- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മംഗളൂർ സുള്ല്യയിൽ ബിനീഷനും ജലീലിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കും ഏക്കറു കണക്കിന് ഭൂമി? ഇഡി ഇനി ചോദ്യം ചെയ്യുന്നത് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പൊലീസിനെ ഭരിച്ച അതിവിശ്വസ്തനെ; ജലീലിന്റെ പേഴ്സണൽ സ്റ്റാഫിലെ ഉന്നതന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ സംശയ നിഴലിൽ; സി ആപ്റ്റിലെ വാഹനം ബംഗളൂരുവിലേക്ക് പോയതിന് പിന്നിലെ അദൃശ്യ കരത്തെ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; സിപിഎം സെക്രട്ടറിയുടെ അതിവിശ്വസ്തൻ എം രാഘവനും നിരീക്ഷണത്തിൽ
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ അസിസ്റ്റന്റ്റ് പ്രൈവറ്റ് സെക്രട്ടറി എം.രാഘവനെ എൻഫോഴ്സ്മെന്റ് ഡയരക്ടറെറ്റ് ചോദ്യം ചെയ്തേക്കും. മന്ത്രി ജലീലിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തതിന് പുറകെയാണ് മന്ത്രി ഓഫീസിലെ ഈ ഉന്നതനെക്കൂടി ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്.
ജലീലിന്റെ ഇടപാടുകളെക്കുറിച്ചോ ജലീലുമായുള്ള ബന്ധത്തിന്റെ പുറത്തോ അല്ല ഈ ചോദ്യം ചെയ്യൽ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകൻ ബിനീഷുമായി രാഘവനുള്ള സംശയാസ്പദമായ റിയൽ എസ്റ്റേറ്റ് ബന്ധത്തെക്കുറിച്ച് അറിയാനാണ് ഈ ചോദ്യം ചെയ്യൽ എന്നാണ് അറിയുന്നത്. പ്നയുമായുള്ള ബന്ധത്തിന്റെ പേരിലും ലഹരിമരുന്നു കടത്ത്-സ്വർണ്ണക്കടത്ത്-റിയൽ എസ്റ്റേറ്റ് ബന്ധത്തിന്റെ പേരിലും ബിനീഷ് കോടിയേരിയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. പന്ത്രണ്ടു മണിക്കൂർ എടുത്താണ് ഈ ചോദ്യം ചെയ്യൽ ഇഡി പൂർത്തിയാക്കിയത്.
ബിനീഷിനെ ചോദ്യം ചെയ്തതിന് തൊട്ടു പിറകെയാണ് ബിനീഷുമായി ഉറ്റബന്ധമുള്ള രാഘവനെക്കൂടി ചോദ്യം ചെയ്യാൻ ഇഡി തയ്യാർ എടുക്കുന്നത്. സംശയാസ്പദമായ റിയൽ എസ്റ്റേറ്റ് ബന്ധത്തിന്റെ പേരിലാണ് ഈ ചോദ്യം ചെയ്യൽ. മംഗളൂര് സുള്ല്യയിൽ ഏക്കർ കണക്കിന് ഭൂമി ബിനീഷ്-രാഘവൻ ഉടമസ്ഥതയിൽ ഉണ്ട് എന്നാണ് ഇഡിക്ക് ലഭിച്ച വിവരം. ബിനീഷ്-രാഘവൻ കൂട്ട് കേട്ട് ശക്തമാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ തെളിവുകളിൽ നിന്ന് ഇഡിക്ക് ബോധ്യമായിട്ടുണ്ട്. ഭൂമി ഇവരുടെ പേരിലാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷെ ഈ ഭൂമി ഇടപാടുമായി ബിനീഷ്-രാഘവൻ കൂട്ടുകെട്ടിനു ബന്ധമുണ്ട് എന്നാണ് ലഭിച്ച സൂചനകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നീക്കം.
ബിനീഷിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി മന്ത്രി ജലീലിനെ ചോദ്യം ചെയ്തത്. ജലീലിനെ ചോദ്യം ചെയ്തതിന് ശേഷവും ബിനീഷിനെ കൂടുതൽ ചോദ്യം ചെയ്യും എന്ന് തന്നെയാണ് ഇഡി വൃത്തങ്ങൾ വ്യകതമാക്കിയിട്ടുള്ളത്. ഇതിന്റെ തൊട്ടു പിറകെ രാഘവനെക്കൂടി ചോദ്യം ചെയ്യുന്നത് സ്വർണ്ണക്കടത്ത്-ലഹരി മരുന്ന് കടത്തിൽ പ്രതിസന്ധിയിൽ നിൽക്കുന്ന സിപിഎമ്മിന് കടുത്ത ആഘാതമാകും. സിപിഎമ്മിന്റെ അതീവ വിശ്വസ്തനാണ് രാഘവൻ എന്നിരിക്കെ സ്വർണ്ണക്കടത്ത്-ലഹരി മരുന്ന് കേസിൽ പിടിച്ച് നിൽക്കാനുള്ള വഴികൾ തേടുമ്പോൾ കുരുക്ക് മുറുകുന്ന അവസ്ഥയാണ് പാർട്ടിക്ക് മുന്നിലുള്ളത്. രാഘവനെ ചോദ്യം ചെയ്തതിന് ശേഷം ബിനീഷിന്റെ റിയൽ എസ്റ്റേറ്റ് ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ബിനീഷിനെ വീണ്ടും ഇഡി ചോദ്യം ചെയ്തേക്കും.
ബിനീഷിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഈ വിശ്വസ്തനെ ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്. ജലീലുമായി ഒറ്റ ബന്ധം രാഘവനില്ല എന്നാണ് ഇഡിക്ക് ലഭിച്ച വിവരം. പക്ഷെ ബംഗളൂരുവിൽ പഠിക്കാൻ പോയ രാഘവന്റെ മകനും ബിനീഷിനും തമ്മിൽ ബന്ധമുണ്ടെന്ന വിവരവും ഇഡിക്ക് ലഭിച്ചതായി സൂചനയുണ്ട്. അതോടൊപ്പം ജലീലുമായി ബന്ധപ്പെട്ട ദുരൂഹമായ യുഎഇ കോൺസുലേറ്റ് ഇടപാടിൽ രാഘവന്റെ മകന് പങ്കുണ്ടോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്. യുഎഇ കോൺസുലെറ്റിൽ നിന്നും മന്ത്രി ജലീലിനു ലഭിച്ച ദുരൂഹമായ പാർസലുമായി സി ആപ്റ്റിന്റെ ഒരു വാൻ ബംഗളൂരുവിലെക്ക് പോയിട്ടുണ്ട്. ഈ വാൻ ബംഗളൂരുവിലെക്ക് പോയതിൽ രാഘവന്റെ മകന് ബന്ധമുണ്ടോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്.
സിപിഎമ്മിന്റെ പ്രതിനിധിയായാണ് ജലീലിന്റെ പേഴ്സണൽ സ്റ്റാഫിൽ എം.രാഘവൻ തുടരുന്നത്. ജലീൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി സ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയായി മാറിയപ്പോൾ ജലീലിന്റെ പേഴ്സണൽ സ്റ്റാഫിലെ ഏതാണ്ട് മുഴുവൻ പേരും എസി മൊയ്തീന്റെ സ്റ്റാഫിലേക്ക് പോയി. പക്ഷെ രാഘവന് സ്ഥാന ചലനം സംഭവിച്ചില്ല. സിപിഎം പാർട്ടി പ്രതിനിധിയായാണ് രാഘവൻ ജലീലിന്റെ സ്റ്റാഫിൽ ഇടംപിടിച്ചത് എന്നതുകൊണ്ടാണ് ഇതിൽ മാറ്റമില്ലാതിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രി പദവിയുൾപ്പെടെ വഹിച്ചപ്പോൾ മുതൽ കോടിയേരിയുടെ സ്റ്റാഫിൽ തുടർന്ന വ്യക്തിയാണ് രാഘവൻ. കോടിയേരിയുടെ നിർദ്ദേശപ്രകാരമാണ് ജലീലിന്റെ സ്റ്റാഫിൽ രാഘവൻ ഇടംപിടിച്ചത് എന്നും ഇഡിക്ക് വ്യക്തമായിട്ടുണ്ട്. പക്ഷെ ബിനീഷ് കോടിയേരിയുമായി നിലനിന്ന റിയൽ എസ്റ്റേറ്റ് ബന്ധങ്ങളാണ് രാഘവന് വിനയായി മാറുന്നത്. ഇഡിയുടെ ചോദ്യം ചെയ്യലിൽ ഇതിന്റെ വാസ്തവങ്ങൾ വ്യക്തമായെക്കും.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു പിന്നാലെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യും. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇതിനു ഉടൻ നോട്ടീസ് നൽകും. യു.എ.ഇ. കോൺസുലേറ്റിൽനിന്ന് നയതന്ത്ര ബാഗിലെ പായ്ക്കറ്റുകൾ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സി-ആപ്റ്റിന്റെ ഓഫീസിൽ എത്തിയിരുന്നു. സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ എത്തിച്ച പായ്ക്കറ്റുകളിൽ മതഗ്രന്ഥമാണെന്നാണ് മന്ത്രി അവകാശപ്പെട്ടു. ഇതിൽ കസ്റ്റംസ് പ്രിവന്റീവ് സംഘം വിശദപരിശോധന നടത്തിയിരുന്നു. ബാഗേജിന്റെ തൂക്കവ്യത്യാസമാണ് കസ്റ്റംസിന് സംശയം ജനിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ വരുന്നത്.
അതേസമയം സ്വപ്ന സുരേഷുമായുള്ള ബന്ധം ഔദ്യോഗികം മാത്രമാണെന്നാണ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിൽ മന്ത്രി കെ.ടി ജലീൽ മൊഴി നൽകിയത്. സ്വപ്നയോട് നല്ല ബന്ധമാണുണ്ടായിരുന്നതെന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് ഇത്തരം ബന്ധങ്ങൾ താൻ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും ജലീൽ പറഞ്ഞിട്ടുണ്ട്. മന്ത്രി പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതുകൊണ്ടുകൂടിയാണ് ജലീലിനെ വീണ്ടും ചോദ്യംചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
രണ്ടര മണിക്കൂറോളമാണ് ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകുന്ന വേളയിൽ മന്ത്രി ഔദ്യോഗിക വാഹനം ഒഴിവാക്കിയതും വിവാദമായിട്ടുണ്ട്. മലപ്പുറത്തെ മേൽവിലാസത്തിൽ നോട്ടീസ് ലഭിച്ചതു കൊണ്ടാണ് ഔദ്യോഗിക വാഹനം ഉപയോഗിക്കാത്തത് എന്നാണ് മന്ത്രിയുടെ വിശദീകരണം.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.