- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്താണ് എംആർഐ സ്‌കാൻ ? മറ്റു സ്‌കാനുകളുമായി ഇതിനുള്ള വ്യത്യാസം എന്താണ് ?; നമ്മുടെ നാട്ടിൽ ഇന്ന് കൂടുതൽ വ്യാപകമായി ലഭ്യമായിക്കൊണ്ടിരിക്കുന്ന എംആർഐ സ്കാനറിനെക്കുറിച്ച് കൂടുതൽ അറിയാം
തിരുവനന്തപുരം:എംആർഐ സ്‌കാനറിൽ പ്രവേശിച്ച രോഗിയുടെ സഹായി ഓക്‌സിജൻ സിലിണ്ടർ ഇടിച്ചു മരിച്ച ദാരുണമായ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. എന്നാൽ പല മാധ്യമങ്ങളും പല രീതിയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എംആർഐ വളരെ സുരക്ഷിതമായ ഒരു സ്‌കാനാണെങ്കിലും ഇതിന്റെ അശ്രദ്ധമായ ഉപയോഗം ലോകത്താകമാനം ഇത്തരത്തിലുള്ള അപകടങ്ങൾ ചെറിയ അളവിലാണെങ്കിലും ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു മുൻപേ തന്നെ ഒരു മരണമെങ്കിലും ഉണ്ടായിട്ടുമുണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തത് 2001ൽ ന്യൂയോർക്കിൽ വച്ചാണ്. മൈക്കൽ കൊളംബിനി എന്ന ആറു വയസ്സുകാരനെ എംആർഐ സ്‌കാൻ ചെയ്യുന്നതിനുവേണ്ടി യന്ത്രത്തിൽ കിടത്തിയിരിക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുവന്ന നേഴ്‌സ് അലൂമിനിയം കൊണ്ട് നിർമ്മിച്ചതെന്നു കരുതപ്പെട്ട ഒരു ഓക്‌സിജൻ സിലിണ്ടറും കൂടെ കൊണ്ടു വന്നിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അത് ഇരുമ്പുകൊണ്ട് നിർമ്മിച്ച സിലിണ്ടറായിരുന്നു. സ്‌കാൻ ചെയ്യാൻ കുട്ടിയെ കിടത്തിയ ഉടനെ ഓക്‌സിജൻ സിലിണ്ടർ യന്ത്രത്തിനകത്തേക്കു കുതിക്കുകയും കുട്ടിയ
തിരുവനന്തപുരം:എംആർഐ സ്‌കാനറിൽ പ്രവേശിച്ച രോഗിയുടെ സഹായി ഓക്‌സിജൻ സിലിണ്ടർ ഇടിച്ചു മരിച്ച ദാരുണമായ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. എന്നാൽ പല മാധ്യമങ്ങളും പല രീതിയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എംആർഐ വളരെ സുരക്ഷിതമായ ഒരു സ്‌കാനാണെങ്കിലും ഇതിന്റെ അശ്രദ്ധമായ ഉപയോഗം ലോകത്താകമാനം ഇത്തരത്തിലുള്ള അപകടങ്ങൾ ചെറിയ അളവിലാണെങ്കിലും ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു മുൻപേ തന്നെ ഒരു മരണമെങ്കിലും ഉണ്ടായിട്ടുമുണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തത് 2001ൽ ന്യൂയോർക്കിൽ വച്ചാണ്. മൈക്കൽ കൊളംബിനി എന്ന ആറു വയസ്സുകാരനെ എംആർഐ സ്‌കാൻ ചെയ്യുന്നതിനുവേണ്ടി യന്ത്രത്തിൽ കിടത്തിയിരിക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുവന്ന നേഴ്‌സ് അലൂമിനിയം കൊണ്ട് നിർമ്മിച്ചതെന്നു കരുതപ്പെട്ട ഒരു ഓക്‌സിജൻ സിലിണ്ടറും കൂടെ കൊണ്ടു വന്നിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അത് ഇരുമ്പുകൊണ്ട് നിർമ്മിച്ച സിലിണ്ടറായിരുന്നു. സ്‌കാൻ ചെയ്യാൻ കുട്ടിയെ കിടത്തിയ ഉടനെ ഓക്‌സിജൻ സിലിണ്ടർ യന്ത്രത്തിനകത്തേക്കു കുതിക്കുകയും കുട്ടിയുടെ തലയിൽ ചെന്ന് ഇടിക്കുകയും ചെയ്തു. ഇതിൽ നിന്നേറ്റ പരിക്കുകളിൽ നിന്ന് ആ ആറു വയസ്സുകാരൻ മരണപ്പെട്ടു.
