കൊച്ചി : ബാങ്ക് ഒഫ് ബറോഡയുടെ കളമശേരി ശാഖയെ കബളിപ്പിച്ച് 2.68 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ മാംഗോഫോൺ നിർമ്മാതാക്കളായ വയനാട് തൃക്കരിപ്പേട്ട മുങ്ങനാനിയിൽ ആന്റോ അഗസ്റ്റിൻ, സഹോദരൻ ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ ഇപ്പോഴും അഴിക്കുള്ളിൽ തന്നെ. വ്യാജ പ്രമാണ രേഖകൾ സമർപ്പിച്ച് വായ്പ തരപ്പെടുത്തിയെന്ന കേസിലാണ് ഇരുവരെയും ഫെബ്രുവരി 29ന് അറസ്റ്റു ചെയ്തത്. ഉന്നത സമ്മർദ്ദമുണ്ടായിട്ടും കടുകട്ടിയായ നിലപാട് പൊലീസ് എടുത്തതുകൊണ്ടാണ് ജാമ്യം ലഭിക്കാത്തത്. ബാങ്കും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഒത്തുതീർപ്പ് ശ്രമവും പാളി. അതിനിടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇരുവരും ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ ജഡ്ജി ആർ. നാരായണ പിഷാരടി തിങ്കളാഴ്ച പരിഗണിക്കും.

ഇതോടെ ലോഞ്ച് ചെയ്‌തെങ്കിലും മാംഗോ ഫോണിന്റെ വിപണനവും അനിശ്ചിതത്വത്തിലാണ്. ഏറെ വീരവാദങ്ങൾ ഉയർത്തി ഇറക്കിയ ഫോൺ ഇനിയും വിപണിയിൽ എത്തിയില്ല. ഓൺലൈൻ ബുക്കിംഗും മറ്റും വാക്കുകളിലും ഒതുങ്ങി. വിവാദം ഭയന്ന് ആരിൽ നിന്നും കമ്പനി ഓർഡർ എടുത്തില്ലെന്നതാണ് വസ്തുത. ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് ഫോൺ കമ്പനിയായ ആപ്പിളിനെ തോൽപ്പിക്കാൻ ഇറങ്ങിയ മാംഗോ മൊബൈൽ മുതലാളിമാരുടെ കള്ളകളികളെല്ലാം പൊളിയുകയാണ്. ഇവർക്കെതിരായ സാമ്പത്തിക തട്ടിപ്പു കേസുകൾ ഒന്നിനു പിറകേ മറ്റൊന്നായി പുറത്തുവരുന്നു കൊണ്ടിരിക്കുകയാണ്. വ്യാജരേഖ ചമച്ച് ബാങ്കുകളിൽ നിന്നും കോടികൾ തട്ടിച്ച മാംഗോ മൊബൈൽ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ പുതിയ ഒരു പാരാതി കൂടി ലഭിച്ചിരിക്കയാണ്. ട്രക്ക് വാങ്ങാൻ നൽകിയ 16 ലക്ഷം രൂപ അടിച്ചുമാറ്റിയെന്ന ആക്ഷേപമാണ് ഇവർക്കെതിരെ ഉണ്ടായിരിക്കുന്നത്.

