാളികളും തട്ടിക്കയറുകയായിരുന്നു. ഉദ്യോഗസ്ഥർ വീടിന് അകത്തുകയറിയപ്പോൾ വാതിലും ഗേറ്റും പൂട്ടി. അരമണിക്കൂറിലേറെ ഉദ്യോഗസ്ഥരും സംഘവും ഏറ്റുമുട്ടി. ചെറുക്കാൻ ശ്രമിച്ച മീനങ്ങാടി സ്റ്റേഷനിലെ വനിതാ പൊലീസുകാരായ ആയിഷ, രഞ്ജിത, സുലോചന എന്നിവർക്കും പരിക്കേറ്റു. മീനങ്ങാടി, കമ്പളക്കാട് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരായ രജിത, സുലോചന, ആയിഷ, ഐഷാബീ, ജോസഫ്, ബാബുരാജ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവം രൂക്ഷമായതോടെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി.

വീടിനുള്ളിൽ ആന്റോയുടെ രോഗിയായ പിതാവും ഒരു സഹായിയും ഉണ്ടായിരുന്നു. അതിനാൽ വീട് പൂട്ടി സീൽ ചെയ്യാൻ കഴിഞ്ഞില്ലെന്നും പകരം മറ്റ് മുതലുകൾ കസ്റ്റഡിയിൽ എടുത്തതായും റവന്യൂ അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷമാണ് ആന്റോ അഗസ്റ്റ്യനും സഹോദരങ്ങളുംചേർന്ന് 'മാംഗോ' എന്ന പേരിൽ മൊബൈൽഫോൺ വിപണിയിലിറക്കാൻ ശ്രമിച്ചത്. എന്നാൽ, പുറത്തിറക്കൽ ചടങ്ങിന് തൊട്ടുമുമ്പ് ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട കേസിൽ ഇവരെ പൊലീസ് അറസ്റ്റുചെയ്തു.

ആപ്പിളിനെ വെല്ലുന്ന സ്മാർട്ട് ഫോണെന്ന അവകാശവാദവുമായി രംഗത്തത്തെിയ മാംഗോ ഫോൺ ഉടമകൾ ഫ്രാഞ്ചൈസി വഴിയും മറ്റും വൻ തട്ടിപ്പിനാണ് പദ്ധതിയിട്ടത്. നിരവധി ജീവനക്കാരെയടക്കം കബളിപ്പിച്ച ഇക്കൂട്ടർ അടുത്തിടെ വീണ്ടും തട്ടിപ്പിന്റെ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് രംഗത്തുവന്നിരുന്നു. വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്ന് അറസ്റ്റിലായ മാംഗോ ഉടമകളായ ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനുമാണ് പുറത്തിറങ്ങിയ ശേഷം മാംഗോ പദ്ധതിയുമായി വീണ്ടും സജീവമായത്. പഴയ അവകാശ വാദങ്ങളോട് കൂടി തന്നെയാണ് ഇത്തവണയും ഇവർ ഇപ്പോൾ രംഗത്തുള്ളത്.

ഇതിന്റെ ഭാഗമായി അടുത്തിടെ എറണാകുളം പച്ചാളത്ത് ഗംഭീരമായ ഓഫീസ് പ്രവർത്തനം തുടങ്ങിയിരുന്നു. പഴയ ജീവനക്കാരെ പൂർണ്ണമായും ഒഴിവാക്കി പുതിയ ജീവനക്കാരെ സ്ഥാപനത്തിൽ നിയമിക്കുകയും ചെയ്തുകഴിഞ്ഞു. പുതിയ സ്മാർട്ട് ഫോൺ ലോഞ്ചിംഗിന്റെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം മലയാളത്തിലെ മുഴുവൻ മാദ്ധ്യമങ്ങൾക്കും നൽകിയിരുന്നു. മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങൾ മുൻപേജിൽ ഫുൾപേജ് പരസ്യവും നൽകി. എന്നാൽ, ഈ മാദ്ധ്യമങ്ങളിൽ മിക്കവയ്ക്കും പണം നൽകിയിരുന്നില്ല. ഇതോടെ സ്വയം കബളിപ്പിക്കപ്പെട്ട മാദ്ധ്യമങ്ങളും മൗനത്തിലായി. മാദ്ധ്യമങ്ങളെ അടക്കം പണം കൊടുക്കാതെ കബളിപ്പിക്കുകയും സംസ്ഥാനത്തുടനീളം നിരവധി പേരെ പറ്റിക്കകുകയും ചെയ്ത ആളുകളാണ് പുതിയ ഓഫീസ് ആരംഭിച്ച് വീണ്ടും രംഗത്തത്തെിയിട്ടുള്ളത്.

റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ചേർന്നാണ് ആപ്പിളിനെ തോൽപ്പിക്കുന്ന മലയാളികളുടെ മൊബൈൽ കമ്പനി എന്ന പേരിൽ മാംഗോ ഫോൺ അവതരിപ്പിക്കാൻ രംഗത്തെത്തിയത്. നിരവധി ബാങ്കുകളെ വ്യാജരേഖ ഉപയോഗിച്ച് കബളിപ്പിച്ചതിന് ഇവർക്കെതിരെ കേസ് നിലവിലുണ്ട്. ലക്ഷങ്ങളുടെ പരസ്യവുമായി ഇവർ എത്തിയതോടെ തട്ടിപ്പുകളെ കുറിച്ചെല്ലാം ഇവർ മൗനം പാലിച്ചു. ഇതിനിടെ വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത ഫോൺ മാംഗോ ഫോണെന്ന് പറഞ്ഞ് ഫോൺ പുറത്തിറക്കി. പിന്നീട് ഈ ഫോണിനെ കുറിച്ച് ആരും കേട്ടിരുന്നില്ല.

കോടികളുടെ പരസ്യം വാങ്ങിയ പ്രമുഖ മാദ്ധ്യമങ്ങളെല്ലാം വ്യാജ പരസ്യക്കാർക്ക് ഒത്താശ ചെയ്തപ്പോൾ ഈ കെണിയിൽ ആരും വീഴരുതെന്ന് മുന്നറിയിപ്പ് നൽകി വാർത്ത നൽകിയത് മറുനാടൻ മലയാളിയാണ്. ഇതേക്കുറിച്ച് മറുനാടൻ നിരന്തരം വാർത്തകൾ നൽകിയത്. ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഉണ്ടായിരുന്നത്. ഒടുവിൽ ഫോണിന്റെ ലോഞ്ചിങ് ദിവസം എല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം നൽകി. പക്ഷെ ബാങ്ക് ഓഫ് ബറോഡയുടെ പരാതിയെ തുടർന്ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന എം ഫോൺ ലോഞ്ചിങ് ചടങ്ങിൽ വച്ച് കമ്പനി ഉടമകളായ ജോസ് കുട്ടി അഗസ്റ്റിനെയും ആന്റോ അഗസ്റ്റിനെയും പൊലീസ് അറസ്റ്റു ചെയ്യകയായിരുന്നു.

കൊറിയൻ ടെക്‌നോളജിയിലാണ് ഫോൺ പുറത്തിറക്കുന്നതെന്നും പറഞ്ഞു. 5 ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് കമ്പനി അവകാശപ്പെട്ടിരുന്നത്. 5,800 മുതൽ 34,000 രൂപ വരെയാണ് വിലയെന്ന് ഇവർ അവകാശപ്പെട്ടിരുന്നത്. ഈ ഫോണുകൾ എന്ന വിധത്തിത്തിൽ ലോഞ്ച് ചെയ്യുകയുമുണ്ടായി. എന്നാൽ, പിന്നീട് കമ്പനിയെ കുറിച്ച് ആരും ഒന്നും മിണ്ടിയില്ല. സച്ചിൻ ടെണ്ടുൽക്കറിനെയും അമിതാബ് ബച്ചനെയും ബ്രാൻഡ് അംബാസിഡർമാരാക്കുമെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ അവകാശവാദവും വ്യാജമാണെന്ന് വ്യക്തമായിരുന്നു.