- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിത്തിനെ കസ്റ്റഡിയിൽ എടുത്ത വിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് എം.ആർ.അജിത് കുമാർ പറഞ്ഞിട്ടെന്ന് സ്വപ്ന; തന്നെ എം.ആർ.അജിത് കുമാറും എഡിജിപി ലോ ആൻഡ് ഓർഡറും ചേർന്ന് വിളിച്ചെന്ന് ഷാജ് കിരൺ പറഞ്ഞതായും വെളിപ്പെടുത്തൽ; താൻ ആരെയും വിളിച്ചിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞിട്ടും മൗനം പാലിച്ച അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി; ഐജി എച്ച്.വെങ്കിടേഷിന് പകരം ചുമതല
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, എം.ആർ.അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പിനു നിർദ്ദേശം നൽകിയതോടെ ഉത്തരവിറങ്ങി.ഐ.ജി. എച്ച്.വെങ്കിടേഷിനാണ് പകരം ചുമതല. അജിത് കുമാറിന് പകരം ചുമതല നൽകിയിട്ടില്ല.
അജിത് കുമാറുമായി ഫോണിൽ സംസാരിച്ചതായി ഷാജ് കിരൺ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനത്തുനിന്ന് മാറ്റുന്നത്. എഡിജിപി എം.ആർ.അജിത് കുമാറും എഡിജിപി ലോ ആൻഡ് ഓർഡറും ചേർന്ന് 56 പ്രാവശ്യമാണ് തന്നെ വാട്സാപ്പിൽ വിളിച്ചതെന്ന് ഷാജ് കിരൺ പറഞ്ഞതായാണ് സ്വപ്ന ഇന്നലെ പറഞ്ഞത്.
ഷാജ് കിരണിനെ തനിക്ക് അറിയില്ലെന്നും താൻ ആരെയും വിളിച്ചിട്ടില്ലെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. ഈ കേസുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിജയ് സാഖറെ പറഞ്ഞു. സ്വപ്നയ്ക്ക് എന്തുവേണമെങ്കിലും പറയാം. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് സ്വപ്നയോട് തന്നെ ചോദിക്കണമെന്നും വിജയ് സാഖറെ പറഞ്ഞിരുന്നു. ഷാജ് കിരണിന്റെ ഫോണിൽ എഡിജിപി നിരന്തരം വിളിച്ചിരുന്നു എന്നാണ് ഇന്നലെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
എന്നാൽ എം.ആർ അജിത് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷാജ് കിരൺ കൊച്ചിയിൽ മാധ്യമ പ്രവർത്തകനായിരിക്കെ സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്നു എം.ആർ.അജിത് കുമാർ. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് എം.ആർ.അജിത് കുമാർ പറഞ്ഞാണെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ രഹസ്യമൊഴി വന്നതിന് പിറകെ സരിത്തിനെ പിടിച്ചുകൊണ്ടുപോയി ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ് ഷാജ് കിരണിന്റെ കാര്യത്തിൽ സ്വീകരിക്കുന്ന മെല്ലപ്പോക്കും വിമർശനത്തിന് ഇടയാക്കി.
മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ദൂതനെന്ന് പരിചയപ്പെടുത്തി ഷാജ് കിരൺ സമീപിച്ചെന്നും മൊഴി മാറ്റിയില്ലെങ്കിൽ ദീർഘകാലം ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ.
മറുനാടന് മലയാളി ബ്യൂറോ