3500 കോടി മുതൽ മുടക്കി ആപ്പിളിന്റെ ഐ ഫോണിലെ തോൽപ്പിക്കാൻ ഇറങ്ങിയ മലയാളികളുടെ മൊബൈൽ കമ്പനികളുടെ ഉടമകൾ കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസ് നേരിട്ടവരാണ്. മൊബൈൽ ലോഞ്ചിന്റെ അതേ ദിവസമാണ് ഇവരെ പൊലീസ് അറസ്്റ്റ് ചെയ്തത്. കളമശ്ശേരിയിലെ ചില കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെ പൊലീസ് അകമ്പടിയിൽ അറസ്റ്റിലായ ശേഷവും ഇരുവരും ഫോണിന്റെ ലോഞ്ചിംഗിന് എത്തി. എന്നാൽ ലേമെറിഡിയനിലെ ചടങ്ങ് അറസ്‌റ്റോടെ തന്നെ നിറം മങ്ങിയതുമായി. പത്രങ്ങളിലും മറ്റും വമ്പൻ പരസ്യം നൽകി ആഘോഷമാക്കാനുള്ള ശ്രമവും പാളി. അഗസ്റ്റിൻ സഹോദരന്മാരുടെ തട്ടിപ്പ് കഥകൾ ഓരോന്നായി പുറത്തുവന്നപ്പോൾ മാംഗോ ഫോണുമായി ബന്ധപ്പെട്ട് മറുനാൻ ഉയർത്തിയ വിഷയത്തിലെ വസ്തുതയും സത്യസന്ധതയും ബോധ്യപ്പെടുകയും ചെയ്തു. ഇതോടെ പൊലീസിനും കർശന നിലപാട് എടുക്കേണ്ട സാഹചര്യം ഉണ്ടാവുകയായിരുന്നു.

ബാങ്ക് ഓഫ് ബറോഡയുടെ കളമശേരി ശാഖയിൽനിന്നു രണ്ടു കോടി 68 ലക്ഷം രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ട തട്ടിപ്പിലാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്. ഇവരെ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. എന്നാൽ ഏഷ്യൻ മോട്ടോഴ്‌സ് എന്ന പേരിൽ ഇവർക്ക് മുന്പുണ്ടായിരുന്ന സ്ഥാപനത്തിൽ തിരുവനന്തപുരം സ്വദേശി അനിൽ കുമാർ എഎംഡബ്ല്യു ട്രക്ക് വാങ്ങാൻ ഓർഡർ നൽകിയെന്നും ഇതിന്റെ പേരിൽ 16 ലക്ഷം രൂപ കൊച്ചിയിലെ ആക്‌സിസ് ബാങ്കിൽ നിന്നും ലോണെടുത്ത് ഏഷ്യൻ മോട്ടോഴ്‌സിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു എന്നുമാണ് പുതിയ കേസ്. എന്നാൽ ട്രക്ക് ലഭിക്കാത്തതിനാൽ അനിൽ കുമാർ കമ്പനിയെ സമീപിക്കുകയും ട്രക്ക് നൽകാന തടസ്സമുള്ളതിനാൽ ബാങ്ക് വായ്‌പ്പ തിരിച്ചടക്കാമെന്ന് ഏഷ്യൻ മോട്ടോഴ്‌സ് ഉറപ്പു നൽകുകയും ചെയ്തു. കമ്പനി ഈ തുക തിരിച്ചടക്കാത്തതിനാൽ ബാങ്ക് അനിൽ കുമാറിനെതിരെ ബാങ്ക് ജപ്തി നടപടി സ്വീകരിച്ചു. അനിൽ കുമാർ നൽകിയ പരാതിയിന്മേലാണ് ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

സാമ്പത്തിക തട്ടിപ്പുകൾ പതിവാക്കിയ ഇവർക്കെതിരെ കേരളത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളുണ്ട്. റോജി അഗസ്റ്റിൻ, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ എന്നവരുടെ പേരിൽ പ്രമുഖ ബാങ്കുകളെ പോലും കബളിപ്പിച്ച കേസിൽ നിയമ നടപടി നേരിടുന്നവരാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ സൂക്ഷിക്കണമെന്ന കാണിച്ച് ബാങ്ക് ഫ്രോഡ് ലിസ്റ്റിൽ ഇവരെ ഉൾപ്പെടുത്തിയിരുന്നു. അതയത് ബാങ്ക് ലോണുമായി സമീപിക്കുമ്പോൾ സൂക്ഷിക്കേണ്ടവരുടെ പട്ടികയിലാണ് ഇവരുടെ സ്ഥാനമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഒരുകാലത്ത് ഒരു പ്രമുഖ ചാനലിൽ ഏറ്റവും കൂടുതൽ പരസ്യം നൽകി പ്രവർത്തിച്ചിരുന്ന ഏഷ്യൻ മോട്ടോഴ്‌സ് കമ്പനിയും റോജി അഗസ്റ്റിൻ, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ സഹോദരങ്ങളുടേതായിരുന്നു. ഈ കമ്പനിയെ കൂടാതെ ഏഷ്യൻ ടിമ്പർ ഡിപ്പോ, ഏഷ്യൻ സൂര്യ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിൽ കോടികളുടെ സാമ്പത്തിക വെട്ടിപ്പ് കേസുകളാണ് സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഉള്ളത്.