നമ്മുടെ നാട്ടിൽ ഇന്ന് കൂടുതൽ വ്യാപകമായി ലഭ്യമായിക്കൊണ്ടിരിക്കുന്ന ഈ സ്‌കാനിനെ പറ്റി കൂടുതൽ അറിയാം. എന്തുകൊണ്ടാണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത് എന്നു പരിശോധിക്കുകയും ചെയ്യാം.
1. എന്താണ് എംആർഐ സ്‌കാൻ ? മറ്റു സ്‌കാനുകളുമായി ഇതിനുള്ള വ്യത്യാസം എന്താണ് ?
ശരീരഭാഗങ്ങളുടെ ആന്തരിക ചിത്രങ്ങൾ ലഭിക്കാൻ നാമുപയോഗിക്കുന്ന സംവിധാനങ്ങളായ എക്‌സ് റേ, സിടി സ്‌കാൻ എന്നിവ അമിതമായാൽ ശരീരത്തിനു ദോഷം ചെയ്യുന്ന റേഡിയേഷൻ ഉപയോഗിക്കുന്ന സംവിധാനങ്ങളാണ്. എന്നാൽ ഇതിൽനിന്നു തികച്ചും വ്യത്യസ്തമാണ് എംആർഐ സ്‌കാൻ. അതിശക്തമായ ഒരു കാന്തം ഉപയോഗിച്ച് ശരീരത്തിന്റെ ആന്തരിക ഘടന കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് എംആർഐ സ്‌കാൻ ഉപയോഗിക്കുന്നത്. ശരീരത്തിനു ഹാനികരമായ റേഡിയേഷനുകൾ ഒന്നും ഉപയോഗിക്കാത്തതിനാൽ സുരക്ഷിതമാണ് ഈ സ്‌കാൻ.
2. അതിശക്തമായ കാന്തം എന്നു പറയുമ്പോൾ ?
സങ്കല്പാതീതമായ ശക്തിയാണ് എം.ആർ.ഐ യന്ത്രത്തിന്റെ കാന്തത്തിന്. ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ പതിനായിരക്കണക്കിനു മടങ്ങു ശക്തിയുണ്ട് ഈ യന്ത്രത്തിന്റെ കാന്തികക്ഷേത്രത്തിന്. ഭൗമോപരിതലത്തിലുള്ള ഭൂമിയുടെ കാന്തികക്ഷേത്രം വെറും മുപ്പതു മൈക്രോ ടെസ്ല ആണെങ്കിൽ സാധാരണ കാണുന്ന ഒരു ഒന്നര ടെസ്ല (1.5 ഠ) എംആർഐ യന്ത്രത്തിന് അതിന്റെ അമ്പതിനായിരം മടങ്ങു ശേഷിയുണ്ട്. ഇത്തരം ശക്തമായ കാന്തിക ക്ഷേത്രത്തിൽ ശരീരത്തിലെ വെള്ളത്തിനു പോലും കാന്തികമായ അനുരണനങ്ങൾ ഉണ്ടാകും. ശരീരത്തിലെ വെള്ള-തന്മാത്രകളിലെ ഹൈഡ്രജൻ ആറ്റങ്ങളെ ശക്തമായ കാന്തികക്ഷേത്രം എങ്ങനെ സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കിയാണ് ഈ സ്‌കാൻ ശരീരത്തിന്റെ ആന്തരിക ഘടന തിരിച്ചറിയുന്നത്.
3 . അത്രയും ശക്തമായ കാന്തികക്ഷേത്രം ഉണ്ടെങ്കിൽ പ്രശ്‌നമാകില്ലേ ?