2014ൽ ഇവരുടെ ഉടമസ്ഥതയിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഏഷ്യൻ മോട്ടേഴ്‌സ് എന്ന കമ്പനിക്കും ഡയറക്ടർമാരിൽ ഒരാളായ ആന്റോ ആഗസ്റ്റിനും എതിരായി കേരള ഹൈക്കോടതിയിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. കളമശ്ശേരി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നും ഇവരുടെ സ്ഥാപനത്തിലേക്ക് വിൽപ്പനക്കായുള്ള വണ്ടികൾ വാങ്ങാനുള്ള ലോണിനായി ഒരു പ്രോപ്പർട്ടി ജാമ്യം കാണിച്ചു കോടികൾ വായ്‌പ്പയെടുത്തു. ഇതോടൊപ്പം ജാമ്യമായി കൊടുത്ത അതേ പ്രോപ്പർട്ടി ജാമ്യം വച്ചു ബാങ്ക് ഓഫ് ബറോഡയിൽ നിന്നും ഇവർ ലോൺ എടുക്കുകയുമായിരുന്നു. ഫലത്തിൽ രണ്ട് ബാങ്കുകളെ മനപ്പൂർവ്വം കബളിപ്പിക്കാൻ ശ്രമിച്ചെന്നതായിരുന്നു ഇവരുടെ പേരിലുള്ള കുറ്റം. ജാമ്യം കൊടുത്ത വണ്ടികൾ തന്നെ റീസെയിലിന് വേണ്ടി വാങ്ങിയതാണെന്നും ബാങ്കുകൾക്ക് വ്യക്തമായിരുന്നു. ഈ കേസ് ഹൈക്കോടതി വരെയാണ് മാംഗോ മൊബൈൽസ് ഉടമകളെ എത്തിച്ചത്.

അവിടം കൊണ്ടും മാംഗോ മൊബൈൽസ് ഉടമകൾക്കെതിരായ കേസുകളുടെ കഥ തീരുന്നില്ല. ബാങ്കുകളെ കബളിപ്പിച്ചെന്ന കേസുകൾ വേറെയും ഇവർക്കെതിരെയുണ്ട്. കാനറാ ബാങ്കിന്റെ കൊച്ചി ബാനർജി റോഡിലുള്ള ബ്രാഞ്ചിൽ സ്ഥലം പണയപ്പെടുത്തിയ ലോൺ തിരിച്ചടയ്ക്കാതിരിക്കുകയാണ് ഇവർ ചെയ്തത്. വയനാട്ടിലെ വസ്തുവിന്റെ പ്രമാണം വച്ച് ലോൺ എടുത്ത ശേഷം പണം തിരിച്ചടയ്കാത്തതിനാൽ ബാങ്ക് അഗസ്റ്റിൻ സഹോദർമാർക്കെതിരെ ജപ്തി നടപടി സ്വീകരിച്ചിരുന്നു. 45 ലക്ഷം ലോൺ എടുത്ത ശേഷം പണം തിരിച്ചയ്ക്കാതെ പലിശ അടക്കം 64 ലക്ഷത്തോളം രൂപ കുടിശ്ശിക വരുത്തി. ഇത് കൂടാതെ ബാങ്കിന് ജപ്തി നടപടി സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ പണയവസ്തു മറ്റൊരു നിയമക്കുരുക്കിലാണെന്ന് ബോധ്യമാകുകയായിരുന്നു. ചുരുക്കത്തിൽ കാനറ ബാങ്കിനെയും കബളിപ്പിക്കുകയാണ് ഇവർ ചെയ്തത്.