കാന്തം ആകർഷിക്കുന്നതും കാന്തം ആകർഷിക്കാത്തതുമായ വസ്തുക്കൾ ഉണ്ട് എന്നു നിങ്ങൾക്ക് അറിയാമല്ലോ. ശരീരം പോലെ കാന്തം ആകർഷിക്കാത്ത വസ്തുക്കളിൽ ഈ കാന്തികക്ഷേത്രം തകരാറൊന്നും വരുത്തില്ല. എന്നാൽ കാന്തം ആകർഷിക്കുന്ന വസ്തുക്കളെ അതീവ ശക്തമായി ആകർഷിക്കാൻ ഈ യന്ത്രത്തിനു സാധിക്കും. ഇതാണ് ഈ യന്ത്രം മൂലമുള്ള പല അപകടങ്ങളിലേക്കും നയിച്ചിട്ടുള്ളത്.
ഉദാഹരണത്തിന് ആശുപത്രികളിൽ ഉപയോഗിക്കുന്ന കട്ടിലുകൾ, ഉന്തു വണ്ടികൾ, ഓക്‌സിജൻ സിലിണ്ടർ തുടങ്ങി ഇരുമ്പിൽ നിർമ്മിച്ച വസ്തുക്കളൊന്നും എംആർഐ സ്‌കാനറിന്റെ സമീപത്തേക്കു കൊണ്ടുവരാൻ പാടുള്ളതല്ല. അങ്ങനെ ചെയ്താൽ അതിവേഗത്തിൽ ഇവ യന്ത്രത്തിനു നേരെ കുതിക്കുകയും ഇവയ്ക്ക് ഇടയിൽ പെടുന്നവർക്ക് മാരകമായ പരിക്കേൽക്കുകയും ചെയ്യും.
കൂടാതെ ഇത്തരത്തിലുള്ള വസ്തുക്കൾ യന്ത്രത്തിൽ വന്നു പതിക്കുമ്പോൾ യന്ത്രത്തിനുണ്ടാകുന്ന തകരാറുകൾ മൂലവും അപകടം സംഭവിക്കാം. ഉയർന്ന അളവിൽ വൈദ്യുതി പ്രവഹിക്കുന്ന യന്ത്രത്തിലെ കാന്തിക ചുരുളുകളിൽ നിന്ന് വൈദ്യുതി പ്രവഹിക്കുകയോ തീപ്പിടുത്തം ഉണ്ടാവുകയോ ചെയ്യാം. ഈ കാന്തിക ചുരുളുകൾ അതിചാലകതയിൽ (ൗെുലൃരീിറൗരശേ്ശ്യേ) നിലനിർത്താൻ മൈനസ് 269 ഡിഗ്രി സെൽഷ്യസിൽ ഉള്ള ദ്രാവക ഹീലിയമാണ് ഉപയോഗിക്കുന്നത്. ഇതു യന്ത്രത്തിനു പുറത്തേക്ക് ലീക്ക് ചെയ്തും അപകടമുണ്ടാകാം.
ഇൻഡക്ഷൻ കുക് ടോപ്പിൽ വച്ചിരിക്കുന്ന പാത്രം ചൂട് പിടിക്കുന്നതു പോലെ എംആർഐ യന്ത്രത്തിന് അകത്തു കടക്കുന്ന ലോഹഭാഗങ്ങൾക്കും ചൂടുപിടിക്കാം. ഇതു ഗുരുതരമായ പൊള്ളലേയ്ക്കു നയിക്കാനും സാധ്യതയുണ്ട്.
4. ഇത്തരത്തിലുള്ള അപകടങ്ങൾ തടയാൻ എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത് ?
അപകടങ്ങൾ തടയുന്നതിന് എംആർഐ യന്ത്രം വളരെ ഉയർന്ന സുരക്ഷയിൽ കാന്തികതരംഗങ്ങൾ കടത്തിവിടാത്ത മുറിയിലാണ് സ്ഥാപിക്കുന്നത്. അപകടം ഉണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ ഒരു ലിസ്റ്റ് ഈ മുറിക്ക് പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ടാകും. അവിടെ നിൽക്കുന്ന ടെക്‌നീഷ്യൻ ഈ വിവരങ്ങളെല്ലാം കൃത്യമായി രോഗിയെയും ബന്ധുവിനെയും ധരിപ്പിക്കുകയും ചെയ്യുന്നു. താക്കോൽ, കോയിനുകൾ, മൊബൈൽ ഫോൺ തുടങ്ങി എല്ലാ ലോഹ വസ്തുക്കളും മുറിയുടെ പുറത്ത് ഉപേക്ഷിക്കണം. ഒന്നും മറന്നു പോയിട്ടില്ല എന്നത് ഒരു മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്യും. മെഡിക്കൽ ഉപകരണങ്ങൾ എന്തെങ്കിലും രോഗിക്ക് ആവശ്യമുണ്ടെങ്കിൽ എംആർഐ സ്‌കാനറിന്റെ അകത്ത് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ നിർമ്മിച്ച ഉപകരണങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകും. അലൂമിനിയത്തിൽ നിർമ്മിച്ച ഓക്‌സിജൻ സിലിണ്ടറുകളും ടൈറ്റാനിയം ഇമ്പ്‌ലാന്റുകളും മറ്റുമായി അത്തരത്തിലുള്ള ഉപകരണങ്ങൾ ഇന്നു ലഭ്യമാണ്.
5 . ശരീരത്തിൽ വല്ല ലോഹവും പിടിപ്പിച്ച ആളാണെങ്കിലോ രോഗി ? ഉദാഹരണത്തിന് എല്ലിന് കമ്പിയിട്ട ആളോ മറ്റോ ആണെങ്കിൽ ?
എല്ലിന്റെ ശസ്ത്രക്രിയയിലും മറ്റും ഉപയോഗിക്കുന്ന കമ്പികൾ പലതും എംആർഐ സ്‌കാനിൽ ഉപയോഗിക്കാൻ സുരക്ഷിതമായ രീതിയിൽ നിർമ്മിച്ചിട്ടുള്ളവയാണ്. ഇത്തരത്തിലുള്ള കമ്പികളാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ സുരക്ഷിതമായി സ്‌കാൻ എടുക്കാവുന്നതാണ്. എന്നാൽ കോക്ലിയർ ഇംപ്‌ളാന്റുകൾ, പെയ്‌സ് മേക്കർ, അപകടത്തിലോ യുദ്ധത്തിലോ മറ്റോ ശരീരത്തിൽ കുടുങ്ങിപ്പോയ ലോഹ വസ്തുക്കൾ എന്നിവ ഉള്ളവരിൽ എംആർഐ സ്‌കാൻ ചെയ്യാൻ സാധിക്കില്ല. ചെയ്താൽ അത് ഈ ഉപകരണങ്ങൾ തകരാറിലാകുന്നതിലേക്കോ ഗുരുതരമായ പരിക്കിലേക്കോ മരണത്തിലേക്കു വരെയോ നയിക്കാം. ഈയിടെയായി ശരീരത്തിൽ പിടിപ്പിക്കുന്ന പല ലോഹ ഉപകരണങ്ങളും എംആർഐ ചെയ്താൽ തകരാറു വരാത്ത ടൈറ്റേനിയം പോലെയുള്ള ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഉപകരണങ്ങളാണ് ശരീരത്തിൽ ഉള്ളതെങ്കിൽ സുരക്ഷിതമായി സ്‌കാൻ എടുക്കാവുന്നതാണ്.
വേണ്ട മുൻകരുതലുകൾ എടുത്താൽ ഏറ്റവും സുരക്ഷിതമായ സ്‌കാൻ സംവിധാനങ്ങളിൽ ഒന്നാണ് എംആർഐ സ്‌കാൻ. താരതമ്യേന പുതിയ സാങ്കേതിക വിദ്യയായതിനാൽ സുരക്ഷയെപ്പറ്റിയുള്ള ബോധവൽക്കരണം ആരോഗ്യ പ്രവർത്തകർക്കു പോലും വേണ്ടത്ര ലഭിക്കാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്.
കടപ്പാട്: ഇൻഫോ ക്ലിനിക്ക്